അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളകുട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുറത്താക്കിയ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് പുറത്ത് വിട്ട ദേശീയ ഭാരവാഹി പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചിരിക്കുന്നത്. എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് തുടരും. 13 പേരാണ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം അനില്‍ ആന്റണി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ എത്തിയാണ് അനില്‍ മോദിയെ കണ്ടത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് അനില്‍ പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അനിലിനെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുന്നോടിയായി കേരളത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചതായും വിവരമുണ്ട്.
ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ ബിജെപിയെ പിന്തുണച്ച് രംഗത്തുവന്നതോടെയാണ് എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓര്‍ഡിനേറ്ററായ അനിലിനെ കോണ്‍ഗ്രസ് പുറത്താക്കിയത്.