We Talk

ഉമ്മൻ‌ചാണ്ടി അന്തരിച്ചു

തിരുവനന്തപുരം: അര നൂറ്റാണ്ടിലധികമായി കേരളത്തിന്റെ സർവ്വ മണ്ഡലത്തിലും നിറ സാന്നിധ്യമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. . ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.30 നായിരുന്നു അന്ത്യം.


ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയും ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.പിന്നീട് അദ്ദേഹം സ്ഥിരമായി പോകാറുള്ള സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പിന്നീട് ഇന്ദിരാഭവനിലും രാത്രിയോടെ തിരുവന്തപുരത്തെ അദ്ദേഹത്തിന്‍റെ വസതിയായ പുതുപ്പള്ളി ഹൗസിലും എത്തിക്കും . വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പുതുപ്പള്ളി പള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ടു.ചൊവ്വാഴ്ച പൊതു അവധി പ്രഖ്യപിച്ചിട്ടുണ്ടു.

. സംസ്ക്കാരം പുതുപ്പള്ളിയിൽ. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു.
2004 മുതൽ 2006വരയും 2011 മുതൽ 2016വരെയും മുഖ്യമന്ത്രിയായിരുന്നു. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.


1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. പുതുപ്പളളി എം ഡി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലും ശേഷം കോട്ടയം സി എം എസ് കോളേജിലും പഠിച്ചു. ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിന്നും ബി എ ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.


കെ എസ് യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി എഐസിസി ജനറൽ സെക്രട്ടറിവരെയും വർക്കിംഗ് കമ്മിറ്റി അംഗമായും മാറി. കെ എസ് യു സംസ്ഥാന പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. യു ഡി എഫ് കണ്‍വീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് 12 തവണ തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 ലാണ് നിയമസഭ അംഗത്വത്തിന്റെ 50ാം വാര്‍ഷികം ആഘോഷിച്ചത്.
കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *