We Talk

ചീറ്റിപ്പോയ അണുബോംബ്, നനഞ്ഞുപോയ നോളന്‍; ഓപ്പണ്‍ഹൈമര്‍ ഓര്‍ഡിനറിയാവുമ്പോള്‍!

സമകാലീന ചലച്ചിത്രലോകത്ത് ഏറ്റവും കൂടുതല്‍ കൊണ്ടാടപ്പെട്ട സംവിധായകന്‍. ക്രിസ്റ്റര്‍ഫര്‍ നോളന്‍ എന്ന ആ രണ്ട് വാക്ക് മാത്രം മതി, ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെ ആവേശക്കൊടുമുടിയില്‍ എത്തിക്കാന്‍. തീര്‍ത്തും അസാധാരണമായ സിനിമാ അനുഭവങ്ങളാണ് നോളന്‍ ചിത്രങ്ങള്‍. സമയ കാലങ്ങള്‍ കൊണ്ടുള്ള കുഴമറിച്ചിലും, നോണ്‍ ലീനിയര്‍ ആഖ്യാനശൈലിയും, ബ്ലാക്ക് ആന്‍ഡ് വൈറ്റും കളറും മാറിമാറിവരുന്ന പാറ്റേണും, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍ ഉപയോഗിക്കാതെ നേരിട്ടുള്ള ചിത്രീകരണവുമൊക്കെയായി, ലോക ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് ആയി മാറിയ ഒരു സംവിധായകനാണ് അദ്ദേഹം. ഫ്രെയിമിലും കോമ്പോസിഷനിലുമൊക്കെ ഈ പ്രതിഭയെ അനുകരിക്കുന്നവരില്‍ മലയാളത്തിലെ ന്യൂജന്‍ സംവിധായകര്‍വരെയുണ്ട്.  ഇന്റര്‍സ്റ്റെല്ലാര്‍, ഡന്‍കിര്‍ക്ക്, ടെനറ്റ്, ബാറ്റ്മാന്‍ സീരീസ് തുടങ്ങിയ നോളന്റെ മൂന്‍കാല ചിത്രങ്ങള്‍ ആ പ്രതിഭക്ക് അടിവരയിടുന്നു.

അതേ, ക്രിസ്റ്റര്‍ഫര്‍ നോളന്‍, ആറ്റംബോബിന്റെ പിതാവ് എന്ന് കരുതുന്ന റോബര്‍ട്ട് ജെ ഓപ്പണ്‍ ഹൈമറുടെ കഥയുമായി വരുമ്പോള്‍, പ്രതീക്ഷകള്‍ വാനോളമായിരുന്നു. പക്ഷേ മലപോലെ വന്നത് എലിപോലെയായി എന്നതായി അവസ്ഥ. മൂന്ന്മണിക്കുര്‍ ദൈര്‍ഘ്യമുള്ള ചിത്രം, പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. അണുബോംബ് സ്‌ഫോടനവും, രണ്ടാംലോക മഹായുദ്ധവുമൊക്കെയായി സംഭവ ബഹുലമായ ഒരു ത്രില്ലര്‍ മോഡിലുള്ള ഒരു സയന്‍സ് ഫിക്ഷനാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ സമ്പൂര്‍ണ്ണമായ നിരാശയായിരിക്കും ഫലം. ഒരു ഇന്‍സ്റ്റിഗേഷന്‍കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമ എന്ന് പറയാവുന്ന ചിത്രത്തില്‍ ഏറെയുള്ളത്, ആക്ഷന് പകരം സംഭാഷണങ്ങളാണ്. കൊട്ടിഘോഷിക്കപ്പെടുന്ന നോളന്റെ മേക്കിങ്ങ് മാജിക്ക്, ആറ്റംബോംബ് ടെസ്റ്റിന്റെത് അടക്കമുള്ള ഒന്ന് രണ്ട് രംഗങ്ങളില്‍ ഒതുങ്ങുകയാണ്. നീണ്ട സംഭാഷണങ്ങള്‍ക്ക് പലപ്പോഴും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാനാവുന്നില്ല. ‘നനഞ്ഞുപോയ നോളന്‍’ എന്ന് ഒരു വിരുതന്‍ ഫേസ്ബുക്കില്‍ എഴുതിയത് തന്നെയാണ് ശരി.

