We Talk

‘മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങൾക്ക് അർഹത’; ഹൈക്കോടതി

കൊച്ചി:മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് ഉത്തരവിട്ട് കേരള ഹൈക്കോടതി. മാതാപിതാക്കളിൽ ഒരാൾ പിന്നാക്ക ജാതിയിൽ പെട്ടയാളായാൽ മക്കൾക്കും പിന്നാക്ക ജാതി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്നാണ് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കിയത്. ഹര്‍ജിക്കാരിക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനായി ശുപാർശ ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടുകൾ കോടതി റദ്ദാക്കി. മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാപിതാക്കളിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്നയാളുടെ ജാതി സ്വീകരിക്കാമെന്ന് ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുണ്ടന്നും കോടതി വ്യക്തമാക്കിയിരുന്നു.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അംഗമാണ് ഹര്‍ജിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ അമ്മ. അച്ഛന്‍ ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗവുമാണ്. ജാതി സര്‍ട്ടിഫിക്കറ്റിനായി ഹർജിക്കാരി നല്‍കിയ അപേക്ഷ തൃശ്ശൂര്‍ തഹസില്‍ദാര്‍ നിരസിക്കുകയായിരുന്നു. അമ്മയുടെ സമുദായത്തില്‍ നിന്ന് അകന്നു കഴിയുകയാണ് എന്ന ന്യായമുയര്‍ത്തിയാണ് തഹസില്‍ദാര്‍ അപേക്ഷ തള്ളിയത്.
ജനിച്ചത് മുതൽ അമ്മയുടെ കോളനിയിലാണ് താമസിക്കുന്നതെന്നും സർക്കാരിൽ നിന്ന് പട്ടികവർഗക്കാർക്ക് ധനസഹായം ലഭിച്ചതിന് ശേഷമാണ് അമ്മ വീട് നിർമിച്ചതെന്നും പട്ടികവർഗക്കാർക്കുള്ള അരി വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിക്കാരി വാദിച്ചു. ഹർജിക്കാരി അമ്മയുടെ സമുദായത്തിൽ വളർന്നയാളാണെന്നു സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് മൂപ്പൻ നൽകിയിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ലന്നാണ് പരാതി. തുടർന്നാണ് അപേക്ഷ പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *