We Talk

കേരളത്തിലെ 30 റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കും

തിരുവനന്തപുരം: അമൃത് ഭാരത് പദ്ധതിയിൽ കേരളത്തിലെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും. ഇതിനായി 303 കോടിരൂപ അനുവദിച്ചു .നിലവിൽ പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ പുതുക്കിപ്പണിയലിന് പുറമേയാണിത്.
ലിഫ്റ്റുകൾ,യന്ത്രഗോവണികൾ, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ,പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ എന്നിവയാണ് ഒരുക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 108 കോടി രൂപയും പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 195.54 കോടി രൂപയും ലഭിക്കും. സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്. ഇവയുടെ നിർമാണത്തിന് റെയിൽവേ മന്ത്രാലയം അനുമതി നൽകി. 13 നടപ്പാലങ്ങളും 48 ലിഫ്റ്റുകളും രണ്ട് എസ്‌കലേറ്ററുകളും സംസ്ഥാനത്തെ സ്‌റ്റേഷനുകൾക്ക് ലഭിക്കും. പൈതൃക തനിമ നിലനിർത്തി തിരുവനന്തപുരം, കൊല്ലം, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകൾ നവീകരിക്കാൻ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ റെയിൽവേ തീരുമാനിച്ചിരുന്നു.
അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കുന്ന സ്റ്റേഷനുകൾ വടക്കാഞ്ചേരി, നാഗർകോവിൽ, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം, തൃപ്പുണിത്തുറ, ചാലക്കുടി, അങ്കമാലി,ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, കുഴിത്തുറ, മാവേലിക്കര, ഷൊർണൂർ, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, പൊള്ളാച്ചി, തിരൂർ, വടകര, പയ്യന്നൂർ, നിലമ്പൂർ റോഡ്,കാസർകോട്, മംഗളൂരു, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം തുടങ്ങിയവയാണ്.

Leave a Reply

Your email address will not be published. Required fields are marked *