We Talk

യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നു; കനത്ത ജാഗ്രത നിർദ്ദേശം

ന്യൂഡല്‍ഹി: കനത്ത മഴയെതുടർന്ന് യമുനാ നദിയില്‍ ജലനിരപ്പ് ഉയർന്നു. അപകടസൂചികയ്ക്ക് മൂന്നു മീറ്റര്‍ ഉയരത്തിലാണ് നിലവിലെ ജലനിരപ്പ്. ഇതോടെ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. ഹരിയാണ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നു വിട്ടതിനെ പിന്നാലെയാണ് യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. ഇതെ തുടര്‍ന്ന് ഡല്‍ഹി പ്രളയഭീഷണിയിലാണെന്നും അണക്കെട്ട് തുറക്കുന്നതില്‍ ഇടപെടണമെന്ന് കെജ്‌രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലം തുറന്നു വിടാതെ നിര്‍വാഹമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ജലനിരപ്പുയര്‍ന്നതിന് പിന്നാലെ യമുന നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റുമെന്നും പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകൾ തുറന്നിട്ടുണ്ടെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *