We Talk

യമുന കരകവിഞ്ഞ് സുപ്രീം കോടതിവരെയെത്തി, അമിത്ഷായെ വിളിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി∙ യമുന നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സുപ്രീം കോടതിയുടെ സമീപം വരെ വെള്ളം എത്തി. ഇന്ന് പുലർച്ചയോടെ ജലനിരപ്പ് ഉയർന്ന് 208.46 മീറ്റർ എത്തി. രാജ്ഘട്ടിലും വെള്ളം കയറി. ഔദ്യോഗിക വിവരം അനുസരിച്ച് പ്രശ്ന ബാധിത മേഖലകളിൽ നിന്ന് വ്യാഴാഴ്ച മാത്രം 23,692 പേരെ മാറ്റിപാർപ്പിച്ചു. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് യമുന കരകവിഞ്ഞ് നഗരത്തിലൂടെ ഒഴുകുന്നത്. ലഫ്. ഗവർണർ വി.കെ.സക്സേന, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി. പ്രളയ ഭീഷണി കണക്കിലെടുത്തു സ്കൂളുകൾ, കോളജുകൾ, അടിയന്തര സേവനഗണത്തിൽ ഉൾപ്പെടാത്ത സർക്കാർ ഓഫിസുകൾ എന്നിവയ്ക്ക് 16 വരെ അവധി പ്രഖ്യാപിച്ചു.

സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്കു വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുന്നതു പരിഗണിക്കാനും സർക്കാർ നിർദേശിച്ചു. ഡൽഹിയിലെ സ്ഥിഗതികൾ വിലയിരുത്താൻ ഫ്രാൻസ് സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആഭ്യന്തര മന്ത്രി അമിത്ഷായെ വിളിച്ചിരുന്നു. നിലവില്‍ ഡല്‍ഹിയില്‍ മഴയില്ല എന്നത് ആശ്വാസകരമാണ്. മഴപെയ്യുന്ന സാഹചര്യമുണ്ടായാല്‍ സ്ഥിതി ഗൗരവതരമായേക്കും. ജലനിരപ്പ് കുറയുന്നില്ല എന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പലയിടങ്ങളിലും ഡ്രെയിനേജ് സംവിധാനം തകരാറിലായതാണ് വെള്ളക്കെട്ട് ഗുരുതരമാക്കിയത്. യമുന ബസാര്‍, ഐ.ടി.ഒ, രാജ്ഘട്ട്, ഐ.എസ്.ബി.ടി. ബസ് സ്റ്റാന്റ്, കശ്മീരി ഗേറ്റ്, മജ്‌ലു കട്‌ല, ടിബറ്റന്‍ മാര്‍ക്കറ്റ്, മയൂര്‍ വിഹാര്‍ തുടങ്ങിയ മേഖലകളിലാണ്പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടത്.

കൂടുതലിടങ്ങളിലേക്ക് വെള്ളക്കെട്ടെത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചെങ്കോട്ട അടച്ചു. സ്ഥിതി നോക്കിയ ശേഷം തുറക്കുന്ന കാര്യം തീരുമാനിക്കും. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കു നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *