We Talk

വി ഡി സതീശനും ജയരാജനും തമ്മിൽ വാക്പോര്

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തങ്ങൾ ഒരു കേസും കൊടുത്തിട്ടില്ലെന്നും ഇങ്ങോട്ട് വന്ന പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസുണ്ടായതെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞതിന് പിന്നാലെ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ. ആരോപണ വിധേയയായ സ്ത്രീയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ടത് പിണറായി വിജയനാണെന്ന് വി ഡി സതീശൻ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി ഗൂഢാലോചന നടത്തി രൂപപ്പെടുത്തിയെടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. അക്കാര്യം കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരന്വേഷിച്ചാലും സത്യം പുറത്ത് വരുമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. സത്യം പുറത്ത് വന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ പിണറായി വിജയൻ നടത്തിയ ശ്രമങ്ങൾക്ക് കാലം കണക്ക് ചോദിക്കും. അദ്ദേഹത്തെ അത്തരത്തിൽ ആക്രമിച്ചതിന്റെ ആക്ഷേപം എത്ര കുളിച്ചാലും അവരുടെ ദേഹത്ത് നിന്നും പോകില്ല. സി.പി.എം ഇപ്പോഴിത് ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുതായിരുന്നു. പക്ഷെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയിട്ടില്ലെന്ന് പറയുമ്പോള്‍ അതിന് മറുപടി പറയാതിരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇപ്പോള്‍ പറയുന്നതെന്നും വി.ഡി സതീശൻ പറ‍ഞ്ഞു. പുതുപ്പള്ളിയിൽ രാഷ്ട്രീയ മത്സരത്തിന് യു.ഡി.എഫ്. തയ്യാറാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *