കൊലപ്പെടുത്തിയെന്ന് ഭാര്യയുടെ മൊഴി ;ഭർത്താവിനെ പൊലീസ് കണ്ടെത്തി ;ഭാര്യക്ക് മാനസികപ്രശ്നമെന്ന് നൗഷാദ്
:പത്തനംതിട്ട: കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തി. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. കൂടലിൽ നിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലേക്കു തിരിച്ചു. നൗഷാദ് റബർ തോട്ടത്തിലെ ജോലിക്കാരനായി കഴിയുകയായിരുന്നു.
ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാനയുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചതെന്നാണ് വിവരം.
എന്നാൽ അഫ്സാനയെ പേടിച്ചാണ് നാടുവിട്ട് തൊടുപുഴയിലേക്ക് പോയതെന്ന് അടൂർ വടക്കേടത്തുകാവ് പരുത്തിപ്പാറയിൽ നിന്ന് കാണാതായ നൗഷാദിന്റെ പ്രതികരണം. ഭാര്യക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്ന് നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു. ഭാര്യാപിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. പേടിച്ചിട്ടാണ് നാടുവിട്ടത്. ഭാര്യയുമായുള്ള പ്രശ്നങ്ങൾ കാരണമാണ് നാടുവിട്ടത്. തിരിച്ചുപോകാൻ താല്പര്യമില്ല. രാവിലെ പത്രവാർത്തയിലൂടെയാണ് വിവരങ്ങൾ അറിഞ്ഞതെന്നും നൗഷാദ് പ്രതികരിച്ചു.
തൊടുപുഴ കുഴിമറ്റം എന്ന സ്ഥലത്തുനിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. ജെയ്‌മോൻ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കണ്ടെത്തിയത്. ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ അഫ്സാന മൊഴിനല്കിയിരുന്നു. കേസിൽ അറസ്റ്റിലായ അഫ്സാന നിലവിൽ റിമാന്റിലാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വർഷമായി. രണ്ട് കുട്ടികളുണ്ട്. 2021 നവംബർ ഒന്നു മുതൽ ആണ് അഫ്സാനയുടെ ഭർത്താവ് കലഞ്ഞൂർപാടം വണ്ടണി സ്വദേശി 34കാരൻ നൗഷാദിനെ കാണാതായത്. ബന്ധുവിന്റെ പരാതി പ്രകാരം കൂടൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മൂന്നുദിവസം മുമ്പ് പ്രതി അഫ്സാന ഭർത്താവ് നൗഷാദിനെ അടൂരിൽ വച്ച് കണ്ടെന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു.
കൂടൽ എസ് എച്ച് ഒ പുഷ്പ കുമാറിന്റെ നേതൃത്വത്തിൽ അഫ്സാനയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. താൻ ഭർത്താവിനെ കൊന്നു എന്ന മൊഴി അഫ്സാന നൽകി. മൃതദേഹം കുഴിച്ചുമൂടി എന്നും അറിയിച്ചു. പരുത്തിപ്പാറയിലെ വാടകവീട്ടിൽ ആകെ മൂന്നുമാസം മാത്രമാണ് താമസിച്ചതെന്നും നൗഷാദ് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും പ്രതി മൊഴി നൽകി. ഐപിസി 177, 182, 201, 297 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൗഷാദിനെ കാണാതായതിനുള്ള വകുപ്പ് നിലനിർത്തിയാണ് അന്വേഷണം തുടർന്നത്. ഇന്നലെ വാടകവീട്ടിലെ മുറികളും പരിസരവും കുഴിച്ച് മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തിയിരുന്നു.