We Talk

ലീഗിൽ ഒഴിവായതു മൂന്നാമത്തെ പിളർപ്പ്

ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചതോടെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലെ മൂന്നാമത്തെ പിളര്‍പ്പാണ് ഫലത്തില്‍  ഒഴിവായിരിക്കുന്നത്.  ആദ്യ രണ്ടു പിളര്‍പ്പിനും പ്രചോദനം നല്‍കിയ സിപിഎമ്മിന്റെ പ്രതീക്ഷകള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.  കോണ്‍ഗ്രസിനും യു ഡി എഫിനും പറഞ്ഞറിയിക്കാനാവാത്ത  ആശ്വാസവും.  
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏതുവിധേനയും ലീഗിനെ ഇടതു മുന്നണിയില്‍ എത്തിക്കാനുള്ള തീവ്ര ശ്രമം സിപിഎം നടത്തിക്കൊണ്ടിരിക്കയായിരുന്നു. ഇതിനായി ലീഗിനെ കുറിച്ചുള്ള മുന്‍ നിലപാടുകളില്‍ സിപിഎം മാറ്റം വരുത്തുകയും ചെയ്തു.

      മുസ്‌ലിം ലീഗുമായി തൊട്ടുകൂടായ്മയുള്ള പാര്‍ട്ടിയൊന്നുമല്ല സിപിഎം. 1967 ലെ ഇ എം എസ് മന്ത്രിസഭയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഘടകകക്ഷി ആയിരുന്നു. എന്നാല്‍, അതിനു ശേഷം കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്ന  ലീഗിനെ ഇടതുപക്ഷത്തിന് പിന്നീട് ഒരിക്കലും  പൂര്‍ണരൂപത്തില്‍ ലഭിച്ചിട്ടില്ല. .1970 ലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പങ്കാളിയായ ലീഗ് കുറച്ചു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസുമായി പല വിഷയങ്ങളിലും ഇടഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് നീതി കിട്ടുന്നില്ല എന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ പരാതി. അതു
1975  ല്‍ ലീഗിനെ  ആദ്യ പിളര്‍പ്പിലേക്ക് എത്തിച്ചു.  പിളര്‍പ്പിന് ഇത് മാത്രമായിരുന്നില്ല കാരണം.  അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മരണത്തെ തുടര്‍ന്ന് പിന്‍ഗാമിയായി പാണക്കാട് പൂക്കോയ തങ്ങളെ ലീഗ് സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. ബാഫഖി തങ്ങളുടെ മരുമകന്‍ ഉമ്മര്‍ ബാഫഖി തങ്ങളെ പ്രസിഡന്റ് ആക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അതും പിളര്‍പ്പിന് കാരണമായി.   സിപിഎമ്മിന്റെ ആശീര്‍വാദങ്ങളോടെയായിരുന്നു പിളര്‍പ്പ്.  എം കെ ഹാജി പ്രസിഡന്റും ഹമീദലി ഷംനാട് ജനറല്‍ സെക്രട്ടറിയുമായി അന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗുണ്ടാക്കി. കേരള നിയമസഭയില്‍ ലീഗിന്റെ പന്ത്രണ്ടു എം ല്‍ എ മാരില്‍ ഏഴു പേരും പാര്‍ട്ടിയുടെ സംസ്ഥാനത്തെ തലമുതിര്‍ന്ന നേതാക്കളില്‍ ഭൂരിഭാഗവും അന്ന് അഖിലേന്ത്യാ ലീഗിലായിരുന്നു. 1980 ല്‍ ഇ കെ  നായനാര്‍ മന്ത്രിസഭയില്‍ അഖിലേന്ത്യാ ലീഗിന് സിപിഎം പ്രാതിനിധ്യവും നല്‍കി. എന്നാല്‍,  അണികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനോടൊപ്പമായിരുന്നു. അഖിലേന്ത്യാ ലീഗിലെ ഘടാഘടകന്മാരോട് എതിരിടാന്‍ ഐ യു എം എല്ലിന് ആകെ ഒരു സി എച് മുഹമ്മദ് കോയ മതിയായിരുന്നു. അഖിലേന്ത്യാ ലീഗിനെ അന്ന് വത്തക്ക ലീഗ് എന്ന് സി എച് വിശേഷിപ്പിച്ചത് പ്രസിദ്ധമാണ്. പുറമെ പച്ച, മുറിച്ചാല്‍ അകം ചുകപ്പ് അതായിരുന്നു സിഎച്ചിന്റെ പരിഹാസം.
1985 ല്‍ ഷാബാനു കേസ് വിധി വന്ന ശേഷം  മുസ്ലിംവ്യക്തിനിയമങ്ങള്‍ക്കെതിരെ സിപിഎം ശക്തമായ നിലപാട് എടുക്കുകയും ഇ എം എസിന്റെ നേതൃത്വത്തില്‍ ശരീഅത് വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തപ്പോള്‍ സമുദായത്തിന്റെ ഭാവി മുന്നില്‍ കണ്ടു അഖിലേന്ത്യാ ലീഗ് പിരിച്ചു വിട്ടു ലീഗ് ഒന്നായി. ഗള്‍ഫിലെ പ്രമാണിമാരായ ചിലര്‍ മുന്‍കൈയെടുത്താണ് ഐക്യം സാധിപ്പിച്ചത്.
1992 ലെ  ബാബരി മസ്ജിദ് പിളര്‍പ്പിന്റെ പ്രത്യാഘാതമായിരുന്നു ലീഗിലെ രണ്ടാമത്തെ പിളര്‍പ്പ്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കണമെന്ന പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സമ്മര്‍ദ്ദത്തില്‍ ഒരു ഘട്ടത്തില്‍ യു ഡി എഫ് വിട്ടു ലീഗ് പുറത്തേക്കു വന്നെങ്കിലും അതേ വേഗത്തില്‍  തിരിച്ചു പോയി. അന്ന് ലീഗിനെ കൂടെ കൂട്ടാന്‍ സിപിഎം ഒരുക്കമായിരുന്നില്ല. എന്നാല്‍, സുലൈമാന്‍ സേട്ടിനെ മുന്നില്‍ നിര്‍ത്തി മുസ്‌ലിം ലീഗില്‍ രണ്ടാമത്തെ പിളര്‍പ്പ് യാഥാര്‍ഥ്യമാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗിന്റെ വരെ ഒത്താശയോടെയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് രുപീകരിച്ചത്. പാര്‍ട്ടിയുടെ പേരും ഭരണഘടനയുമെല്ലാം  തയ്യാറാക്കിയത് സിപിഎം നിര്‍ദേശ പ്രകാരത്തോടെ ആയിരുന്നെങ്കിലും ഐ എന്‍ എല്ലിനെ  എല്‍ ഡി എഫില്‍  എടുക്കുന്നതില്‍ എതിര്‍പ്പ് വന്നു. വി എസ് അച്യുതാനന്ദനും സിപി ഐയും എതിര്‍ത്തതിനാല്‍ വര്‍ഷങ്ങളോളം ഐ എന്‍ എല്‍ പുറത്തു നിന്നു . ഇതിനിടയില്‍ ആ പാര്‍ട്ടി ഒരു ഘട്ടത്തില്‍ യു ഡി എഫിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. വീണ്ടും എല്‍ ഡി എഫ് അനുകൂലമായെങ്കിലും മതേതരത്വം തെളിയിച്ച ശേഷം മാത്രം  മുന്നണി പ്രവേശം എന്ന സിപിഎം നിബന്ധന ഐ എന്‍ എലിനു പ്രതിബന്ധമായി.  എന്തിനു ഐ എന്‍ എലിനെ എടുക്കണം , മുസ്‌ലിം ലീഗിനെ തന്നെ എടുത്തു കൂടേ എന്ന നിലയിലേക്ക് സിപിഎം അതിവേഗം മാറി.  അതിനു വേണ്ടിയുള്ള തീവ്ര ശ്രമങ്ങള്‍ പല നിലയ്ക്കും നടന്നു. ലീഗിന്റെ തലപ്പത്തെ പ്രമുഖരില്‍ പലര്‍ക്കും സിപിഎം മുന്നണിയിലേക്ക് മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും പാര്‍ട്ടിയില്‍ ഭൂരിഭാഗവും എതിരായതിനാല്‍ നടന്നില്ല.  ഐ യു എം എല്‍ , കോണ്‍ഗ്രസ് മുന്നണി വിട്ടു വരില്ലെന്ന് ഉറപ്പായതോടെ  രുപീകരണം കഴിഞ്ഞു കാല്‍ നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ ഐ എന്‍  എലിനെ സിപിഎം മുന്നണിയില്‍ ചേര്‍ത്തു . ഇതിനിടയില്‍ ഐ എന്‍ എല്ലിലെ ഗണ്യമായ വിഭാഗം മുസ്ലിം ലീഗിലേക്ക് തിരിച്ചു പോകുകയും മുന്നണി പ്രവേശത്തിന് പിന്നാലെ ഐ എന്‍ എല്‍ പിളരുകയും ചെയ്തു.

       ഇടതു മുന്നണിക്ക് തുടര്‍ ഭരണം കിട്ടിയ ശേഷം മുസ്‌ലിം ലീഗിന്റെ ഒരു വിഭാഗം  നേതാക്കളില്‍ മുന്നണി മാറ്റ പ്രതീക്ഷ വീണ്ടും നാമ്പിട്ടു. സിപിഎമ്മില്‍ ഇടക്കാല സെക്രട്ടറിയായി വന്ന  എ വിജയരാഘവന്‍  ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിച്ചെങ്കിലും പിന്നീട്  നിര്‍വചനങ്ങളില്‍ മാറ്റം വരുത്തി . ഇപ്പോള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത് ലീഗ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അവരുമായി സഹകരിക്കാമെന്നുമാണ്. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്തു പി കെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമുമായും ചില ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.  ഐ എന്‍ എല്‍ വിട്ടു ലീഗിലെത്തിയ സലാം പൊതുവില്‍ ഇടതു , പക്ഷപാതിയായാണ് അറിയപ്പെടുന്നത്. വൈത്തിരിയില്‍ അടുത്ത കാലത്തു നടന്ന ലീഗ് ക്യാമ്പില്‍ സംസാരിക്കവെ കോണ്‍ഗ്രസ്സുമായി അധികകാലം മുന്നോട്ടു പോകാനാവില്ലെന്നും ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും സലാം പറഞ്ഞിരുന്നു. ലീഗിനെ യു ഡി എഫില്‍ നിന്ന്  അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ സിപിഎം  ആസൂത്രിതമായി ആരംഭിക്കുകയും ലീഗിന്റെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണങ്ങള്‍  ഉണ്ടാകുകയും ചെയ്തപ്പോഴാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചു വന്നത്.  അതോടെ മുന്നണി മാറ്റ നീക്കങ്ങള്‍ നിലച്ചു. എന്നാല്‍, സിപിഎം പ്രതീക്ഷ കൈവിട്ടില്ല. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2019 ലെ ഗതി വരാതിരിക്കണമെങ്കില്‍ ലീഗ് ഒപ്പമുണ്ടായിരിക്കണമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോഴും സിപിഎം. ഏക സിവില്‍ കോഡ് വിഷയം വന്നപ്പോള്‍ മുന്‍കാല നിലപാടുകള്‍ മുഴുവന്‍ തള്ളിപ്പറഞ്ഞു അതിനു അനുകൂലമായി ഇറങ്ങിയതിന്റെ പിന്നിലെ ലക്ഷ്യം മുസ്‌ലിം വോട്ടുകള്‍ക്കപ്പുറം മറ്റൊന്നുമല്ല. സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം  തുടക്കത്തിലേ തള്ളിപ്പറയാതെ ക്ലൈമാക്‌സ് നില നിര്‍ത്തി ഒടുവില്‍ ഒറ്റക്കെട്ടായാണ് ലീഗ് നിരസിച്ചത്. പാണക്കാട്ടെ യോഗത്തില്‍ മറിച്ചൊരു തീരുമാനം ആണുണ്ടാകുന്നതെങ്കില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വഷളാവുകയും ലീഗിന് ഇടതു മുന്നണിയിലേക്കുള്ള വഴി തുറക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ലീഗിലെ മൂന്നാമത്തെ പിളര്‍പ്പിനും അത് കാരണമാകുമായിരുന്നു . പാര്‍ട്ടിയിലെ നേതാക്കളില്‍ ഒരു വിഭാഗവും അണികളില്‍ ഭൂരിഭാഗവും ഇപ്പോഴും കടുത്ത സിപിഎം വിരുദ്ധരാണെന്നതാണ് കാരണം.
എന്നാല്‍, ലീഗിനെ കിട്ടിയില്ലെങ്കിലും സമസ്തയിലെ ഇ കെ  എ പി സുന്നി വിഭാഗങ്ങളെ സെമിനാറില്‍ പങ്കെടുപ്പിക്കാന്‍  കഴിയുന്നത് സി പിഎമ്മിനു താത്കാലിക ലാഭമാണ്. ഏതായാലും ലീഗിന്റെ ഇടതു മുന്നണി പ്രവേശ ചര്‍ച്ചക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും ഇതോടെ ഇടവേള ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *