We Talk

പിണറായിക്ക് പണികൊടുത്ത് ശിവശങ്കര്‍

പ്രാഥമികാരോഗ്യ മേഖലയിലും വിദഗ്ധ ചികിത്സയിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്‌ഘോഷിക്കുമ്പോഴാണ്, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ നല്ല ചികിത്സ കിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറയുന്നത്. ഒരു ഫേസ് ബുക്ക് കുറിപ്പാണെങ്കില്‍ അവഗണിക്കാമായിരുന്നു.പക്ഷെ  ശിവശങ്കര്‍ ചെയ്തത് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയാണ്.

 പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചീഫ് സെക്രട്ടറിയുടെ തലയില്‍ കയറി ശിവശങ്കരന്‍ സെക്രട്ടറിയേറ്റ്  ഭരിക്കാന്‍ തുടങ്ങിയത് 2016 മുതലാണ്.  അതിന് മുമ്പ് വിവിധ വകുപ്പുകളില്‍  പല തസ്തികകളിലും പ്രവര്‍ത്തിച്ചതിനാല്‍      കേരളത്തിലെ ആരോഗ്യസംവിധാനത്തെപ്പറ്റി ശിവശങ്കരന് ഒരു ചുക്കും അറിയില്ലെന്ന് പറയാന്‍ കഴിയില്ല. ശിവശങ്കറിനെ  നമ്മള്‍ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ പ്രധാന സാക്ഷിയായി അവതരിപ്പിക്കും. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സക്കും തുടര്‍ചികിത്സക്കും പോകുന്നതും ചെന്നൈ അപ്പോളോവില്‍ ചെക്ക്അപ്പിന് പോകുന്നതും കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്ല ചികിത്സ കിട്ടാത്തതുകൊണ്ടല്ലേ എന്ന് ശിവശങ്കരന്‍ തിരിച്ച് ചോദിച്ചാല്‍ പിണറായി വിജയന്റെ നാവിറങ്ങിപ്പോകും.

എന്തിന് മുഖ്യമന്ത്രിയെ മാത്രം പറയുന്നു. സര്‍ക്കാര്‍ ചെലവിലോ പാര്‍ട്ടിയുടെ ചെലവിലോ ചികിത്സിക്കാന്‍ കഴിയുന്നവരൊക്കെ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമല്ലേ പറക്കുന്നത്? ലോകത്തിലെ ഒന്നാം കിട ആരോഗ്യ സംവിധാനവും അതിനൂതന ചികിത്സയും വിദഗ്ധ ഭിഷഗ്വരന്മാരുമുള്ള ക്യൂബയെപ്പറ്റി നാം ധാരാളം കേട്ടിട്ടുണ്ട്. ഈയിടെ പിണറായി വിജയന്‍ ക്യൂബ സന്ദര്‍ശിച്ചപ്പോഴും ആരോഗ്യരംഗത്തെ സഹകരണത്തെപ്പറ്റിയാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍, ഒരു കമ്യൂണിസ്റ്റ് നേതാവും ക്യൂബയില്‍ ചികിത്സ തേടിപ്പോയത് നാം കേട്ടിട്ടില്ല. വി എസ് അച്യുതാനന്ദന്‍ വരെ അവസരം കിട്ടിയപ്പോള്‍ ചികിത്സക്ക് ലണ്ടനിലേക്കാണ് പോയത്.
  ഇന്ത്യയില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലോ ചെന്നൈ അപ്പോളോ ആശുപത്രിയിലോ കിട്ടാത്ത എന്തു വിദഗ്ധ ചികിത്സയാണ് അമേരിക്കയിലും ലണ്ടനിലുമുള്ളതെന്ന് ഇതുവരെ ആര്‍ക്കും പറയാന്‍ കഴിഞ്ഞിട്ടില്ല. പണം വെറുതെ കിട്ടുന്നതുകൊണ്ട് വിദേശത്ത് പോകുന്നുവെന്ന് മാത്രം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലോ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലോ റീജിനല്‍ കാന്‍സര്‍ സെന്ററിലോ പ്രഗത്ഭര്‍ക്കും വിദഗ്ധര്‍ക്കും വല്ല കുറവുമുണ്ടോ? ഈ പ്രശസ്ത സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ വിദേശത്ത് പോകാത്തത് അവിടെ ജോലി കിട്ടാത്തതു കൊണ്ടൊന്നുമല്ല. . രാഷ്ട്രീയ നേതാക്കള്‍ അവരുടെ പണം കൊണ്ടോ പാര്‍ട്ടിയുടെ ചെലവിലോ മറ്റാരെങ്കിലും സ്‌പോണ്‍സര്‍ ചെയ്തിട്ടോ വിദേശത്ത് ചികിത്സിക്കാന്‍ പോകുന്നതിനെ നമ്മളെന്തിന് എതിര്‍ക്കണം എന്ന ചോദ്യമുണ്ട്. എന്നാല്‍, പൈല്‍സ് ശസ്‌ക്രിയക്കുപോലും ഇവര്‍ വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പോകുന്നത് നാട്ടുകാര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുക? ഇവിടെ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരെ അവഹേളിക്കുന്നതല്ലേ ഇവരുടെയൊക്കെ വിദേശ പ്രേമം?

