We Talk

ഷംസീറിനെതിരെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി, പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം

ഹിന്ദു മതവിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നും ആരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്. പാലക്കാട് നോർത്ത് ഉൾപ്പെടെ പലയിടത്തും തിങ്കളാഴ്ച തന്നെ പരാതി നൽകി. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. ജൂലൈ 30ന് എറണാകുളത്ത് നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും. പൊറുക്കാൻ കഴിയാത്ത തെറ്റാണു സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ പറഞ്ഞു.

എ എൻ ഷംസീർ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ആണ് കമ്മിഷണർക്ക് പരാതി നൽകിയത്. 21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി –സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസ്താവന. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് സ്പീക്കർ കുറ്റപ്പെടുത്തിയത്. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്നു സ്ഥാപിക്കുകയാണു ഇക്കൂട്ടർ ചെയ്യുന്നതെന്നും മന്ത്രി വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *