We Talk

ചന്ദ്രയാൻ 3: അവസാന ഭ്രമണപഥമുയർത്തൽ വിജയകരം, ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ ഓഗസ്റ്റ് ഒന്നിന്

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന്റെ അവസാന ഭ്രമണപഥമുയർത്തൽ വിജയകരമായി പൂര്‍ത്തിയായി. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്ന ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന് മുന്‍പുള്ള അവസാന ഭ്രമണപഥമുയര്‍ത്തലാണ് പൂര്‍ത്തിയാക്കിയത്. ജൂലൈ 14 നാണ് ഇന്ത്യയുടെ എല്‍വിഎം 3 റോക്കറ്റ് ചന്ദ്രയാന്‍ 3 പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള പാര്‍ക്കിങ് ഓര്‍ബിറ്ററില്‍ നിക്ഷേപിച്ചത്. ഭൂമിക്ക് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥമായിരുന്നു ഇത്.

ഈ മാസം 15,17,18, 20 തീയതികളിലായി നാല് തവണ ഭ്രമണപഥം ഉയര്‍ത്തിയിരുന്നു. ഭൂമിയോട് അടുത്ത ദൂരം 233 കിലോമീറ്ററും അകലെയുള്ള ദൂരം 71,351 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതയിലുള്ള ഭ്രമണപഥത്തില്‍ നിന്നാണ് അഞ്ചാം ഘട്ട ഉയര്‍ത്തല്‍ നടത്തിയത്. 1,27,609 കിലോമീറ്ററും, 236 കിലോമീറ്ററും പരിധിയുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുകയാണ് അഞ്ചാം ശ്രമത്തിലെ ലക്ഷ്യം. ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും നിരീക്ഷണത്തിന് ശേഷം പുതിയ ഓര്‍ബിറ്റിന്‌റെ പരിധി പുറത്തുവിടുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഓഗസ്റ്റ് ഒന്നിനാണ് ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍. അര്‍ധരാത്രി 12 മണിക്കും പുലര്‍ച്ചെ ഒരു മണിക്കും ഇടയിലാണ് ഈ പ്രവര്‍ത്തനം നടത്തുക. തുടര്‍ന്ന് ദിവസങ്ങളോളം സഞ്ചരിച്ച് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പേടകം എത്തും. ഓഗസ്റ്റ് 17 ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. ഓഗസ്റ്റ് 23 ന് വൈകുന്നേരം 5.47 നാണ് നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *