We Talk

മുസ്ലീം യൂത്ത് ലീഗ് റാലിയിലെ വിദ്വേഷപരമായ മുദ്രാവാക്യം: 300 ഓളം പേര്‍ക്കെതിരെ കേസ്

കാസർ​ഗോഡ്: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിൽ വിദ്വേഷപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകരമാണ് കേസ്. മുസ്ലീം യൂത്ത് ലീഗ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പുർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായായിരുന്നു റാലി. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ചു നല്‍കിയ വ്യക്തിക്കെതിരെ നടപടി സ്വീകരിച്ചതായി യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ പ്രകോപനപരവും വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം വിളി ഉയരുകയായിരുന്നു. പ്രകോപനപരമായ രീതിയില്‍ അബ്ദുൽ സലാം എന്ന പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിച്ചു കൊടുക്കുകയും മറ്റുള്ളവര്‍ അത് ആവേശത്തോടെ ഏറ്റുവിളിക്കുകയുമായിരുന്നു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ഫൈസല്‍ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു റാലി നടന്നത്.

പ്രകോപനപരവും മതവിദ്വേഷം പരത്തുന്നതുമായ മുദ്രാവാക്യം വിളിച്ചതിനെതിരെ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 153 എ പ്രകാരം മതവികാരം വ്രണപ്പെടുത്തല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം, ഇത്തരത്തിലുള്ള സംഭവങ്ങളെ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്ന നിലപാടിലാണ് യൂത്ത് ലീഗ് നേതൃത്വം. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ച് നല്‍കിയാളെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *