14വര്‍ഷത്തിനുശേഷം വീണ്ടും; 7ാം തവണയും മികച്ച നടന്‍; മോഹന്‍ലാലിനെ മറികടന്ന് മമ്മൂട്ടിക്ക് റെക്കോര്‍ഡ്
കൊച്ചി: ഓരോ ചലച്ചിത്ര അവാര്‍ഡ് കഴിയുമ്പോഴും മമ്മൂട്ടിയുടെ ആരാധകര്‍ പറയാറുണ്ട്, അദ്ദേഹത്തിന് എങ്ങനെ അവാര്‍ഡ് കൊടുക്കാതിരിക്കാനാണ് ജൂറി ശ്രമിക്കാറുള്ളതെന്ന്. കാരണം മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ അഭിനേതാവിന് കേരള സംസ്ഥാന അവാര്‍ഡ് കിട്ടിയിട്ടിട്ട് 14വര്‍ഷം പിന്നിട്ടിരിക്കുന്നു. 2009ല്‍ രഞ്ജിത്തിന്‍രെ ‘ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിലെ ത്രിബിള്‍ റോള്‍ ഭംഗിയാക്കിയതിനാണ് മമ്മൂട്ടി അവസാനം മികച്ച നടനായത്. മുന്നറിയിപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെന്റ്്, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിലൊക്കെ മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞ് ആരാധകര്‍ കാത്തിരിക്കാറുണ്ടെങ്കിലും, അവസാന നിമിഷം അവാര്‍ഡ് കൈയില്‍നിന്ന് പോവുകയായിരുന്നു.
പക്ഷേ ഇത്തവണ യുവതാരങ്ങളോട് മത്സരിച്ചാണ് ഈ 71ാം വയസ്സിലും മമ്മൂട്ടി അവാര്‍ഡ് നേടിയത്. ഒരു ശരാശരി മലയാളി വിശ്രമജീവിതത്തിലേക്ക് കടക്കുന്ന പ്രായത്തിലും അദ്ദേഹം സജീവമായി നിറഞ്ഞുനില്‍ക്കുന്നു. 7ാം തവണയാണ് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തുന്നത്. ഇതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ വ്യക്തിയെന്ന റെക്കോര്‍ഡും ഈ നടന് കൈവന്നു. ആറുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം കിട്ടിയ മോഹന്‍ലാലാണ് തൊട്ടുപിന്നിലുള്ളത്.

ഇത്തവണ, ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോബോബനും, ഇലവീഴാപൂഞ്ചിറയിലൂടെ സൗബിന്‍ ഷാഹിറും, അപ്പന്‍ എന്ന ചിത്രത്തിലുടെ അലന്‍സിയറും മമ്മൂട്ടിക്ക് കടുത്തവെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ മലയാളിയായ ജെയിംസായും, തമിഴനായ സുന്ദരമായും പകര്‍ന്നാടിയ മമ്മൂട്ടി അവരെയയെല്ലാം കടത്തിവെട്ടി ഒന്നാമതെത്തി. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും, അപ്പനിലെ അഭിനയത്തിന് അലന്‍സിയര്‍ ലോപ്പസും പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി. കൊഴുമ്മല്‍ രാജീവന്‍ എന്ന കള്ളനായി വേഷമിട്ട, കുഞ്ചാക്കോ ബോബന്റെ പ്രത്യേക അഭിനയം കരിയര്‍ ബെസ്റ്റായിട്ടാണ് കണക്കാക്കുന്നത്. തളര്‍ന്നുകിടന്നിട്ടും എല്ലാ തരികിടയുമുള്ള ഒരു അപ്പനായിട്ടായിരുന്നു, അലന്‍സിയറുടെ പ്രകടനം. ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിലൂടെ സൗബിന്‍ ഷാഹിറും അവസാന ലിസ്റ്റില്‍ ഉണ്ടായിരുന്നു.

