ഏക സിവിൽ കോഡ്: സി.പി.എം സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്ന് എം. വി. ഗോവിന്ദൻ
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിനെ ക്ഷണിക്കാത്തത് അവർക്ക് നിലപാടില്ലാത്തതിനാലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം ഏക സിവിൽ കോഡിനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താൻ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം തയ്യാറുണ്ടോ എന്നും ചോദിച്ചു.
പങ്കെടുക്കാൻ താത്പര്യമുള്ളവർക്കെല്ലാം സെമിനാറിൽ പങ്കെടുക്കാമെന്ന് സിപിഎം വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ബോധപൂർവമായ ഇടപെടലിനാണ് ഏക സിവിൽ കോഡിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ രാജ്യത്തിന് നിലനിൽക്കാനാകില്ല. മണിപ്പുർ ഇതിന്റെ ഉദാഹരണമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സി.പി.ഐ.സെമിനാറില്‍ പങ്കെടുക്കില്ലെന്ന പ്രചാരണം ശ്കതമായ സാഹചര്യത്തിലാണ് കോഴിക്കോട് മാധ്യമങ്ങളോട് ഗോവിന്ദന്‍ ഈ പ്രതികരണം നടത്തിയത്. എന്നാല്‍ സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. സി.പി.എം.സ്വന്തം നിലയില്‍ ഏക സിവില്‍ കോഡിനെതിരെ പരിപാടി സംഘടിപ്പിക്കുന്നതില്‍ സി.പി.ഐ , ക്ക് എതിര്‍പ്പുണ്ടായിരുന്നു.ഇടതുജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലായിരിക്കണമായിരുന്നു പരിപാടി സംഘടിപ്പിക്കേണ്ടതെന്നായിരുന്നു സി.പി.ഐ യുടെ നിലപാട്.എന്നാല്‍ പ്രാദേശിക തലത്തില്‍ പരിപാടികള്‍ക്ക് ജില്ലാതലത്തിലുള്ള നേതാക്കള്‍ പങ്കെടുക്കട്ടെയെന്നായിരുന്നു പാര്‍ട്ടി നിലപാട്.അതുകൊണ്ടു തന്നെ സി.പി.ഐ.യുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല