We Talk

അഞ്ച് വയസുകാരിയുടെ കൊലപാതകം നടന്നത് ബലാത്സംഗത്തിനിടെ, കൊലപാതക സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ആലുവ: എറണാകുളം ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം നടന്നത് ബലാത്സംഗത്തിനിടെയെന്ന് റിമാൻഡ് റിപ്പോർട്ട്. ഒൻപത് വകുപ്പുകളാണ് പ്രതിയായ അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും കൊലപാതക സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അസഫാക്കിനെ ചോദ്യം ചെയ്യണം. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ കൊച്ചി പോക്സോ കോടതിയിൽ പോലീസ് നൽകും. കൊലപാതകത്തിലെ പ്രതിയുടെ പങ്കാളിത്തത്തെ കുറിച്ചുള്ള വ്യക്തമായ തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ഉദ്ദേശ്യം.

പോക്സോ വകുപ്പ്, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. അസഫാക് മുൻ കാലങ്ങളിൽ മറ്റ് കൊലപാതകക്കേസുകളിൽ പ്രതിയായിട്ടുണ്ടോ, ആലുവയിലെ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇതു വരെ പോലീസിന് തീർച്ചയില്ല. ഇതിലൊക്കെ കൃത്യത വരുത്താനും ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. കൊലപാതക സമയത്ത് കുട്ടി ബഹളംവച്ചപ്പോൾ അസഫാക് വായപൊത്തുകയും അബോധവസ്ഥയിലായ കുട്ടിയെ കഴുത്തിൽ വസ്ത്രം കുരുക്കി മരണം ഉറപ്പിക്കുകയുമായിരുന്നു. അസഫാക്കിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താൻ പോലീസ് ശ്രമിച്ചെങ്കിലും ജനരോഷത്തെ തുടർന്ന് മുന്നോട്ടുപോകാനായില്ല. പ്രതി ബിഹാർ സ്വദേശിയാണെന്നും വേണ്ടിവന്നാൽ അവിടെപ്പോയി അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 ഒാടെയാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. നിലവിൽ 14 ദിവസത്തെ റിമാൻഡിലുള്ള പ്രതി ആലുവ സബ്ജയിലിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *