പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം, സെമിനാറിലേക്ക് ഇ പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല – എം. വി. ഗോവിന്ദൻ
കോഴിക്കോട്: “ഏകീകൃത സിവിൽ കോഡ് സെമിനാർ സംഘടിപ്പിച്ചത് മതത്തിന്റെ ഭാഗമായിട്ടല്ല. ഫാസിസത്തിനെതിരായ പ്രതിരോധമാണ് ഉദ്ദേശിക്കുന്നത്. സെമിനാറിലേക്ക് ഇ പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. ജയരാജൻ പങ്കെടുക്കാത്തതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ആരെയും നിർബന്ധിക്കാൻ പറ്റില്ലല്ലോ. ക്ഷണിച്ചിട്ടല്ല ഞാൻ സെമിനാറിന് വന്നത്. പാർട്ടി സെക്രട്ടറിയെന്ന ഉത്തരവാദിത്തമുള്ളതുകൊണ്ട് വന്നു. ആര്‍ക്കും സെമിനാറിലേക്ക് വരാം, വരാതിരിക്കാം.” എം വി ഗോവിന്ദൻ പ്രതികരിച്ചു.
സിപിഎം ജനറൽ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളും പിബി അംഗങ്ങളും പങ്കെടുക്കണം. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജയരാജൻ പാർട്ടി പരിപാടികളോട് അകലം പാലിച്ച് തുടങ്ങിയത്. എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് ഇപി വിട്ടുനിന്നത് ചർച്ചയായിരുന്നു. അതേസമയം, സിപിഐ സംസ്ഥാന നേതൃത്വവും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ദേശീയ കോൺസിൽ യോഗം ഡൽഹിയിൽ ചേരുന്നതിനാലാണ് പങ്കെടുക്കാത്തതെന്നാണ് സിപിഐയുടെ വിശദീകരണമെങ്കിലും സെമിനാറിനോടുള്ള എതിർപ്പും മുസ്ലിം ലീഗിനെ ക്ഷണിച്ചതിലെ അതൃപ്തിയുമാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് കാരണമെന്ന് വ്യക്തമാണ്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ ആദ്യത്തെ പരിപാടിയാണ് ഇന്ന് കോഴിക്കോട് നടക്കുന്നത്.