മോദി മൗനം വെടിയാന്‍ ആ വിഡിയോ വേണ്ടി വന്നു
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇത് ഭീതിദമായ കാലമാണ്. മാധ്യമസ്വാതന്ത്ര്യം ഉണ്ടോ ഇല്ലയോ എന്നത് തര്‍ക്കവിഷയമാണ്. അതെന്തായാലും തര്‍ക്കമില്ലാത്ത ഒരു വസ്തുതയുണ്ട്. മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ലോകത്ത് 180ല്‍ 161 ആണ് ഇന്ത്യയുടെ സ്ഥാനം.. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നശേഷം, മാധ്യമങ്ങള്‍ പൊതുവെ ചുരുണ്ടുകൂടി ഒരു മൂലയില്‍ കിടക്കുകയാണ്. മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ പദ്ധതിയെ നിര്‍ഭയം എതിര്‍ത്തിരുന്ന ഒരു പത്രമാണ് തെക്കേ ഇന്ത്യയില്‍ പ്രമുഖ സ്ഥാനമുള്ള ദ ഹിന്ദു. ആ പത്രവും അടുത്തകാലത്തായി മയപ്പെട്ടു. വിമര്‍ശനമുണ്ടെങ്കില്‍ തന്നെ വളരെ ദുര്‍ബലമായി. ദ ഹിന്ദു നടത്തുന്ന കസ്തൂരി ആന്റ് സണ്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫ്രന്റ്‌ലൈന്‍ ദ്വൈവാരിക. ബിജെപിയുടെ ആശയങ്ങളെ തീവ്രമായി എതിര്‍ത്തിരുന്ന ആ വാരികയും പിറകോട്ടുപോയി.
ഇതാണ് പൊതുസ്ഥിതിയെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ തെല്ലും പേടിക്കാതെ പുറത്തിറക്കുന്ന നന്നേ ചുരുക്കം പത്രങ്ങളില്‍ ഒന്നാണ് കൊല്‍ക്കത്തയില്‍ നിന്ന് ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുന്ന ‘ദ ടെലഗ്രാഫ്’. ആ പത്രത്തിന്റെ വെള്ളിയാഴ്ചത്തെ ഒന്നാം പേജ് കണ്ടാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആ പേജ് പ്രചരിക്കുന്നുണ്ട്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ഒന്നാം പേജിന് തിളക്കവുമുണ്ട്. മണിപ്പൂരിലെ ഇംഫാലില്‍ രണ്ട് കുക്കി യുവതികളെ ബലാല്‍സംഗം ചെയ്ത ശേഷം ഒരു കൂട്ടം അക്രമികള്‍ അവരെ പൂര്‍ണ നഗ്‌നരാക്കി പൊതുറോഡിലൂടെ നടത്തിക്കുന്ന വീഡിയോ സംഭവം നടന്നു രണ്ടരമാസത്തിനുശേഷം ജൂലൈ 20ന് വ്യാഴാഴ്ചയാണ് ആരോ പുറത്തുവിട്ടത്. പുറംലോകം ആ സംഭവമറിഞ്ഞത് കഴിഞ്ഞ ദിവസമാണെങ്കില്‍ മണിപ്പൂര്‍ അധികാരികള്‍ക്ക് നേരത്തെ അറിയാമായിരുന്നു. ലോകത്തെയാകെ ഞെട്ടിച്ച ആ സംഭവത്തില്‍ മണിപ്പൂര്‍ പൊലീസ് ഒരു നടപടിയും എടുത്തില്ല. ആരെയും അറസ്റ്റ് ചെയ്തില്ല. രണ്ടരമാസം കഴിഞ്ഞ് വീഡിയോ പുറത്തുവന്നപ്പോഴാണ് പ്രധാനമന്ത്രി സംഭവത്തെ അപലപിച്ചു രംഗത്ത് വന്നത്. ഇത് മനോഹരമായി തുറന്നുകാട്ടുന്നതാണ് ജൂലൈ 21ലെ ടെലഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജ്. മുതലയുടെ ചിത്രങ്ങള്‍ കൊണ്ടാണ് ആ പേജില്‍ ഏഴ് കോളത്തില്‍ ഈ സംഭവം അവതരിപ്പിച്ചത്. മെയ് മൂന്നിനാണ് സംഭവം. അന്നുമുതല്‍ കഴിഞ്ഞ ദിവസം വരെ മുതലക്ക് അനക്കമില്ല. തീയതിവെച്ച് മുതലയുടെ ചിത്രം കൊടുത്തിട്ടുണ്ട്. 79ാം ദിവസം മുതല കണ്ണീര്‍ പൊഴിച്ചു. മുതലയിലൂടെ ഉദ്ദേശിക്കുന്നത് ആരെയാണെന്നു പറയേണ്ടതില്ല.
