ഓഫീസുകള്‍ അടച്ചുപൂട്ടുന്നു; ബൈജൂസ് ആപ്പ് തകര്‍ച്ചയിലേക്കോ?
മിന്നൽ വേഗത്തിൽ ശതകോടീശ്വരനായ മലയാളി. ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെ കുറിച്ച് 2019ൽ പുറത്തുവന്ന വാർത്ത അങ്ങനെയായിരുന്നു. വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസിന്റെ സ്ഥാപകൻ കണ്ണൂർ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രന്റെ കമ്പനിയുടെ മൂല്യം 40,000 കോടി രൂപ കടന്നതോടെ ശതകോടീശ്വര പട്ടികയിലേക്ക് അദ്ദേഹം എത്തി. തുടർന്നങ്ങോട്ടുള്ള കോവിഡ് കാലം ഓൺലൈൻ വിദ്യാഭാസത്തിന്റെ സുവർണ്ണകാലം ആയിരുന്നു. അതോടെ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭമായി ബൈജൂസ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്‌പോൺസർ സ്ഥാനം തൊട്ട് ഖത്തർ ലോകകപ്പിന്റെ സ്‌പോൺസർമാരിൽ ഒരാളാവുന്ന രീതിയിലുള്ള അവിശ്വസനീയ വളർച്ച. അതും ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ. ഒരു കുടുസുമുറിയിൽ മാത്‍സ് ക്ലാസുകൾ എടുത്തിരുന്ന ബൈജു 2011-ലാണ് ബൈജു രവീന്ദ്രൻ തിങ്ക് ആൻഡ് ലേൺ ആരംഭിക്കുന്നത്. പഠന സഹായിയായ പ്രധാന ആപ്പ് പുറത്തിറക്കിയതാകട്ടെ 2015-ലും. ഇത് പുറത്തിറക്കി മൂന്ന് വർഷത്തിനുള്ളിൽ അയാൾ ശതകോടീശ്വര ലിസ്റ്റിലേക്ക് വളർന്നു. 2020ന്റെ തുടക്കത്തിൽ 2,200 കോടി ഡോളർ മൂല്യവുമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്നോളജി കമ്പനിയും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പുമായിരുന്നു ബൈജൂസ്.
പക്ഷേ ഈയടുത്ത കാലത്ത് ബൈജൂസിനെ കുറിച്ച് കേൾക്കുന്നത് ചെലവ് ചുരുക്കലിന്റെയും കൂട്ടപ്പിരിച്ചുവിടലിന്റെയും വാർത്തകളാണ്. വാടക കൊടുക്കാൻ പറ്റാതെ ഓഫിസ്കെ ട്ടിടങ്ങൾ ഒഴിയുന്നു. പ്രതിസന്ധിയുടെ നടുക്കയത്തിലാണ് ബൈജൂസ് .
കഴിഞ്ഞവർഷം തിരുവനന്തപുരത്തെ ജീവനക്കാരെ പിരിച്ചുവിട്ടത് സർക്കാർ ഇടപെട്ട് നടത്തിയ ചർച്ചയിലൂടെയാണ് പരിഹരിച്ചത്. ഇപ്പോൾ ചെലവുചുരുക്കലിന്റെ ഭാഗമായി ബെംഗളൂരുവിലെ വൻകിട കെട്ടിട സമുച്ചയങ്ങളിൽനിന്ന് ബൈജൂസ് ഒഴിഞ്ഞിരിക്കുകയാണ്. 5.58 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കല്യാണി ടെക് പാർക്കിലെ ഓഫീസ് സ്‌പേസ് ഒഴിഞ്ഞു കൊടുത്തു അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനോ വീട്ടിലിരുന്ന് ജോലി ചെയ്യാനോ ആണ് ആവശ്യപ്പെട്ടത്.
ബെംഗളൂരുവിൽ തന്നെ പ്രസ്റ്റീജ് ടെക് പാർക്കിലെ രണ്ടുനിലകളും ഒഴിഞ്ഞു. ഒൻപതുനിലകളിലായിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ മറ്റൊരു കെട്ടിടം കൂടി ഒഴിയുമെന്നാണ് സൂചന. ഇതുവഴി വാടകച്ചെലവ് വൻതോതിൽ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുന്നതും ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണ്. കഴിഞ്ഞ മാസം മാത്രം 1,000 ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്.ഇപ്പോൾ ദൈനംദിന ചെലവിനുപോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ബൈജൂസിൽ .
