Science TalkWe Talk

ചന്ദ്രയാൻ – 3 വിക്ഷേപണം വിജയം; അടുത്ത കടമ്പ സോഫ്റ്റ് ലാന്‍റിങ്

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ – 3 ദൗത്യ പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് 2 .35 ന് എൽവിഎം 3 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ച പേടകം മുൻ നിശ്ചയിച്ച പ്രകാരം 16 മിനുട്ട് കൊണ്ടാണ് വിക്ഷേപണം പൂർത്തിയാക്കിയത്. കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ് ഐഎസ്‌ആർഒ മുൻ മേധാവിമാരായ കെ ശിവൻ, കിരൺ റെഡ്ഡി, സി രാധാകൃഷ്ണൻ തുടങ്ങിയർ വിക്ഷേപണം നേരിട്ടു കാണാൻ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു. നൂറുകണക്കിന് ശാസ്ത്രപ്രേമികളും എത്തി.

നിലവിലെ താത്കാലിക പാർക്കിങ് ഓർബിറ്ററിൽ ( താത്കാലിക പരിക്രമണ പാത ) തുടരുന്ന പേടകത്തെ ഇനി മുന്നോട്ടു നയിക്കുക പേടകത്തിന്റെ പ്രധാന ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യുൾ ആണ്. ഘട്ടം ഘട്ടമായി സഞ്ചാര പാത ഉയർത്തി ദിവസങ്ങൾ എടുത്ത് പേടകത്തെ ഭൂമിയുടെ ഭ്രമണപഥം കടത്തലാണ് ഇനിയുള്ള കടമ്പ. അഞ്ചു തവണകളായി ഇതിനായി സഞ്ചാര പാത മാറ്റും. അപ്പോഴേക്കും പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങും. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കുന്ന ഘട്ടവും അതി നിർണായകമാണ്. എട്ടു തവണകളായി ഭ്രമണപഥം താഴ്ത്തി വേണം പേടകം ചന്ദ്രനിൽ ഇറക്കാനുള്ള അവസാന ലാപ്പിലെത്താൻ. അപ്പോഴേക്കും പേടകം ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തും. ഇതോടെ ലാൻഡറിനെ ചുമക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുക എന്ന പ്രൊപ്പൽഷൻ മൊഡ്യുളിന്റെ പ്രാഥമിക ഉത്തരവാദിത്വം തീരും. ഏവരും കാത്തിരിക്കുന്ന അതി നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങാണ് തുടർന്ന് നടക്കേണ്ടത്. പ്രവേഗം നിയന്ത്രിച്ചു പതുക്കെ ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കുന്ന പ്രക്രിയയാണ് സോഫ്റ്റ് ലാൻഡിങ്. പ്രൊപ്പൽഷൻ മൊഡ്യുളിൽ നിന്ന് വേർപെട്ടാലും ലാൻഡർ പൂർത്തിയാകും വരെ അതിന്റെ നിയന്ത്രണത്തിലായിരിക്കും.

ഓഗസ്റ്റ് 23 ,24 തീയതികളിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകുമെന്നാണ് ഇപ്പോഴത്തെ അവസ്ഥയിൽ ശാസ്ത്രജ്ഞന്മാർ കണക്കു കൂട്ടുന്നത്. ലാൻഡർ വിജയകരമായി ചന്ദ്രോപരിതലത്തിൽ ‘ പതുക്കെ ഇറങ്ങിയാൽ ‘ 20 മിനിറ്റു കൊണ്ട് പേടകത്തിൽ നിന്ന് റോവർ റാമ്പ് വഴി ചന്ദ്രനിലിറങ്ങും. റോവറിൽ ഘടിപ്പിച്ച ഉപകരണങ്ങളാണ് ചന്ദ്രന്റെ ഏറ്റവും പുതിയ രഹസ്യങ്ങൾ മനുഷ്യന് മുന്നിൽ അനാവരണം ചെയ്യുക. റോവർ ശേഖരിക്കുന്ന വിവരങ്ങൾ ആദ്യം ലാൻഡറിലേക്കും അവിടെ നിന്ന് മുകളിൽ പരിക്രമണം ചെയ്യുന്ന പ്രൊപ്പൽഷൻ മൊഡ്യുളിലേക്കും എത്തും . പ്രൊപ്പൽഷൻ മൊഡ്യുളും ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇപ്പോഴും പ്രവർത്തിക്കുന്ന ഓർബിറ്ററും ചേർന്ന് വിവരങ്ങൾ ഭൂമിയിലെത്തിക്കും. ബെംഗളൂരുവിലുള്ള ഐഎസ്ആർഒയുടെ ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലാണ്‌ എല്ലാ വിവരങ്ങളും ക്രോഡീകരിക്കപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *