സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല; എൻഡോസൾഫാൻ ദുരിത ബാധിതർക്കായി വീണ്ടും നിരാഹാര സമരത്തിനെന്ന് ദയാബായി
കാസർകോട്: സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും തമാശ നാടകം പോലെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ദയാബായി. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി വീണ്ടും സമരത്തിനൊരുങ്ങുകയാണ് സാമൂഹ്യപ്രവർത്തക ദയാബായി. എൻഡോസൾഫാൻ രോഗികളെ രോഗികളല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. രണ്ട് മാസം കൊണ്ട് മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഉറപ്പു നൽകി, ഒമ്പത് മാസം കഴിഞ്ഞിട്ടും ക്യാമ്പ് നടത്തിയില്ല. സർക്കാർ കളിപ്പിക്കുകയാണെന്നും ആകെ അറിയുന്ന മാർഗമായതിനാൽ നിരാഹാര സമരത്തിലേക്ക് പോവുകയാണെന്നും ദയാബായി പറഞ്ഞു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കാസർകോട് കളക്ടറേറ്റിന് മുമ്പിൽ ദയാബായി സമരം തുടങ്ങും. മാസങ്ങൾക്ക്
മുമ്പ് ദയാബായി സെക്രട്ടേറിയറ്റിനു മുന്നിലും നിരാഹാരസമരം നടത്തിയിരുന്നു. കാസർകോട്ടെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാ ക്യാമ്പ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ദയാബായി അന്ന് ഉന്നയിച്ചിരുന്നത്. പാലിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്.