മികച്ച വിജയവുമായി ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’
രണ്‍വീര്‍-ആലിയ ജോഡി തകർത്തഭിനയിച്ച കരൺ ജോഹർ ചിത്രം ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ ബോക്സോഫീസിൽ മികച്ച കളക്ഷനുമായി മുന്നേറുന്നു. റിലീസായതു മുതൽ പോസിറ്റീവ് പ്രതികരണം നേടുന്ന ചിത്രം ബോളിവുഡിലെ ഹിറ്റ് ചാർട്ടിലെത്തുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. 30 കോടി ക്ലബിലേക്ക് ചിത്രം കടന്നതായാണ് റിപ്പോർട്ടുകൾ. ജൂലൈ 28നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ആദ്യ ദിവസത്തെ കളക്ഷൻ 11.10 കോടിയായിരുന്നു. രണ്ടാംദിവസം ചിത്രം 16 കോടിയിലേറെ നേടി. വലിയൊരു ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹറിന്റെ മികച്ച തിരിച്ചുവരവാണ് ചിത്രമെന്നാണ് ബോളിവുഡ് താരങ്ങളുൾപ്പെടെ പ്രതികരിച്ചത്. ഫാമിലി എന്റര്‍ടെയ്നറായ ചിത്രം പ്രധാന നഗരങ്ങളിലെല്ലാം ഹൗസ്‌ഫുള്ളാണ്. എന്നാൽ ബോളിവുഡിൽ നിന്നല്ല, ഹോളിവുഡിൽ നിന്നാണ് ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ക്ക് തീയേറ്ററിൽ വെല്ലുവിളി നേരിടേണ്ടി വരുന്നത്.ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറാണ് വെല്ലുവിളി ഉയർത്തുന്ന ഹോളിവുഡ് ചിത്രം.
എന്നാൽ കഴിഞ്ഞയാഴ്ചവരെ പ്രദർശന വിജയത്തിൽ മുൻനിരയിലുണ്ടായിരുന്ന ബാർബി ഇപ്പോൾ പിന്നിലാണ്. ധര്‍മേന്ദ്ര , ഷബാന ആസ്മി, ജയ ബച്ചൻ തുടങ്ങിയ താരങ്ങളുടെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’. ആമിര്‍ ബഷീര്‍, ടോട്ട റോയ് ചൗധരി, ചുര്‍ണി ഗാംഗുലി, ക്ഷിതി ജോഗ്, അഞ്ജലി ആനന്ദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ധർമേന്ദ്രയുടേയും ഷബാന ആസ്മിയുടേയും ചുംബനരംഗവും ഏറെ ചർച്ചയായിരുന്നു. ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ക്ക് മുമ്പ് എത്തിയ രണ്‍വീര്‍ ചിത്രം ‘സര്‍ക്കസ്’ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ആലിയ നായികയായെത്തിയ ‘ബ്രഹ്‌മാസ്ത്ര’ തീയേറ്ററിൽ വൻ വിജയമായിരുന്നു.