ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. ബോട്ടുകളുടെ അറ്റകുറ്റ പണികൾ തീർത്ത് എല്ലാവരും മീൻപിടിക്കാൻ സജ്ജമായിരിക്കുകയാണ്. 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കും.അതേസമയം മഴ കുറഞ്ഞത് മത്സ്യലഭ്യത കുറയ്ക്കുമെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്. ഇന്ന് അർദ്ധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമണയും. ചാകരയുണ്ടാകുമെന്നും മത്സ്യത്തൊഴിലാളികൾ പ്രതീക്ഷിക്കുന്നുണ്ട്. മത്സ്യബന്ധനം സജീവമാകുന്നതോടെ മീൻ വിലയിൽ കുറവുണ്ടാകും. ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ കാര്യമായ പ്രശ്നങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.