മുതലപ്പൊഴിയില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍
മുതലപ്പൊഴിയില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍. അപകടത്തില്‍ മരിച്ച നാല് പേരുടെയും കുംടുംബാംഗങ്ങള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മുതലപ്പൊഴിയിലെ അപകടങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രിതലയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. എന്നാല്‍ മുതലപ്പൊഴിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഫാദര്‍ യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുത്ത കാര്യം ഇന്ന് ചര്‍ച്ച ചെയ്തില്ല. അപകടത്തില്‍ മരിച്ച റോബിന്റെയും ബിജു ആന്റണിയുടെയും കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കും. ബിജു ആന്റണിയുടെ മൂത്തമകള്‍ക്കും, റോബിന്റെയും കുഞ്ഞുമോന്റെയും ഭാര്യയ്ക്കും വരുമാനമാര്‍ഗം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സുരേഷിന്റെ മകന് ക്ഷേമനിധി അംഗത്വം നല്‍കുമെന്നും മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ കടബാധ്യത ഒഴിവാക്കാന്‍ സഹകരണവകുപ്പ് മന്ത്രിയുമായി ആലോചിക്കുമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അശാസ്ത്രീയമായ നിര്‍മാണമാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അപകടങ്ങളും മരണവും ഉണ്ടാകുന്നത് നിര്‍മാണത്തിലെ അപാകമാണോ എന്ന് പഠന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് മന്ത്രിയുടെ വാദം. അദാനിയുമായി ഉണ്ടാക്കിയ കരാര്‍ 2024 വരെ നിലനില്‍ക്കുന്നുണ്ട്. അപകടങ്ങളെ സംബന്ധിച്ച് വിശദീകരണം തേടാനും നിര്‍ദേശങ്ങള്‍ നല്‍കാനും നാളെ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തും. പൊഴിയിലെ ആഴം സംബന്ധിച്ചും വിശദീകരണം തേടും. മുതലപ്പൊഴിയിലെ അപകടങ്ങള്‍ തടയുന്നതിനായി വിവിധ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. തുറമുഖത്തിന്റെ അപ്രോച്ച് ചാനലില്‍ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കം ചെയ്യാന്‍ സാന്‍ഡ് ബൈപ്പാസിങ് സംവിധാനം കൊണ്ടുവരും. ഇതിനായി പത്ത് കോടി രൂപയോളം ചെലവ് വരുമെന്നും ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊഴിയുടെ ഇരുകരകളിലും ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.