We Talk

കിടക്കമാറ്റിയപ്പോള്‍ നോട്ടിന്റെ കൂമ്പാരം; എണ്ണിതീര്‍ത്തത് നാട്ടുകാരുടെ സഹായത്തോടെ ; തൃശൂരില്‍ ഡോക്ടര്‍ പിടിയിലായപ്പോള്‍!

20 രൂപയുടേതു മുതല്‍ 2000 രൂപയുടേതു വരെയുള്ള നോട്ട് കെട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്.  നാളുകളായി ഇവ എടുക്കാതിരുന്നതിനാല്‍ റബര്‍ ബാന്‍ഡും കുറെയധികം നോട്ടുകളും ദ്രവിച്ച നിലയിലായിരുന്നു.

കേരളം കൈക്കൂലിക്കാരുടെ സ്വന്തം നാടാവുകയാണെന്ന വിമര്‍ശനങ്ങള്‍ ശക്തമാവുന്ന കാലമാണിത്. കഴിഞ്ഞമാസം,കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മണ്ണാര്‍ക്കാട് വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തത് 35 ലക്ഷം രൂപയായിരുനനു. മണ്ണാര്‍ക്കാട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിന്റെ ഒറ്റമുറി വാടക വീട്ടില്‍ നിന്നാണ് കറന്‍സി നോട്ടും നാണയങ്ങളുമായി 35 ലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്താന്‍ തന്നെ വിജിലിന്‍സ് സംഘം ഏറെ ബുന്ധിമുട്ടിയിരുന്നു. വാടകവീട്ടിലെ കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിയ രീതിയിലായിരുന്നു പണം കൂട്ടിയിട്ടിരുന്നത്. ഇയാള്‍ മുറി പൂട്ടാറുപോലും ഉണ്ടായിരുന്നില്ല. വൃത്തിഹീനമായ മുറിയില്‍ ഇത്രയേറെ പണം ഉണ്ടെന്ന് ആര്‍ക്കും അറിയുകയും ഉണ്ടായിരുന്നില്ല.

സമാനമായ ഒരു സംഭവത്തിനാണ് ഇപ്പോള്‍ തൃശൂരും സാക്ഷിയായിരിക്കുന്നത്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് 3000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം അസോസ്യേറ്റ്പ്രൊഫസര്‍ ഡോ. ഷെറി ഐസക്കിന്റെ (59) വിജിലന്‍സ് പിടികൂടിയത്. അസ്ഥിക്ക് പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി ചോദിച്ചതോടെയാണ് ഡോ. ഷെറി കുടുങ്ങിയത്. ഇയാളൂടെ വാടക വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വിജിലൻസ് സംഘം ശെരിക്കും ഞെട്ടിയത്. വീട്ടില്‍നിന്നു കണ്ടെടുത്തത് 15.20 ലക്ഷം രൂപയുടെ പൂത്ത കറന്‍സിയാണ്.

എണ്ണിത്തീര്‍ത്തത് നാട്ടുകാരുടെ സഹായത്തോടെ

മുളങ്കുന്നത്തുകാവ് ഹൗസിങ് ബോര്‍ഡ് സമുച്ചയത്തിലെ വാടകവീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കിടക്കയുടെ ഉള്ളിലും താഴെയുമായാണു പണം ഒളിപ്പിച്ചിരുന്നത്. വീട്ടില്‍ പണം സൂക്ഷിച്ചിട്ടില്ലെന്നു വാദിച്ചു റെയ്ഡിനോടു ഡോക്ടര്‍ സഹകരിക്കാതെ പിടിച്ചുനിന്നെങ്കിലും കിടക്ക നീക്കിയപ്പോള്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയായിരുന്നു. 20 രൂപയുടേതു മുതല്‍ 2000 രൂപയുടേതു വരെയുള്ള കെട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 2000 രൂപയുടെ മാത്രം 40 നോട്ടുകള്‍ കണ്ടെത്തി. 500 രൂപയുടെ കെട്ടുകളാണ് ഏറെയും. കിടക്കയ്ക്കു താഴെയും അലമാരയിലെ റാക്കുകളുടെ ഉള്ളിലും കെട്ടുകള്‍ കണ്ടെത്തി. പണം പൊതിഞ്ഞു കൊടുക്കാന്‍ ആളുകള്‍ ഉപയോഗിച്ച കവറുകളും ഏറെയുണ്ടായിരുന്നു. പൊട്ടിക്കാത്ത കവറുകളിലുള്ള നോട്ടുകളുമേറെ.