ദ ടെലഗ്രാഫ് ഈ രീതിയില്‍ മോദി സര്‍ക്കാരിനെ കീറിമുറിക്കുന്നത് ആദ്യമല്ല. കോവിഡ് മഹാമാരി ഉണ്ടായപ്പോഴത്തെ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം, മാസങ്ങള്‍ നീണ്ട കര്‍ഷക സമരം, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങി ജനജീവിതത്തെ സപ്ര്!ശിക്കുന്ന എത്രയോ സംഭവങ്ങളില്‍ ദ ടെലഗ്രാഫ് ഈ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്.
മലയാളിയായ എഡിറ്റര്‍ ആര്‍ രാജഗോപാലാണ് നട്ടെല്ല് നിവര്‍ത്തിയുള്ള ഈ മാധ്യമ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്. സാധാരണ നിലയില്‍ ആരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. രാജഗോപാലിനെ കേന്ദ്ര ഏജന്‍സികള്‍ ഉപദ്രവിച്ചില്ലേ? പത്രഉടമയുടെ വീട്ടില്‍ ആദായനികുതിക്കാരും ഇ ഡിയും കയറിയില്ലേ? ഇല്ല എന്നാണ് ഉത്തരം. അതാണ് അത്ഭുതം. ഈ പത്രത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. നാളെ ഉണ്ടായിക്കുടെന്നില്ല. എന്താവാം ടെലഗ്രാഫിനെ തൊടാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറാകാത്തത്. ടെലഗ്രാഫ് അധികം പ്രചാരമില്ലാത്ത ഒരു ഇംഗ്ലീഷ് പത്രമാണ്. കൊല്‍ക്കത്ത കൂടാതെ തെക്കന്‍ ബംഗാളില്‍ നിന്നും വടക്കന്‍ ബംഗാളില്‍ നിന്നും അവര്‍ക്ക് ഓരോ എഡിഷനുണ്ട്. ബംഗാളിലും ആ പത്രത്തിന് വലിയ സ്വാധീനമില്ല. എന്നാല്‍, നിര്‍ഭയ പ്രവര്‍ത്തനവും നവീന രീതികളും കൊണ്ട് ഈ പത്രം മാധ്യമലോകത്തിന്റെയും രാഷ്ട്രീയ കേന്ദ്രങ്ങളുടെയും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. പത്രത്തിന്റെ തലക്കെട്ട്, പേജ് വിന്യാസം മുതലായ കാര്യങ്ങളില്‍ നിരന്തരമായ പരീക്ഷണം ആ പത്രം നടത്തുന്നുണ്ട്. ജേണലിസം വിദ്യാര്‍ഥികള്‍ക്ക് ദ ടെലഗ്രാഫില്‍ നിന്ന് പലതും പഠിക്കാനുണ്ട്. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് വര്‍ത്തമാനകാലത്ത് നമുക്ക് അധികം മാതൃകകള്‍ ചൂണ്ടിക്കാണിക്കാനില്ല.
തങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നവര്‍ക്കും ഇവിടെ സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നു എന്ന് ചൂണ്ടിക്കാണിക്കാനാവാം ഒരുപക്ഷേ ,കേന്ദ്ര ഭരണാധികാരികളും ബിജെപിയും ഈ പത്രത്തെ വെറുതെ വിടുന്നത്.. അതുകൊണ്ട് ആര്‍എസ്എസിന്റെ ആശയങ്ങള്‍ക്കോ പദ്ധതിക്കോ പോറലൊന്നും ഏല്‍ക്കാന്‍ പോകുന്നില്ല.
തുടക്കത്തില്‍ പറഞ്ഞ ദ ഹിന്ദു മാത്രമല്ല മോദി സര്‍ക്കാരിനോടും ബിജെപിയോടും സമരസപ്പെട്ടത്. ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് വേറെയാണ്. അതിന്റെ പേര് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നാണല്ലോ. ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസും പഴയ നിലപാടില്‍ നിന്ന് ഏറെ പിന്നോട്ടുപോയി. ദൃശ്യമാധ്യമങ്ങളില്‍ ബിജെപിയെ ശക്തമായി എതിര്‍ത്തിരുന്ന പ്രണോയ് റോയിയുടെ എന്‍ഡിടിവി അദാനി ഗ്രൂപ്പിന്റെ കൈകളില്‍ എത്തി.. ബിജെപിയുടെ അജണ്ട പ്രാവര്‍ത്തികമാക്കുന്നതിന് പൊതുജനാഭിപ്രായം രൂപീകരിക്കുക എന്നതാണ് ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് ഇതിനു അപവാദമായുള്ളത്. . ദ ഹിന്ദുവിന്റെ മുന്‍ പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജനും മറ്റു രണ്ടുപേരും ചേര്‍ന്ന് ആരംഭിച്ച ‘ദ വയര്‍’ അതില്‍ പ്രധാനമാണ്. വയറിന്റെ സ്ഥാപകര്‍ക്കെതിരെയും കേന്ദ്ര ഏജന്‍സികള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. മൂലധനശേഷിയുള്ള ടിവി ചാനലുകളും പത്രങ്ങളും ഭരണകൂടത്തിന്റെ താല്‍പ്പര്യ സംരക്ഷകരായി മാറിയെന്നാണ് സിദ്ധാര്‍ഥ് വരദരാജന്‍ പറയുന്നത്.
ഏറ്റവുമധികം ജനങ്ങള്‍ പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്ന കേരളത്തിലേക്ക് വന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുെടെ മാധ്യമങ്ങളല്ലാതെ, ബിജെപിയുടെ നയങ്ങളെയോ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയോ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. കേരള സര്‍ക്കാരും മാധ്യമ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണ്‍ ഇടുകയാണെന്നു ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ പറഞ്ഞത് ഈയിടെ കേരളത്തില്‍ വന്നാണ്. മാധ്യമസ്വാതന്ത്ര്യമില്ലാത്ത ഒരു രാജ്യത്ത് ജനാധിപത്യമുണ്ടെന്ന് ആര്‍ക്കാണ് അവകാശപ്പെടാന്‍ കഴിയുക? മണിപ്പൂരില്‍ മാസങ്ങളായി ഇന്റര്‍നെറ്റ് വിഛേദിച്ചിരിക്കയാണ്. ഇന്റര്‍നെറ്റ് ഉപയോഗം ജനങ്ങളുടെ മൗലികാവകാശമായി പരിഷ്‌കൃതലോകം കണക്കാക്കുമ്പോഴാണ് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഗവണ്‍മെന്റ് സ്വേഛാപരമായി ഇന്റര്‍നെറ്റ് സൗകര്യം നിഷേധിക്കുന്നത്.. പെണ്‍കുട്ടികളെ നഗ്‌നരായി തെരുവിലൂടെ വലിച്ചിഴച്ചതും ബലാല്‍സംഗവും പുറംലോകമറിയാന്‍ രണ്ടുമാസം എടുത്തത് മാധ്യമസ്വാതന്ത്ര്യത്തിന്റെ അഭാവംകൊണ്ടാണ് .
ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും യാത്രാസൗകര്യവും കിട്ടാത്ത, വിദ്യാലയങ്ങള്‍ രണ്ടു മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന മണിപ്പൂരില്‍ മാധ്യമസ്വാതന്ത്ര്യത്തിന് എന്താണ് പ്രസക്തിയെന്നു ചോദിച്ചേക്കാം . മണിപ്പൂരില്‍ ക്രൂരതക്കിരായ ഒരു പെണ്‍കുട്ടിയുടെ അമ്മ, പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാദത്തിനോട് സംസാരിച്ച കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വായിക്കാം. ഭീകരസംഭവത്തിന്റെ വീഡിയോ പുറത്തുവന്നശേഷമാണ് പ്രധാനമന്ത്രി പ്രതികരിക്കുകയും ചില പൊലീസ് നടപടികള്‍ ഉണ്ടാവുകയും ചെയ്തതെങ്കിലും ആ വീഡിയോ പുറത്തുവരാന്‍ പാടില്ലായിരുന്നുവെന്നാണ് ആ അമ്മ നെഞ്ചുപൊട്ടി കരഞ്ഞുപറഞ്ഞത്. കാരണം, ആ പെണ്‍കുട്ടികള്‍ ഇനി ഈ സമൂഹത്തില്‍ എങ്ങനെ ജീവിക്കും? അവരുടെ ജീവിതകാലവും അതിനുശേഷവും ആ വീഡിയോ പൊതുമണ്ഡലത്തിലുണ്ടാകും. ഈ മാനസികാഘാതം കുട്ടികള്‍ക്ക് എങ്ങനെ താങ്ങാനാവുമെന്നാണ് ആ അമ്മ ചോദിച്ചത്. അതിന് എന്താണ് ഉത്തരം? രണ്ടുമാസം കഴിഞ്ഞ് ആ വീഡിയോ ആരാണ് പുറത്തുവിട്ടത്? എന്താണ് അവരുടെ ഉദ്ദേശ്യം?
മണിപ്പൂര്‍ രണ്ടു മാസത്തിലേറെയായി കത്തിക്കൊണ്ടിരുന്നിട്ടും പ്രധാനമന്ത്രി എന്താണ് മിണ്ടാതിരുന്നത് ? കുറ്റകരമായ ഈ മൗനം അദ്ദേഹം വെടിഞ്ഞത് ലോകത്തിനു മുഴുവന്‍ മുന്‍പില്‍ ഇന്ത്യ അപമാനിക്കപ്പെട്ട വിഡിയോ പുറത്തു വന്ന ശേഷമാണ് .