ഇന്ത്യയില്‍ ചികിത്സിച്ച് മാറാത്ത ഏതു രോഗമാണ് ഒരാള്‍ക്ക് അമേരിക്കയിലോ യൂറോപ്പിലോ ചെന്ന് ഭേദപ്പെടുത്താന്‍ കഴിയുക ?  യുഎസിലോ ഇംഗ്ലണ്ടിലോ ജര്‍മനിയിലോ ഉള്ള അതിപ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം നമ്മുടെ ആശുപത്രികള്‍ ഇവിടെയിരുന്നു തന്നെ പ്രയോജനപ്പെടുത്താന്‍ മാത്രം നമ്മുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വളര്‍ന്നു കഴിഞ്ഞു. ഇവിടെ നിന്ന് ഏതെങ്കിലും ആശുപത്രിയുടെയോ ഡോക്ടറുടെയോ അഭിപ്രായപ്രകാരമല്ല രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും വിദേശത്ത്‌പോകുന്നത്. അമേരിക്കയിലേക്ക് ഒരു രോഗിയെയും സാധാരണ നിലയില്‍ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യാറില്ല. . സമ്പന്നരാജ്യങ്ങളില്‍ ഈ നേതാക്കള്‍ക്ക് കുറേ സ്വന്തക്കാരുണ്ടാകും. അവരില്‍ ഡോക്ടര്‍മാരും ഉണ്ടായേക്കാം. ഇവിടെനിന്ന് വരുന്ന നേതാവിനെ ഈ പൊങ്ങച്ചക്കാര്‍ ഏറ്റെടുക്കും. ഇതാണ് വിദേശ ചികിത്സയുടെ യാഥാര്‍ഥ്യം. രാഷ്ട്രീയ നേതാക്കള്‍ക്ക് വേലയും കാണാം, താളിയുമൊടിയ്ക്കാം എന്ന സൗകര്യം.

പിണറായി വിജയന്‍ ഈയിടെ യു എസ് സന്ദര്‍ശനത്തിനൊപ്പം ക്യൂബയിലും പോയിരുന്നല്ലോ. 2016ല്‍ മുഖ്യമന്ത്രിയായ അദ്ദേഹം വിദേശയാത്രയുടെ കാര്യത്തില്‍ എല്ലാ മുഖ്യമന്ത്രിമാരുടെയും റെക്കോഡുകള്‍ തിരുത്തികുറിച്ച ആളാണ്. . അമേരിക്കയിലും യൂറോപ്പിലും ഇത്രയധികം സന്ദര്‍ശനം നടത്തിയ മറ്റൊരു മുഖ്യമന്ത്രി നമുക്കില്ല. കെ കരുണാകരന്‍ ഒരിക്കല്‍ മാത്രമാണ് വിദേശത്ത് പോയത്. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്ദര്‍ഭത്തില്‍. പിണറായി എന്തുകൊണ്ട് ദെങ് സിയാവോ പിങ്ങിന്റെ ചൈനയിലോ ഫിദല്‍ കാസ്‌ട്രോവിന്റെ ക്യൂബയിലോ കിം ഉല്‍ സുങ്ങിന്റെ കൊറിയയിലോ ഹോചിമിന്റെ വിയറ്റ്‌നാമിലോ പോകുന്നില്ലെന്ന ചോദ്യം അദ്ദേഹത്തിന്റെ കാതുകളിലും എത്തിയിട്ടുണ്ടാകാം. അതുകൊണ്ടാകാം , ക്യൂബയില്‍ ഒന്ന് പൊയ്ക്കളയാം എന്ന് അദ്ദേഹം നിശ്ചയിച്ചത്. കമ്യൂണിസത്തില്‍ വിശ്വസിക്കുന്ന പാവങ്ങള്‍ക്ക് ആവേശമോ പ്രചോദനമോ നല്‍കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എത്രയോ മുമ്പ് ക്യൂബയില്‍ പോകാമായിരുന്നു. പക്ഷേ, അവിടെ ഒരു കുഴപ്പമുണ്ടെന്ന് വിമര്‍ശകര്‍ മനസ്സിലാക്കണം. ഫിദലിന്റെ ക്യൂബയില്‍ , ന്യൂയോര്‍ക്കിലെപ്പോലെ സ്‌പോണ്‍സര്‍ഷിപ്പ് പറ്റില്ല. അവിടെ എല്ലാം സര്‍ക്കാര്‍ തലത്തിലേ നടക്കൂ. എന്തെങ്കിലുമാകട്ടെ, പിണറായി വിജയന്‍ ഒരു സോഷ്യലിസ്റ്റ് രാജ്യം പോലും സന്ദര്‍ശിച്ചില്ല എന്ന് ഇനിയാര്‍ക്കും പറയാനാവില്ലല്ലോ.

നമുക്ക് ശിവശങ്കരന്‍ പറഞ്ഞ കാര്യത്തിലേക്ക് വരാം. ജയിലില്‍നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുപ്രീം കോടതിയില്‍ അദ്ദേഹം ഇങ്ങനെയൊരു സത്യവാങ്മൂലം നല്‍കിയതെന്ന് പറഞ്ഞാല്‍ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. ശിവശങ്കരന്റെ വക്കീലിന്റെ വാദം കേട്ട സുപ്രീം കോടതി ജഡ്ജി ചോദിച്ചത്, സര്‍ക്കാരില്‍ ഉയര്‍ന്ന സ്ഥാനത്തിരുന്ന ശിവശങ്കരന്‍ സര്‍ക്കാര്‍ ആശുപത്രികളെ ആക്ഷേപിക്കുകയാണോ എന്നാണ് . എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് നുണ പറയാന്‍ മടിയില്ലാത്ത ഏജന്‍സിയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ശിവശങ്കരന്റെ കാര്യത്തില്‍ ഇഡി സുപ്രീം കോടതിയില്‍ പറഞ്ഞത് സത്യമാണ് . സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ ശിവശങ്കരന്‍ നിരസിച്ചുവെന്ന്. . സര്‍ക്കാര്‍ ആശുപത്രിയിലാകുമ്പോള്‍ അസുഖത്തിനേ ചികിത്സ കിട്ടൂ. ചികിത്സ കഴിഞ്ഞാല്‍ ജയിലിലേക്ക് തിരിച്ചുപോകണം.. തമിഴ്‌നാട്ടിലെ സെന്തില്‍ ബാലാജിക്ക് കോടതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ അനുവദിച്ചില്ലേ എന്ന് ശിവശങ്കരന്‍ ചോദിച്ചേക്കാം.  

താന്‍ മുഖ്യമന്ത്രിക്ക് ചെയ്തുകൊടുത്ത സഹായങ്ങള്‍ക്ക് അതേരീതിയില്‍ തിരിച്ച് കിട്ടുന്നില്ല എന്ന് ശിവശങ്കരനു മനഃസ്താപമുണ്ടാവാം . കുറച്ചുനാള്‍ ജയിലില്‍ കിടക്കുമ്പോള്‍ ആര്‍ക്കും അങ്ങനെയൊക്കെ തോന്നും. എങ്ങനെ കഴിഞ്ഞിരുന്ന ആളായിരുന്നു ശിവശങ്കരന്‍… എല്ലാം സ്വപ്‌ന സുരേഷ് നശിപ്പിച്ചുവെന്നോ ഇഡി കുളമാക്കി എന്നോ പറയാം. .ക്ഷേ, ഒരു മുഖ്യമന്ത്രിക്ക് പരിമിതികളുണ്ടെന്നു ശിവശങ്കരന്‍ മനസ്സിലാക്കണം . മുഖ്യമന്ത്രിയുടെ ഉള്ളില്‍ എപ്പോഴും ശിവശങ്കരനുണ്ടെന്ന് സാക്ഷാല്‍ ശിവശങ്കരന്‍ തിരിച്ചറിയണം.  

Leave a Reply

Your email address will not be published. Required fields are marked *