വന്‍ ഹൈപ്പ് തിരിച്ചടിയായോ?

നോളന്റെ മൂന്‍കാല ചിത്രങ്ങളുടെ നിലവാരം എടുത്താല്‍ ഇത് എവിടെയും എത്തിയിട്ടില്ല. പക്ഷേ ചരിത്ര ശാസ്ത്ര കുതുകികളെ ചിത്രം തൃപ്തിപ്പെടുത്തും, ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനും, ഹൈസന്‍ ബര്‍ഗും, നീല്‍സ്‌ബോറും, അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാനുമൊക്കെ കടന്നുവരുന്ന ഒരു ചരിത്ര കാലഘട്ടത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. പക്ഷേ  ലോകത്തിലെ ആദ്യത്തെ ആണു വിസ്‌ഫോടനത്തിന്റെ കഥ എന്നതുവഴിയുണ്ടായ വന്‍ ഹൈപ്പ് വഴി ഇതൊരു ത്രില്ലര്‍ വാര്‍ മൂവിയാണെന്ന പ്രതീക്ഷയുമായി എത്തിയ പ്രക്ഷകര്‍ക്ക്, വലിയ നിരാശയാണ് ചിത്രം ഉണ്ടാക്കുന്നത്.

ആറ്റംബോംബിന്റെയും യുദ്ധത്തിന്റെയും കഥയിലേക്കല്ല, ഓപ്പണ്‍ഹൈമര്‍ എന്ന മനുഷ്യന്റെ വികാരങ്ങളിലൂടെയാണ് നോളന്‍ ചിത്രം കൊണ്ടുപോവുന്നത്.  കിലിയന്‍ മര്‍ഫി എന്ന നടന്‍ അസാധ്യമായ ഫോമില്‍ ഓപ്പണ്‍ഹൈമറുടെ ഹര്‍ഷ സംഘര്‍ഷങ്ങളെ ഒപ്പിയെടുത്തിട്ടുണ്ട്. മര്‍ഫിക്ക് ഓസ്‌ക്കാര്‍ പ്രതീക്ഷ നല്‍കുന്ന ചിത്രമാണിത്. നക്ഷത്രങ്ങള്‍ മരിക്കുന്നത് എങ്ങനെ എന്ന് പഠിക്കാനെത്തിയ ആ കൗമാരക്കാരനില്‍നിന്ന്, ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ അണുബോബിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്ന പദവിയിലേക്കുള്ള വളര്‍ച്ചയിലെ അയാളുടെ മാനസിക സംഘര്‍ഷങ്ങള്‍ കൃത്യമായി സിനിമ കാണിക്കുന്നുണ്ട്. അവസാനം പ്രശസ്തിയുടെ കൊടുമുടിയില്‍നില്‍ക്കുമ്പോള്‍, കമ്യൂണിസ്റ്റ് ചാരന്‍ എന്ന പേരില്‍ വിചാരണ ചെയ്യപ്പെടുത്തുമെല്ലാം സിനിമ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്.  എമിലി ബ്ലണ്ട്, റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി ചെറുതുവും വലുതുമായ ചിത്രത്തില്‍ വേഷമിട്ടവരൊക്കെ നന്നായിട്ടുമുണ്ട്. പക്ഷേ പ്രശ്‌നം അതല്ല. ഈ ഇമോഷണ്‍ല്‍ ഡ്രാമയൊക്കെ ആര്‍ക്കും ചെയ്യാന്‍ പറ്റും. അതല്ല ഒരു നോളന്‍ ചിത്രത്തില്‍നിന്ന് പ്രേക്ഷകര്‍ പ്രീതിക്ഷിക്കുന്നത്.

മാന്‍ഹട്ടന്‍ മാജിക്ക്

പക്ഷേ നോളന്റെ പ്രതിഭ പൂത്തുലഞ്ഞ് നില്‍ക്കുന്നത്, ലോകത്തിലെ ആദ്യത്തെ അണുപരീക്ഷണം ചിത്രീകരിക്കുന്നിടത്താണ്.  സിനിമ സംവിധായകന്റെ സൃഷ്ടിയാണ്, കംപ്യൂട്ടറിന്റേതല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന സംവിധായകനാണ് ഇദ്ദേഹം. സിജിഐയില്‍ (കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഇമേജറി) എന്ത് അദ്ഭുതങ്ങളും സൃഷ്ടിക്കാന്‍ കെല്‍പുള്ള അനേകര്‍ക്കു പഞ്ഞമില്ലാത്ത ഹോളിവുഡില്‍ അതു വേണ്ടെന്നു  വയ്ക്കാന്‍  അസാമാന്യമായ ചങ്കുറപ്പും തന്റേടവും വേണം. ആ അണവ പരീക്ഷണത്തിന്റെ ഘട്ടത്തില്‍ സ്വയം തീപ്പിടിച്ചെന്നപോലെ പ്രേക്ഷകര്‍ക്ക് തോന്നിടത്ത് കാണം നോളന്‍ മാജിക്ക്. ഐമാക്‌സ് ക്യാമറ ഉപയോഗിച്ച് മാന്വലായാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അത് കണ്ടുതന്നെ അറിയണം.

പക്ഷേ ഇതുപോലെ ഒന്നിരണ്ടിടത്ത് മാത്രമായി നോളന്‍ മാജിക്ക് ഒതുങ്ങുന്നു. ബാക്കിയുള്ളിടത്ത് ഇത് ഒരു സാധാരണ ചിത്രമാണ്. നോളന്റെ മറ്റ് ചില ചിത്രങ്ങളെപ്പോലെ യാതൊരു ദുര്‍ഗ്രാഹ്യതയും ചിത്രത്തിനില്ല. കഥ സിമ്പിളായി മുന്നോട്ട് പോവുകയാണ്. ചിലര്‍ നേരത്തെ ആഘോഷിച്ചതുപോലെ ഭഗവത്ഗീതാ റഫറന്‍സുകള്‍ പറഞ്ഞുപോകുന്നുവെന്നല്ലാതെ, അധികമൊന്നും ചിത്രത്തില്‍ വരുന്നില്ല.”ആയിരം സൂര്യന്മാരുടെ തിളക്കം ആകാശത്തേക്ക് പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍, അത് ശക്തനായവന്റെ തേജസ്സ് പോലെയായിരിക്കും… ഞാന്‍ മരണമായി മാറുന്നു, ലോകങ്ങളുടെ വിനാശകനാകുന്നു’ എന്ന ഗീതയിലെ ക്വാട്ട് ചിത്രത്തിലുണ്ടുവെന്ന് മാത്രം.

നോളന്റെ തന്നെ സിനിമകളായ ഇന്റര്‍സ്റ്റെല്ലാര്‍, ഡന്‍കിര്‍ക്ക്, ടെനറ്റ് എന്നി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഹോയ്റ്റ വന്‍ ഹോയ്‌റ്റെമ തന്നെയാണ് ഓപ്പണ്‍ഹൈമറും ചെയ്തിരിക്കുന്നത്. ടെനറ്റിന് പശ്ചാത്തല സംഗീതമൊരുക്കിയ ലുഡ്വിക് ഗൊരാന്‍സന്‍ ആണ് സംഗീതവും. പക്ഷേ അമേരിക്കന്‍ ജനതയെ , അഭിപ്രായ സ്വാതന്ത്ര്യത്തിനും, കലാസൃഷ്ടിക്കള്‍ക്കും കൊടുക്കുന്ന പ്രാധാന്യം ഇവിടെ പ്രകടമാണ്. യുഎസ് പ്രസിഡന്റ് ട്രൂമാനെയടക്കം പ്രതിക്കൂട്ടിലാക്കിയിട്ടും ഈ ചിത്രത്തിന് പ്രദര്‍ശനവിലക്കോ ഭരണകൂട വേട്ടയോ നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയില്‍ ആണെങ്കില്‍ കാണാമായിരുന്നു. യുഎപിഎ ചുമത്തപ്പെട്ട് ക്രിസ്റ്റഫര്‍ നോളന്‍ അകത്തായേനെ!

Leave a Reply

Your email address will not be published. Required fields are marked *