അവാര്‍ഡില്‍ യേശുദാസിന് തുല്യന്‍
ഇത് ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്. നേരത്തെ അടിയൊഴുക്കുകള്‍, (1984) യാത്ര, നിറക്കൂട്ട് (1985), ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയന്‍, പൊന്തന്‍ മാട, വാത്സല്യം ( 1993), കാഴ്ച (2004), പാലേരി മാണിക്യം (2009) തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് നേരത്ത മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം കിട്ടിയത്. അഹിംസ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും മമ്മൂട്ടി നേടിയിട്ടുണ്ട്.
ഒരുപക്ഷേ യേശുദാസിന് മാത്രമെ ഇത്രയും തവണ അവാര്‍ഡ് കിട്ടിയിട്ടുള്ളു. അതുകൊണ്ടുതന്നെ യേശുദാസ് പറഞ്ഞപോലെ സംസ്ഥാന അവാര്‍ഡില്‍നിന്ന് മമ്മൂട്ടി മാറി നില്‍ക്കണം എന്ന് പലരും പറയാറുണ്ടെങ്കിലും ഞാന്‍ മത്സരിക്കുമെന്ന നിലപാടാണ് ഈ നടന്‍ എടുക്കാറുള്ളത്. ”പുതിയ തലമുറ തന്നോട് മത്സരിച്ച് ജയിക്കട്ടെ’ എന്നും, പകുതി തമാശയായി അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ദേശീയതലത്തില്‍ മുന്നുതവണ മമ്മൂട്ടി മികച്ച നടനായിട്ടുണ്ട്. 1990 (മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ),1994 (വിധേയന്‍, പൊന്തന്‍ മാട),1999 (അംബേദ്കര്‍ ഇംഗ്ലീഷ്) എന്നിവയിലുടെ ഇന്ത്യയിലെ മികച്ച നടനായതിന്റെ പാരമ്പര്യം, നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ, ഒരിക്കല്‍ കൂടി അവര്‍ത്തിക്കപ്പെടുമോ എന്നാണ് ചലച്ചിത്രപ്രേമികള്‍ ഉറ്റുനോക്കുന്നത്. മോഹന്‍ലാലിന് രണ്ടുതവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം കിട്ടുന്നത്.
അവാര്‍ഡ്‌വാരി ‘ന്നാ താന്‍ കേസ് കൊട്’
നന്‍പകല്‍ നേരത്ത് മയക്കം തന്നെയാണ് മികച്ച സിനിമയും. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. സ്വഭാവനടി ദേവി വര്‍മ (സൗദി വെള്ളക്ക), സ്വഭാവനടന്‍ പി.പി. കുഞ്ഞിക്കൃഷ്ണന്‍ (എന്നാ താന്‍ കേസ് കൊട്),രണ്ടാമത്തെ ചിത്രം അടിത്തട്ട്, തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, എന്നാ താന്‍ കേസ് കൊട്,ക്യാമറ മനേഷ് മാധവന്‍, ചന്ദ്രു സെല്‍വരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്), കഥ കമല്‍ കെ.എം (പട) എന്നിവാരാണ് മറ്റ് പ്രാധാന അവാര്‍ഡുകള്‍ നേടിയത്.

മൊത്തത്തില്‍ നോക്കുമ്പോള്‍ രതീഷ് ബാലകൃഷ്ണപൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ ആണ് ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിലെ താരം, മികച്ച ജനപ്രിയ ചിത്രത്തിനും മികച്ച തിരക്കഥക്കുമുള്ള അവാര്‍ഡുകള്‍ ഉള്‍പ്പെടെ ആറ് അവര്‍ഡുകള്‍ ചിത്രം നേടി. ഹോളിവുഡ് സ്്‌റ്റെലില്‍ എടുത്ത ഇലവീഴാപൂഞ്ചിറ എന്ന സിനിമയിലൂടെ ഷാഫി കബീര്‍ മികച്ച നവാഗത സംവിധായകനായി. മികച്ച ക്യാമറാനുള്ള അവാര്‍ഡ് നേടിയതും ഇലവീഴാപൂഞ്ചിറ തന്നെ.

മൊത്തത്തില്‍ നടനും സംവിധായകനുമായ ഗൗതംഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറി ഏറെ നീതിപൂര്‍വകമായ തീരുമാനമാണ് എടുത്തിട്ടുള്ളത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് മഹേഷ് നാരായണന് കൊടുത്ത തീരുമാനം മാത്രമാണ് വിമര്‍ശിക്കപ്പെട്ടത്. ‘അറിയപ്പ് എന്ന മഹേഷിന്റെ ചിത്രം വിവിധ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നെുവെങ്കിലും, പഴഞ്ചന്‍ അവാര്‍ഡ് സിനിമാ ഫോര്‍മാറ്റിലാണ് നിര്‍മ്മിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.