മണിപ്പൂര്‍ കലാപം: പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന് അനുമതി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് സ്പീക്കറുടെ അനുമതി. വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യ്ക്ക് വേണ്ടി കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് അനുമതി നേടിയത്. മണിപ്പൂർ വംശീയ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം.
വിവിധ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷം പ്രമേയം അവതരിപ്പിക്കാൻ ഉചിതമായ സമയം അറിയിക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. ‘ഇന്ത്യ’ സഖ്യത്തിന് പുറമെ ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) പ്രത്യേക അവിശ്വാസ പ്രമേയ നോട്ടീസ് സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചാൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ സമാധാനം പുലരുമെന്ന വിശ്വാസത്തിലാണ് നടപടിയെന്ന് ബിആർഎസ് എംപി നമ നാഗേശ്വര പറഞ്ഞിരുന്നു. അതിനിടെ, മണിപ്പൂർ വിഷയത്തിൽ സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിലവിൽ രണ്ടുമണി വരെ ലോക്‌സഭ പിരിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി സഭയിൽ പ്രതികരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം മുഴക്കിയതോടെയാണ് സഭാ നടപടികള്‍ തടസപ്പെട്ടത്.