We Talk

ഗുസ്തി ഫെഡറേഷന്‍ വോട്ടര്‍ പട്ടികയില്‍നിന്ന് ബ്രിജ് ഭൂഷണ്‍ പുറത്ത്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍ പട്ടികയില്‍നിന്ന് ലൈംഗിക പീഡന ആരോപണം നേരിടുന്ന ബി.ജെ.പി. എം.പി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പുറത്ത്. ജമ്മുകശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽ കുമാർ ആണ് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടർ പട്ടിക തയ്യാറാക്കിയത് . വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമേ ഓഗസ്റ്റ് 12-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയൂ.
ഗുസ്തി ഫെഡറേഷന്റെ പുതിയ ഭാരവാഹികളായി ബ്രിജ് ഭൂഷണ്‍ ശരണിന്റെ കുടുംബത്തില്‍നിന്ന് ആരും ഉണ്ടാകരുതെന്ന് സമരത്തിന് നേതൃത്വം നല്‍കിയിരുന്ന ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെയും ഇളയ മകന്‍ കരണ്‍ പ്രതാപിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം, ബ്രിജ് ഭൂഷണ്‍ ശരണിന്റെ മകളുടെ ഭര്‍ത്താവ് വിശാല്‍ സിങ് പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ബിഹാര്‍ ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലാണ് വിശാല്‍ പട്ടികയില്‍ത്തിയിട്ടുള്ളത്. അതേസമയം, വിശാല്‍ സിങ് ദേശീയ ഗുസ്തി ഫെഡറേന്‍ഷന്റെ ഒരു ഭാരവാഹിത്വത്തിലേക്കും മത്സരിക്കില്ലെന്നാണ് സൂചന.

ബ്രിജ് ഭൂഷണ്‍ ശരണിന്റെ രണ്ടാമത്തെ മരുമകന്‍ ആദിത്യ പ്രതാപ് സിങ്ങിന്‍റെ പേരും വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല. ദേശിയ ഗുസ്തി ഫെഡറേഷന്റെ മുന്‍ ജോയിന്റ് സെക്രട്ടറിയാണ് ആദിത്യ പ്രതാപ് സിങ്. ബ്രിജ് ഭൂഷണ്‍ മത്സരിക്കുന്നില്ലെങ്കിലും അദ്ദേഹത്തോട് അടുപ്പമുള്ള പലരും വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.അതിനാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *