ഗ്രോ വാസു റിമാൻഡിൽ ; ജാമ്യം സ്വീകരിക്കാൻ തയ്യാറായില്ല
കോഴിക്കോട്: മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവെച്ചുകൊന്നതിനെതിരേ പ്രതിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റിൽ. കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും അത് അംഗീകരിക്കാൻ തയാറാകാതെ ജയിലിലേക്ക് പോയി.
കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് തൊണ്ണൂറ്റി മൂന്നുകാരനായ വാസുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.
93 കാരൻ സംഘം ചേർന്നു മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്ന് കേസ്
2016 നവംബറിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും നിലമ്പൂരിലെ കരുളായിയിൽ പോലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്‍പിലായിരുന്നു ഗ്രോ വാസുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം. മോര്‍ച്ചറിക്ക് മുന്‍പില്‍ സംഘം ചേരുകയും മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്.
കേസിൽ എല്‍ പി വാറന്റുണ്ടായിരുന്ന ഗ്രോ വാസുവിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പിഴ അടയ്ക്കില്ലെന്നും കോടതിയില്‍ കേസ് സ്വന്തമായി വാദിക്കുമെന്ന നിലപാടാണ് ഗ്രോ വാസു ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ സ്വന്തം ജാമ്യത്തില്‍ മജിസ്‌ട്രേറ്റ് വിട്ടു. എന്നാല്‍ കുറ്റം സമതിക്കാനും ജാമ്യം സംബന്ധിച്ച രേഖകളില്‍ ഒപ്പുവയ്ക്കാനും വാസു തയാറായില്ല.
മോയിന്‍ ബാപ്പു അടക്കമുള്ള മുന്‍കാല സഹപ്രവര്‍ത്തകര്‍ കോടതിയിലെത്തി സ്വന്തം ജാമ്യത്തില്‍ പോകുന്നതു സംബന്ധിച്ച് ഗ്രോ വാസുവുമായി ചര്‍ച്ച നടത്തി. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. ഭരണകൂടത്തോടുള്ള പ്രതിഷേധമായതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവയ്ക്കില്ലെന്നായിരുന്നു വാസുവിന്റെ നിലപാട്.
വ്യാജ ഏററുമുട്ടൽ, അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു
ഇത് വ്യാജ ഏറ്റുമുട്ടലല്ല അവർ ആദ്യം വെടി വെച്ചതു കൊണ്ട് തിരിച്ചു വെടി വെച്ചതാണ് എന്നായിരുന്നു പോലീസ് വാദം. പക്ഷേ മരണപ്പെട്ടവരുടെ അടുത്തു നിന്നും ഒരു ആയുധവും കിട്ടിയില്ല. പോലീസിന്റെ വാദം നിലനിന്നില്ല.
സി പി ഐ നേതാവ് കാനം രാജേന്ദ്രൻ ഈ കൊല കേന്ദ്ര സർക്കാരിന്റെ അടുത്തു നിന്ന് കാശ് കിട്ടാനുള്ള തന്ത്രം പോലീസ് കളിക്കുന്നതാണെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഏപ്രിൽ മാസത്തിൽ ഈ കാര്യത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു