വീരപ്പന്റെ ജീവിതം: ‘ദ ഹണ്ട് ഫോർ വീരപ്പൻ’ ഡോക്യുമെന്ററി സീരീസുമായി നെറ്റ്ഫ്ലിക്സ്
ഇന്ത്യയിലെ റോബിൻ ഹുഡ് എന്നറിയപ്പെടുന്ന വീരപ്പന്റെ ജീവിതം ഡോക്യുമെന്ററി സീരീസായി പുറത്തിറക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. ‘ ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന സീരിസിലൂടെയാണ് വീരപ്പന്റെ ജീവിത കഥ അവതരിപ്പിക്കാൻ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്. ‘നില’ എന്ന ചിത്രത്തിന്റെ സംവിധായകൻ സെൽവമണി സെൽവരാജാണ് നാല് ഭാഗങ്ങളുള്ള ഡോക്യുമെന്ററി-സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച സീരിസിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചന്ദനകള്ളക്കടത്തിലൂടെ രാജ്യത്തെ കുപ്രസിദ്ധ കുറ്റവാളി പട്ടികയിൽ ഇടം പിടിച്ച വീരപ്പനെ പിടികൂടിയ ദൗത്യത്തെ കുറിച്ചും ഡോക്യുമെന്ററി – സീരീസ് ചർച്ച ചെയ്യുന്നു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയതും ചെലവേറിയതുമായ ഓപ്പറേഷൻ നടത്തിയാണ് വീരപ്പനെ പിടികൂടിയത്. രണ്ട് പതിറ്റാണ്ടോളം പ്രത്യേക ദൗത്യ സംഘങ്ങളും ഇന്ത്യന്‍ അര്‍ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാനായി നടത്തിയ ശ്രമങ്ങൾ സീരിസിൽ കാണാം. ഒടുവിൽ വീരപ്പൻ പിടിയിലായ ഓപ്പറേഷൻ കൊക്കൂണിനെക്കുറിച്ചും ഡോക്യുമെന്ററി സീരിസിൽ പ്രതിപാദിക്കുന്നുണ്ട്. ഓഗസ്റ്റ് നാല് മുതൽ ഡോക്യുമെന്ററി സീരീസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ആദ്യം തമിഴിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഡോക്യു-സീരീസ് ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും ലഭ്യമാകും.