We Talk

ലാവ്‌ലിന്‍ കേസ് 34ാം തവണയുംമാറ്റി വെച്ചു ; പുതിയ തീയതി സെപ്റ്റംബര്‍ 12ന്

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ആണ് പുതിയ തീയതി. ഇതുവരെ 34 -ആം തവണയാണ് ലാവലിൻ കേസ് മാറ്റിവച്ചിട്ടുള്ളത്. അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്.
ഇന്നു ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അടുത്ത ചൊവ്വാഴ്ചയിലേക്കു മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്ച അസൗകര്യമാണെന്ന് പിണറായി വിജയനു വേണ്ടി ഹാജരാവുന്ന സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. തുടര്‍ന്നു സെപ്റ്റംബറിലേക്കു മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്ബത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകള്‍ക്ക് മുന്‍പാകെ പല തവണ കേസ് ലിസ്റ്റ് ചെയ്തിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *