ഓണക്കിറ്റ് എല്ലാവര്‍ക്കുമുണ്ടാകില്ലെന്ന് ധനമന്ത്രി
കോവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സ്പ്ളൈക്കോയ്ക് നല്‍കാനുള്ള കുറച്ച് തുക ഈയാഴ്ച തന്നെ അനുവദിക്കുമെങ്കിലും ഓണക്കിറ്റിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.കോഡിഡ് കാലത്ത് നല്‍കിയത് പോലെ ഓണക്കിറ്റ് ഇത്തവണയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി.ക്ക് ശമ്പളത്തിനും പെന്‍ഷനുമായി ഒരു മാസം 120 കോടി രൂപയിലധികമാണ് ചെലവു വരുന്നത്. അത് സ്ഥിരമായി നല്‍കാമെന്ന് സര്‍ക്കാര്‍ ഏറ്റിട്ടില്ല. എന്നാല്‍ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. കേന്ദ്രത്തില്‍നിന്ന് മുന്‍പ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വിഹിതം ഇപ്പോള്‍ ലഭിക്കുന്നില്ല. അത് ലഭിച്ചാല്‍ തന്നെ പ്രതിവര്‍ഷം 20,000 കോടി രൂപ അധിക വരവുണ്ടാകും. ഈ പണം കേരളത്തിന് ലഭിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.