We Talk

പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്: ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ കുറ്റം തെളിഞ്ഞതായി കോടതി. ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് പേരെ വെറുതെ വിട്ടു. സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി 11 പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്. കൊച്ചി എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്കരാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക് പ്രഖ്യാപിക്കും.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള രണ്ടാംപ്രതി സജൽ, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, ആയുധം ഉപയോഗിച്ച് ആക്രമണം, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്കെതിരെ കുറ്റകൃത്യത്തിൽ പങ്കുള്ളവരെ ഒളിപ്പിക്കൽ, തെളിവ് മറച്ചുവയ്ക്കൽ വകുപ്പുകളാണ് ചുമത്തിയത്. മുഖ്യപ്രതി എം കെ നാസർ ഉൾപ്പെടെയുള്ളവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്. ആദ്യഘട്ട വിചാരണ നേരിട്ട 31 പേരിൽ 13 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

അധ്യാപകന്റെ കൈവെട്ടിയെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്ന പ്രധാന പ്രതി അശമന്നൂർ സവാദ് ഇപ്പോഴും ഒളിവിലാണ്. നാസർ, സജൽ, അസീസ് ഓടക്കാലി, ഷഫീഖ്, നജീബ്, മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്‌, മൻസൂർ, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവരാണ് രണ്ടാംഘട്ടത്തിൽ വിചാരണ നേരിട്ടത്. 2010 മാർച്ച് 23-ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിലെ 11-ാം നമ്പർ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ച് പ്രതികൾ സംഘം ചേർന്ന് പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി. വിശ്വാസത്തിന്റെ ഇരകളാണ് പ്രതികളെന്നും ശാസ്ത്രലോകത്തിലേക്ക് ഇനിയുള്ള തലമുറകൾ മാറട്ടെയെന്നും ടിജെ ജോസഫ് വിധിയോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *