We Talk

എടവണ്ണ സദാചാര ആക്രമണ കേസിൽ സിപിഐഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറം: എടവണ്ണ സദാചാര ആക്രമണ കേസില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. സിപിഐഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന്‍, ഗഫൂര്‍ തുവക്കാട്, കരീം മുണ്ടേങ്ങര, മുഹമ്മദാലി തൃക്കലങ്ങോട് എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സഹോദരനും സഹോദരിക്കും നേരെയാണ് സദാചാര ആക്രമണം നടന്നത്. എടവണ്ണ ഓതായി സ്വദേശിനി ഷിംല, സഹോദരന്‍ ഷിംഷാദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എടവണ്ണ പൊലീസ് കേസെടുത്തു. ജൂലൈ 13 ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വണ്ടൂര്‍ കോ-ഓപ്പറേറ്റിവ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഷിംല. സഹോദരന്‍ ഷിംഷാദ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാന്റില്‍ എത്തി. ഇതിനിടെ ഒരാള്‍ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. തുടര്‍ന്ന് ഷിംഷാദും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ കുറച്ച് ആളുകള്‍ ചേര്‍ന്ന് ഷിംഷാദിനെ മര്‍ദ്ദിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ മര്‍ദ്ദിച്ചെന്ന് ഷിംല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ അവശ്യപ്പെട്ടതോടെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയെങ്കിലും പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *