We Talk

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: 97 താത്കാലിക ബാച്ചുകള്‍ അനുവദിച്ചു

തിരുവനന്തപുരം : സം സ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 97 താത്കാലിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് അധിക സീറ്റുകള്‍ അനുവദിച്ചത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. മലപ്പുറത്ത് 53 ബാച്ചുകളാണ് അനുവദിച്ചിട്ടുള്ളത്. സയന്‍സ് (4), ഹ്യുമാനിറ്റീസ് (32), കൊമേഴ്‌സ് (17) എന്നിങ്ങനെയാണ് ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. പാലക്കാട് (4), കോഴിക്കോട് (11), കാസര്‍കോട് (15), കണ്ണൂര്‍ (10), വയനാട് (4) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ അനുവദിച്ച ബാച്ചുകളുടെ എണ്ണം. ഇതോടെ നേരത്തെ അനുവദിച്ച 14 ബാച്ചുകള്‍ ഉള്‍പ്പെടെ മൊത്തം ബാച്ചുകളുടെ എണ്ണം 111 ആകും.

ഉയർന്ന മാര്‍ക്ക് വാങ്ങി എസ്എസ്എല്‍സി ജയിച്ചവര്‍ക്ക് പോലും പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടിയില്ലെന്ന് വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി വിവാദത്തിന് പിന്നില്‍ വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സമീപിക്കുന്ന ഒരു വിഭാഗമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി. ” മലപ്പുറത്തെ പ്ലസ് വണ്‍ പ്രവേശനത്തെ ചൊല്ലി വലിയ തോതില്‍ വിവാദമുണ്ടാക്കാന്‍ ശ്രമമുണ്ടായി. ഫുള്‍ എ പ്ലസ് കിട്ടിയവര്‍ക്ക് പ്രവേശനം കിട്ടിയില്ലെന്നത് വ്യാജപ്രചാരണമാണ്. മലബാറില്‍ ഏറ്റവും അധികം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ്” – മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *