മഹാരാഷ്ട്രയിലെ റായ്ഗഢിൽ മണ്ണിടിച്ചിലിൽ 16 മരണം, നൂറിലധികം പേർ മണ്ണിനടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢിലുണ്ടായ മണ്ണിടിച്ചിലിൽ 16 മരണം. നൂറിലധികം പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ് . 21 പേരെയാണ് ഇത് വരെ രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടാവുന്നത്. ഠാക്കൂർ വിഭാഗത്തിലുള്ള ആദിവാസികളാണ് പ്രദേശത്ത് താമസിക്കുന്നത്. മഴയെത്തുടർന്ന് പെട്ടെന്ന് മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു. മണ്ണിടിച്ചിൽ സാധ്യതകൾ ഒന്നും ഇല്ലാത്ത പ്രദേശമായിരുന്നു ഇത് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇരുന്നൂറിലധികം ആളുകൾ ഇവിടെ താമസിച്ചിരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്. മേഘവിസ്ഫോടനത്തെ തുടർന്നാണ് പ്രദേശത്ത് തീവ്ര മഴ പെയ്തത്. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുള്ളതിനാൽ പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.