We Talk

ലോകകപ്പ് മത്സരക്രമത്തിൽ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ബിസിസിഐ

ന്യൂഡല്‍ഹി: ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷം മത്സരക്രമം മാറ്റാനൊരുങ്ങി ബിസിസിഐ. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് മത്സരക്രമം മാറ്റാനുള്ള തീരുമാനം .അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) മൂന്നംഗബോര്‍ഡിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മത്സരം പുനഃക്രമീകരിക്കാനൊരുങ്ങുന്നതെന്ന് ബിസിസിഐ അറിയിച്ചു.
‘മത്സരങ്ങളുടെ തീയതിയും സമയവും മാത്രമേ മാറ്റൂ. വേദികള്‍ക്ക് മാറ്റമുണ്ടാവില്ല. മത്സരങ്ങള്‍ക്കിടയില്‍ ആറ് ദിവസത്തെ ഇടവേളയുണ്ടെങ്കില്‍ അത് നാല് മുതല്‍ അഞ്ച് ദിവസമായി കുറക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’, ബിസിസിഐ സെക്രട്ടറി ജയ് ഷാ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഐസിസിയുമായി കൂടിയാലോചിച്ച് മാറ്റങ്ങള്‍ വരുത്തുമെന്നും മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമചിത്രം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം പുനഃക്രമീകരിക്കുമോയെന്നുള്ള ചോദ്യത്തിന് ജയ് ഷാ ഉത്തരം നല്‍കിയില്ല. സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് പുനഃക്രമീകരണം. എന്നാല്‍ അന്ന് നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസമായതിനാല്‍ നഗരത്തിലെ തിരക്കും ഹോട്ടല്‍ മുറികളുടെ ലഭ്യതയും കണക്കിലെടുത്ത് മത്സരം മാറ്റിവെക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *