വിദ്യ ചുരത്തിൽ കീറികളഞ്ഞ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കൊച്ചിയില്‍ കണ്ടെത്തി
കൊച്ചി : വ്യാജ സര്ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗസ്റ്റ് അധ്യാപക തസ്തികയില്‍ പ്രവേശനം നേടാന്‍ ശ്രമിച്ച് അറസ്റ്റിലായ കെ.വിദ്യ അട്ടപ്പാടി ചുരത്തില്‍ കീറിയെറിഞ്ഞെന്ന് പറഞ്ഞ വ്യാജ സര്ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പോലീസ് കണ്ടെത്തി. മഹാരാജാസ് കോളേജിന്റെ പേരില്‍ തയ്യാറാക്കിയ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് അന്വേഷണം സംഘം കണ്ടെത്തിയത്. അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ ഗെസ്റ്റ് ലക്ചറര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായാണ് വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. അട്ടപ്പാടി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിൽ ഗൂഗിളിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്.
സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പാലാരിവട്ടത്തെ ഇന്‍റര്‍നെറ്റ് കഫേയിലേക്ക് അന്വേഷണം സംഘം എത്തിയത്. നടത്തിപ്പുകാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖം നടത്തിയ അധ്യാപിക സംശയം ഉന്നയിച്ചതോടെ അട്ടപ്പാടി ചുരത്തില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് കീറിയെറിയുകയായിരുന്നു എന്നാണ് വിദ്യനല്‍കിയ മൊഴി. ഫോണിലാണ് സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ചതെന്നും പറഞ്ഞിരുന്നു.
കെ. വിദ്യയുടെ ഫോണില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റ് വിവരങ്ങള്‍ ലഭിക്കാതായതോടെ ഗൂഗിളിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലാരിവട്ടത്തെ കഫേയില്‍ നിന്ന് വ്യാജ സര്ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കണ്ടെത്തിയത്. മഹാരാജാസ് കോളേജിൽ 2018 – 19 കാലയളവിൽ അധ്യാപന പരിചയം നേടിയെന്ന വ്യാജ രേഖയാണ് വിദ്യ നിര്‍മ്മിച്ചത്.