We Talk

വഴിതെറ്റിക്കുന്നത് സംഗീത ഉപകരണങ്ങൾ; പിടിച്ചെടുത്ത് കത്തിച്ച് താലിബാൻ ഭരണകൂടം

അഫ്‌ഗാനിസ്ഥാൻ: ഹെറാത്ത് നഗരത്തിൽ നിന്ന് ശേഖരിച്ച സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാൻ ഭരണകൂടം. സംഗീതം മതവിരുദ്ധവും അധാർമികമാണെന്നാണ് താലിബാൻ മത നിയമം.
നഗരത്തിലെ കല്യാണ മണ്ഡപങ്ങളിൽ നിന്നും മറ്റും കണ്ടുകെട്ടിയ നൂറുകണക്കിന് ഡോളർ വിലവരുന്ന സംഗീതോപകരണങ്ങളാണ് കത്തിച്ചത്. ഗിറ്റാറുകൾ, തബലകൾ, ഡ്രം, ആംപ്ലിഫയറുകൾ, സ്‌പീക്കറുകൾ എന്നിവ കത്തിച്ചവയിൽ ഉൾപ്പെടുന്നു.
“സംഗീതം പ്രോത്സാഹിപ്പിക്കുന്നത് ധാർമികതയ്ക്ക് വിരുദ്ധമാണ്, അത് ഉപയോഗിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കും,” ദുര്‍മാര്‍ഗം തടയാനും സദാചാരം വളര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്‍റെ ഹെറാത്ത് വിഭാഗം മേധാവി അസീസ് അൽ-റഹ്മാൻ അൽ-മുഹാജിർ പറഞ്ഞു. നേരത്തെ പൊതുസ്ഥലത്ത് സംഗീതം പ്ലേ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ താലിബാൻ നിരോധിച്ചിരുന്നു.
ഒരു മാസത്തിനുള്ളില്‍ എല്ലാ ബ്യൂട്ടി പാര്‍ലറുകളും അടയ്ക്കാൻ ജൂണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സലൂണ്‍ അടച്ചുപൂട്ടിയതായുള്ള റിപ്പോര്‍ട്ട് മന്ത്രാലയത്തിന് മുന്‍പില്‍ സമര്‍പ്പിക്കണം എന്നും ആവശ്യപ്പെട്ടു.
നേരത്തെ തന്നെ പൊതുസ്ഥലങ്ങളിൽ ഹിജാബ് നിർബന്ധമാക്കിയിട്ടുണ്ട്. കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും സ്‌കൂളുകളിലും സർവ്വകലാശാലകളിലും പോകുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പാർക്കുകൾ, കളിസ്ഥലങ്ങൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
യുനിസെഫിന്‍റെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 64 ശതമാനം കുടുംബങ്ങളും പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാന്‍ കഴിയാത്ത അത്ര ദരിദ്രാവസ്ഥയിലാണ് ജീവിക്കുന്നത്. 2021 ഓഗസ്റ്റില്‍ അമേരിക്കയുടെ നാറ്റോ സേന അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതോടെയാണ് അഫ്ഗാൻ താലിബാൻ ഇവിടെ വീണ്ടും പിടിമുറുക്കിയത്.
2023 ഒക്‌ടോബർ വരെ 1.5 കോടിയിലധികം ആളുകൾക്ക് ഭക്ഷ്യക്ഷാമം നേരിട്ടേക്കാം. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 17 എണ്ണത്തിലും ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ 13.3 കോടി ആളുകൾക്ക് ആരോഗ്യ സേവനങ്ങളും ലഭ്യമല്ല. ഏകദേശം 8.7 കോടി കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *