We Talk

കള്ള് ഇനി കേരള ടോഡി ,ടൂറിസം സീസണില്‍ റസ്റ്റോറന്റുകളില്‍ ബിയര്‍: പുതിയ മദ്യനയത്തിന് അംഗീകാരം

തിരുവനന്തപുരം : പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവർഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് തദ്ദേശ-എക്‌സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതിന് ആവശ്യമായ നിയമനിർമാണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ മദ്യനയത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന് ചട്ടങ്ങളിൽ ആവശ്യമായ ക്രമീകരണം നടത്തും.ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 35 ലക്ഷമായി വര്‍ധിപ്പിക്കും.

. ലഹരിവിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് കൂടുതൽ ഊന്നലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കള്ള് ഷാപ്പുകൾക്ക് ഒരേ ഡിസൈൻ കൊണ്ടുവരും. കേരള ടോഡി എന്ന പേരിൽ കള്ളിനെ ബ്രാൻഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിദേശ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളിൽ വിനോദസഞ്ചാര സീസണിൽ മാത്രം ബിയർ, വൈൻ എന്നിവ വിൽപന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും. ഇപ്പോൾ കേരളത്തിൽ 559 വിദേശമദ്യ ചില്ലറ വിൽപന ശാലകൾക്കാണ് അനുമതിയുള്ളത്. എന്നാൽ 309 ഷോപ്പുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കും.

മറ്റ് മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജുകളിൽ 2023-24 അധ്യയനവർഷം മുതൽ വിദ്യാർത്ഥി പ്രവേശനശേഷി 8 വീതമായി നിജപ്പെടുത്തി എംഎസ് സി മെൻറൽ ഹെൽത്ത് നഴ്സിങ് കോഴ്സ് ആരംഭിക്കുന്നതിന് അനുമതി നൽകി.

പത്രപ്രവർത്തക പെൻഷൻ, ഇതര പെൻഷനുകൾ തുടങ്ങിയവ തീർപ്പാക്കുന്നതിന് വിവര പൊതുജനസമ്പർക്ക വകുപ്പിൽ അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടർ തസ്തികയ്ക്ക് 1.4.2023 മുതൽ 31.3.2024 വരെ തുടർച്ചാനുമതിയും നൽകി.

തൃശൂർ ജില്ലയിലെ ചിട്ടി ആർബിട്രേഷൻ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിൽ സൃഷ്ടിച്ചിരുന്ന 4 സബ് രജിസ്ട്രാറുടെയും 6 ക്ലർക്കിൻറെയും താൽക്കാലിക തസ്തികകളിൽ 2 സബ് രജിസ്ട്രാറുടെയും 4 ക്ലർക്കിൻറെയും തസ്തികകൾക്ക് 31.03.2024 വരെ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

മലബാർ ദേവസ്വം ബോർഡിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളിലെ സ്ഥിരം ജീവനക്കാർക്ക് 1.7.2019 മുതൽ മുൻകാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിൻറെ ആനുകൂല്യം വ്യവസ്ഥകൾക്ക് വിധേയമായി നൽകാൻ തീരുമാനിച്ചു.

കാസർഗോഡ് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിന് തുടർ നടപടികൾ സ്വീകരിക്കും.

പത്തനംതിട്ട മല്ലപ്പള്ളിയിൽ മോക്ക് ഡ്രില്ലിനിടെ മരണപ്പെട്ട ബിനു സോമൻറെ നിയമപരമായ അനന്തരാവകാശികൾക്ക് സർക്കാർ അനുവദിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം തുല്യമായി വീതിച്ച് നൽകും. സഹോദരിക്കും സംരക്ഷണയിൽ കഴിഞ്ഞ് വന്ന സഹോദരപുത്രനുമാണ് തുക വീതിച്ച് നൽകുക.

കൊച്ചിയിൽ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാൻറ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം, ജലം, വൈദ്യുതി, എന്നിവ നൽകുന്നതിനും പൈപ്പ് ലൈൻ ഇടുന്നതിനുമുളള അനുമതി ബിപിസിഎല്ലിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. വിശദമായ പ്രോപ്പോസൽ 2023 ഒക്ടോബർ ഒന്നിനകം തയ്യാറാക്കി സമർപ്പിക്കാൻ ബിപിസില്ലിനോട് ആവശ്യപ്പെടും.

പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ 2 വില്ലേജിൽ ഞാവിളിൻകടവ് പാലം എലിവേറ്റഡ് സ്ട്രക്ച്ചർ ആയി നിർമ്മിക്കുന്നതിന് ആവശ്യമായി വരുന്ന 90 സെൻറ് നെൽവയൽ പൊതുആവശ്യത്തിനായി വ്യവസ്ഥകൾക്ക് വിധേയമായി പരിവർത്തനാനുമതി നൽകാൻ തീരുമാനിച്ചു. 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് മില്ലുടമകൾക്ക് നഷ്ടയിനത്തിൽ നൽകാനുള്ള തുക 10 കോടിയായി നിജപ്പെടുത്തി ഒറ്റത്തവണയായി നിബന്ധനകളോടെ അനുവദിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *