മെസ്സി മാജിക് ; ഇഞ്ചുറി ടൈമിൽ ഇൻ്റർ മയാമി വിജയതേരേറി
ഫ്ലോറിഡ: . മേജർ ലീഗ് സോക്കറിൽ അവസാന സ്ഥാനക്കാരായ ഇൻ്റർ മയാമിക്ക് ലീഗ്സ് കപ്പിൽ വിജയത്തുടക്കം. യൂറോപ്പ് വിട്ട് അമേരിക്കൻ സോക്കറിലെത്തിയ ലയണൽ മെസി അരങ്ങേറ്റം ഗംഭീരമാക്കി. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെ ക്രൂസ് അസൂലിനെ ഇന്റർ മയാമി പരാജയപ്പെടുത്തി. അരങ്ങേറ്റ മത്സരത്തിൽ നേരിട്ടുള്ള ഫ്രീകിക്കിലൂടെ ലയണൽ മെസിയാണ് ഇന്റർ മയാമിയുടെ വിജയഗോൾ നേടിയത്. 11 മത്സരങ്ങൾക്ക് ശേഷമാണ് ഇൻ്റർ മയാമി വിജയിക്കുന്നത്..
മത്സരത്തിൻ്റെ ആദ്യ പതിനൊന്നിൽ മെസിയെ ഇറക്കിയില്ല. ആദ്യ പകുതിയിൽ 44-ാം മിനിറ്റിൽ ഇന്റർ മയാമി മുന്നിലെത്തി. റോബർട്ട് ടെയ്ലറാണ് ആദ്യം വലകുലുക്കിയത്. ആദ്യ ഗോളിൻ്റെ ആത്മവിശ്വാസത്തിൽ ഇന്റർ മയാമി രണ്ടാം പകുതിക്ക് ഇറങ്ങി. 53-ാം മിനിറ്റിൽ രണ്ട് മാറ്റങ്ങൾ. ഇൻ്റർ മയാമിയിലെ അരങ്ങേറ്റക്കാരായ ലയണൽ മെസിയും സെർജിയോ ബുസ്കെറ്റ്സും കളത്തിലിറങ്ങി. 65-ാം മിനിറ്റിൽ ക്രൂസ് അസൂൽ ഒപ്പമെത്തി. യൂറിയൽ അന്റൂനയാണ് ഗോൾ നേടിയത്.
മത്സരം 90 മിനിറ്റ് പിന്നിട്ടു. ഇഞ്ചുറി ടൈമായി നാല് മിനിറ്റ് അനുവദിച്ചു. മത്സരത്തിൻ്റെ അവസാന മിനിറ്റിലാണ് മെസി മാജിക് സംഭവിച്ചത്. യൂറോപ്പ് മാത്രമല്ല അമേരിക്കൻ സോക്കറും തനിക്ക് ചേരുമെന്ന് മെസി തെളിയിച്ചു. ക്രൂസ് അസൂൽ ബോക്സിന് പുറത്തുനിന്നെടുത്ത ഫ്രീകിക്ക് ഗോൾപോസ്റ്റിനകത്തേയ്ക്ക് പാഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമിയുടെ ജയം.