നടൻ വിനായകന്റെ വീടിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം; ജനൽ ചില്ല് തകർത്തു
കൊച്ചി: നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ളാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനലിന്റെ ചില്ല് പൊട്ടിക്കുകയും വാതില്‍ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ജയ് വിളിച്ചു കൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. തുടര്‍ന്ന് പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ മാറ്റിയത്.
ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസം വിനായകന്‍ ഫേസ്ബുക്ക് ലൈവില്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വിമർശനങ്ങള്‍ക്കിടയാക്കുകയും സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ നടന്‍ വിഡിയോ നീക്കി. എന്നാൽ,
ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്ന് ആരോപിച്ച് വിനായകനെതിരേ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നല്‍കി. ഉമ്മന്‍ചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയ-ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാ മേഖലയിലെ ലഹരിമാഫിയയുടെ തലവനെന്നും പരാതിയില്‍ ആരോപിച്ചു .