 50, 100, 200 രൂപാ നോട്ടുകള്‍ കെട്ടുകളാക്കി തിരിച്ച് ഇവ റബര്‍ ബാന്‍ഡിട്ടു സൂക്ഷിച്ചിരുന്നു. നാളുകളായി ഇവ എടുക്കാതിരുന്നതിനാല്‍ റബര്‍ ബാന്‍ഡും കുറെയധികം നോട്ടുകളും ദ്രവിച്ച നിലയിലായിരുന്നു. ശരിക്കും പൂത്ത പണം! ഇത് ക്യത്യമായി എണ്ണിത്തിട്ടപ്പെടുത്താന്‍ വിജിലന്‍സ് സംഘത്തിന് ഏറെ സമയം വേണ്ടിവന്നപ്പോള്‍ സഹായവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാട്ടുകാരുമെത്തി. നോട്ട് എണ്ണുന്ന മെഷീന്‍ എത്തിച്ചുകൊടുത്തത് ഇവരാണ്. മുഴുവന്‍ നോട്ടും രണ്ടു തവണ എണ്ണിത്തിട്ടപ്പെടുത്തി.

ഓട്ടുപാറയിലെ ക്ലിനിക്കില്‍ സ്വകാര്യ പ്രാക്ടീസിനിടെ ഇന്നലെ നാലിനാണ് ഡോ. ഷെറിയെ പിടികൂടിയത്. അപകടത്തില്‍ കയ്യിലെ അസ്ഥിക്കു രണ്ടിടത്തു പൊട്ടലേറ്റ് മെഡിക്കല്‍ കോളജിലെ ട്രോമാ കെയര്‍ സെന്ററിലെത്തിയ ആലത്തൂര്‍ കിഴക്കുംചേരി സ്വദേശിനിയായ യുവതിയോടു കൈക്കൂലി ചോദിച്ചതാണ് ഡോക്ടര്‍ കുടുങ്ങാന്‍ കാരണം.

ഭര്‍ത്താവിനെകൊണ്ട് ജോലി ചെയ്യിച്ചു

28ന് എത്തിയ യുവതിക്കു ശസ്ത്രക്രിയ നടത്തുന്നതിനു പകരം ഡോക്ടര്‍ അവരെ ഓര്‍ത്തോ വാര്‍ഡിലേക്കു മാറ്റി. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാതെ ശസ്ത്രക്രിയയ്ക്കു തയാറായി ഇരിക്കാന്‍ 3 തവണ ഡോക്ടര്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു രോഗി തയ്യാറെടുത്തെങ്കിലും 3 തവണയും ഡോക്ടര്‍ ശസ്ത്രക്രിയ മാറ്റിവച്ചു. കൈക്കൂലി ആവശ്യപ്പെടാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. വേദന സഹിക്കവയ്യാതെ രോഗി പരാതി പറഞ്ഞപ്പോഴാണു 3000 രൂപയുമായി ഓട്ടുപാറയിലെ ക്ലിനിക്കിലെത്താന്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് യുവതിയുടെ ഭര്‍ത്താവ് വിവരം വിജിലന്‍സിനെ അറിയിച്ചത്.

ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ, ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ യുവതിയുടെ ഭര്‍ത്താവ് ക്ലിനിക്കിലെത്തി കൈമാറുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. ഡോക്ടര്‍ പതിവായി കൈക്കൂലി വാങ്ങുന്നതായി വിവരമുണ്ടായിരുന്നതിനാല്‍ അതിവേഗം വാടകവീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 15,20,485 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്. എറണാകുളത്തു സ്ഥിരതാമസമാക്കിയ ഡോക്ടര്‍ വല്ലപ്പോഴുമാണ് വാടകവീട്ടിലെത്താറുള്ളൂ എന്നാണു വിവരം. ഡോക്ടറെ റിമാന്‍ഡ് ചെയ്തു.

അതേസമയം 3000 രൂപ കൈക്കൂലി വാങ്ങിയതിനു പുറമേ രോഗിയുടെ ഭര്‍ത്താവിനോടു തന്റെ വീട്ടിലെ ചില ജോലികള്‍ കൂടി ചെയ്തുതരാനും ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എസി മെക്കാനിക്കും പുല്ലുവെട്ടു തൊഴിലാളിയുമാണു യുവതിയുടെ ഭര്‍ത്താവ്. ഇക്കാര്യം ചോദിച്ചു മനസ്സിലാക്കിയ ശേഷമാണു വീട്ടിലെ എസിക്കു തകരാര്‍ ഉണ്ടെന്നും സൗജന്യമായി നന്നാക്കി നല്‍കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടത്. നിസ്സഹായനായ പരാതിക്കാരന്‍ ഇതു സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *