വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജകമരുന്ന് പരിശോധനാ സമിതിയുടെ നോട്ടീസ്
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നേതൃനിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജകമരുന്ന് പരിശോധനാ സമിതിയുടെ നോട്ടീസ്. ഉത്തേജക വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ 27-ന് പരിശോധനയ്ക്കായി ഉത്തേജക ഏജൻസി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും വിനേഷ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനാണ് വിനേഷ് ഫോഗട്ട്. വ്യാഴാഴ്ച ആരംഭിച്ച ബുഡാപെസ്റ്റിലെ റാങ്കിങ് സീരിസ് 2023-ലും വിനേഷ് ഫോഗട്ട് മത്സരിക്കുന്നുണ്ട്. ജൂലൈ 13 മുതൽ 16 വരെയാണ് റാങ്കിങ് സീരിസ് നടക്കുന്നത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങൾ മാസങ്ങളോളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരാതിയിൽ ആവശ്യമായ അന്വേഷണത്തിന് തയ്യാറാകത്തതിനെ തുടർന്ന് തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് താരങ്ങൾ നിലപാടെടുത്തിരുന്നു. പ്രതിഷേധത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന താരമാണ് വിനേഷ് ഫോഗട്ട്.