ഓഹരി മൂലധനം സമാഹരിക്കാൻ കഴിയാതെയായതോടെ, വിദേശ കമ്പനികളിൽ നിന്ന് ബൈജൂസ് വായ്പയെടുത്തിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ തിരിച്ചടവ് മുടങ്ങി. ദുബായിൽനിന്ന് 100 കോടി ഡോളർ സമാഹരിക്കാൻ വിവിധ നിക്ഷേപകരുമായി ബൈജു രവീന്ദ്രൻ നേരിട്ടു ചർച്ച നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഒടുവിൽ അവരുടെ മുന്നിൽ പൊട്ടിക്കരയേണ്ട സാഹചര്യമുണ്ടായി ബൈജു രവീന്ദ്രന് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
2020-ൽ കോവിഡിന്റെ തുടക്കത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രാധാന്യമേറിയതോടെയാണ് ബൈജൂസിന്റെ മൂല്യം കുതിച്ചുയർന്നത്. ഇതോടെ, കമ്പനിയിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകിയെത്തി. ഇതിന്റെ പിൻബലത്തിൽ കമ്പനി വൻതോതിൽ ഏറ്റെടുക്കലുകളും നടത്തി. ഇതാണ് ആദ്യം തിരിച്ചടിയായത്. കോവിഡ് അടച്ചുപൂട്ടലുകൾ കഴിഞ്ഞ് സ്‌കൂളുകൾ തുറന്നതോടെ, ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രാധാന്യം കുറയുകയും ബൈജൂസിന്റെ വരുമാനം ഇടിയുകയും ചെയ്തു.
ഉയർന്ന മൂല്യത്തിൽ മൂലധനം സ്വരൂപിക്കുന്നതിനു വരുമാനം പെരുപ്പിച്ചുകാട്ടിയത് തിരിച്ചടിയായി. വിദേശ പണമിടപാടുകളുടെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡുകൾ കൂടിയായതോടെ പ്രതിസന്ധിയുടെ ആഴം കൂടി. ഇതോടെ, കമ്പനിയിലെ ഓഹരിയുടമകളുടെ പ്രതിനിധികൾ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെച്ചു. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങലിലെ റിപ്പോർട്ട് കമ്പനി പുറത്തുവിട്ടിട്ടില്ല. സമീപകാലത്തായി കസ്റ്റമേഴസിൽ നിന്ന് ധാരാളം പരാതിയും ബൈജൂസിനെ കുറിച്ച് ഉണ്ടായി. ഇത്രയും പണം മുടക്കി ആപ്പുവാങ്ങുന്നവർക്ക് അതിന് അനുസരിച്ചുള്ള സേവനം കിട്ടുന്നില്ലെന്നത് തൊട്ട് ഇവർ തരുന്ന ടാബിന് നിലവാരമില്ലെന്ന് വരെ പരാതി നീളുന്നു. ഇത് പരിഹരിക്കാനും കമ്പനി കാര്യമായ ശ്രമം നടത്തിയില്ല. അത് ബാധിച്ചത് ബൈജൂസിന്റെ ഗുഡ്‌വില്ലിനെ ആയിരുന്നു.
കണ്ണൂർ അഴീക്കോട്ടെ വൻകുളത്തുവയൽ എന്ന ഗ്രാമത്തിൽ തയ്യിലെ വളപ്പിൽ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനാണ് ബൈജു. അദ്ധ്യാപക ദമ്പതിമാരുടെ മകൻ ചെറുപ്പത്തിൽതന്നെ പഠനത്തിൽ മികവു പുലർത്തിയിരുന്നു. അഴീക്കോട്ടെ സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്. കുട്ടിക്കാലത്ത് ക്ലാസുകൾ ഒഴിവാക്കി വീട്ടിൽ ഇരുന്ന് പഠിക്കാറുണ്ടായിരുന്നു ബൈജു. കാരണം പഠനത്തിൽ എപ്പോഴും ചില കുറുക്ക് വഴികൾ ഉണ്ടായിരുന്നു. പ്ലസ് ടു പഠന ശേഷം, കണ്ണൂർ എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കി. തുടർന്ന് ഒരു മൾട്ടി നാഷണൽ ഷിപ്പിങ് കമ്പനിയിൽ സർവീസ് എൻജിനീയറായി ജോലി നോക്കി.
ചെറുപ്പത്തിലെ പഠിപ്പിക്കാനും ബൈജു മിടുക്കൻ ആയിരുന്നു. കൂട്ടുകാരിൽ പലരും പറയുമായിരുന്നു ബൈജുവിന്റെ ക്ലാസാണ്് അവർക്ക് നല്ല മാർക്ക് വാങ്ങിക്കൊടുത്തത് എന്ന്. .2003ൽ ഒരു അവധിക്കാലത്ത് ക്യാറ്റ് പരീക്ഷക്ക് പഠിക്കുന്ന സുഹൃത്തുക്കളെ സഹായിച്ചതാണ് ബൈജുവിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ആ സുഹൃത്തുക്കൾ ഉയർന്ന മാർക്കിൽ പാസ്സായി. ഇതോടെ സുഹൃത്തുക്കളും അധ്യയനം പ്രൊഫഷൻ ആക്കാൻ ബൈജുവിനെ നിർബന്ധിച്ചു. രണ്ട് വർഷത്തിന് ശേഷം, ബൈജു ക്യാറ്റ്് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആളുകളെ ലക്ഷ്യമിട്ട് ഒരു കോച്ചിങ്ങ് ക്ലാസ് തുടങ്ങി. ഇതിന് ഗംഭീര പ്രതികരണമാണ് കിട്ടിയത്. ഇതോടെയാണ് അധ്യാപനമാണ് തന്റെ വഴിയെന്ന് ബൈജു തിരിച്ചറിയുന്നത്. തുടർന്ന് ജോലി ഉപേക്ഷിച്ച് മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കന്നവർക്ക് കോച്ചിങ്ങ് നൽകുന്ന ബൈജൂസ് ക്ലാസസ് തുടങ്ങി. അതും ഗംഭീര വിജയമായി. കേരളത്തിൽ അങ്ങോളമിങ്ങോളം പോയി ബൈജു ക്ലാസ് എടുത്ത് തകർത്തു. ഓഡിറ്റോറിയങ്ങളിൽ ആള് തികയാഞ്ഞതോടെ അത് സ്റ്റേഡിയത്തിലേക്ക് മാറി. വളരെ വ്യത്യസ്തമായി ക്ലാസ് എടുക്കാനുള്ള കഴിവ് വിദ്യാർത്ഥികളെ സ്വാധീനിച്ചു.
ജീവിതത്തിലും ബിസിനസിലും ബൈജു രവീന്ദ്രന്റെ പാർട്ണറാണ് ദിവ്യ ഗോകുൽനാഥ്. ബൈജൂസിന്റെ ആദ്യ ബാച്ചുകളിലൊന്നിലെ വിദ്യാർത്ഥിയായിരുന്നു ദിവ്യ. ‘വൈ ഡോൻഡ് യു ടീച്ച്’ എന്ന ബൈജുവിന്റെ ഒറ്റച്ചോദ്യത്തിലാണ് ബംഗളൂരു സ്വദേശിയായ ദിവ്യയുടെ ജീവിതം മാറിമറിഞ്ഞത്. വിദേശത്ത് വമ്പൻ സർവകലാശാലകളിൽനിന്ന് ബിരുദാനന്തരബിരുദത്തിന് പ്രവേശനം ലഭിച്ചിട്ടും അത് വേണ്ടെന്നു വച്ച് ബൈജൂസിന്റെ ഭാഗമായി. 2011-ലാണ് ‘ബൈജൂസ്’ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. വർഷങ്ങൾക്കുള്ളിൽ അത് അവിശ്വസനീയമായി വളർന്നു. ഇപ്പോഴിതാ അവിശ്വസനീയമായ തകർച്ചയും.
എന്നാൽ, ബൈജൂസ് തകർന്നാലും ബൈജു രവീന്ദ്രന് സാമ്പത്തികമായി വലിയ നഷ്ടമൊന്നും സംഭവിക്കില്ലെന്നും സ്ഥാപനത്തിൽ അയാൾക്കും ഭാര്യക്കും ഉണ്ടായിരുന്ന ഓഹരികളിൽ ഒരു ഭാഗം ഉയർന്ന വിലയ്ക്ക് നേരത്തെ വിറ്റു കാശാക്കിയെന്നും വാർത്തകളുണ്ട്. ഓഹരി മാർക്കറ്റിൽ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കിയാണ് ബൈജൂസിന്റെ ഓഹരികൾക്ക് ഉയർന്ന വില കാണിച്ചതെന്ന ആക്ഷേപവും നേരിടുന്നുണ്ട്. . ഉയർന്ന വിലയിൽ ബൈജൂസ് ഓഹരികൾ വാങ്ങിയവരാണ് യഥാർത്ഥത്തിൽ നഷ്ടം നേരിടുന്നവർ. തിരിച്ചടവ് മുടങ്ങിയ 9800 കോടി രൂപയുടെ വായ്പ പുനഃക്രമീകരിക്കാൻ ഇതിനിടെ നീക്കങ്ങൾ നടക്കുന്നുണ്ട്. മുതൽ അടയ്ക്കാതെ തൽക്കാലം പലിശ മാത്രം അടച്ചു പിടിച്ചു നിൽക്കാനാണു ബൈജൂസിന്റെ ശ്രമം.