We Talk

ഉണ്ണി മുകുന്ദനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം

കൊച്ചി: അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദനെ ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം . ശബരിമല പ്രമേയമാക്കി ചെയ്ത ‘മാളികപ്പുറം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ചത് ചൂണ്ടിക്കാട്ടി ഉണ്ണിമുകുന്ദന് ഹൈന്ദവവിശ്വാസികള്‍ക്കിടയില്‍ ഉണ്ടായ സ്വാധീനം പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു ആലോചന. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട സീറ്റില്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.
പത്തനംതിട്ടയില്‍ പ്രഥമ പരിഗണന ഉണ്ണി മുകുന്ദന് തന്നെയായിരിക്കും. അതിനു ശേഷം കുമ്മനം രാജശേഖരനെ പരിഗണിക്കും. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഉണ്ണി മുകുന്ദന്‍ മത്സരരംഗത്ത് ഇറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തവണ കൊച്ചിയില്‍ എത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ഉണ്ണി മുകുന്ദന്‍ അന്ന് വാക്ക് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.
മണ്ഡലത്തില്‍ ഇപ്പോഴുള്ളതിനെക്കാള്‍ അരലക്ഷം വോട്ട് കൂടുതല്‍ ലഭിച്ചാല്‍ പത്തനംതിട്ടയില്‍ ജയിക്കാന്‍ കഴിയുമെന്നാണ് ബിജെപി വിലയിരുത്തല്‍. ഉണ്ണി മുകുന്ദന്‍ മത്സരിച്ചാല്‍ നിഷ്പക്ഷ വോട്ടുകള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *