ആലുവയിലെ ബാലികയുടെ കൊലപാതകം; മന്ത്രിയുടെ പ്രസ്താവനയിലെ ശരികേട്
നിങ്ങള്‍ക്ക് എത്ര ഉയർന്ന വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞാലും സംസാരിക്കുന്നതില്‍ ഔചിത്യബോധമില്ലെങ്കില്‍ അത്കൊണ്ട് കാര്യമില്ല. പ്രത്യേകിച്ച് പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ എപ്പോഴും സംസാരിക്കുമ്പോൾ വളരെയധികം സൂക്ഷിക്കണം. അതിദാരുണമായ ഒരു സംഭവത്തിനാണ് കഴിഞ്ഞദിവസം കേരളം സാക്ഷ്യം വഹിച്ചത്. അഞ്ചുവയസ് മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞിനെ ക്രൂരമായി ഇല്ലാതാക്കി. ബിഹാർ സ്വദേശിയായ ആ കുട്ടി നമ്മുടെ ആരുമല്ല. പക്ഷെ നമ്മളോരോരുത്തരുരും ഹൃദയം പൊട്ടിയാണ് ആ വാർത്ത കേട്ടത്. എന്നാൽ സംഭവത്തെക്കുറിച്ചുള്ള ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവന അനുചിതവും ധിക്കാരപരവുമാണെന്ന് പറയാതെ വയ്യ.
ആലുവയില്‍ കൊലചെയ്യപ്പെട്ട അഞ്ചുവയസ്സുകാരിയുടെ സംസ്‌കാരചടങ്ങിലോ അവരുടെ വീട്ടിലോ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആര്‍.ബിന്ദു പറഞ്ഞ മറുപടി എല്ലായിടത്തും മന്ത്രിമാര്‍ എത്തിക്കൊള്ളണമെന്നില്ലല്ലോ എന്നാണ്. സമയം കിട്ടാഞ്ഞതിനാലാണ് എന്നും അവര്‍ വിശദീകരിക്കുകയുണ്ടായി. ഒരു പക്ഷെ എന്തെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത തിരക്ക് കാരണം മന്ത്രിമാര്‍ക്ക് എത്താന്‍ കഴിയാതെ പോകാം. അതൊരു കുറ്റമായി കാണാനുമാവില്ല. പക്ഷെ മന്ത്രി അതിന് ഉത്തരം പറയേണ്ടത് ഇങ്ങനെ ധാര്‍ഷ്ട്യത്തോടെയല്ല. തികച്ചും ജനവിരുദ്ധവും മനസാക്ഷിയില്ലാത്ത മറുപടിയുമാണത് എന്നതിൽ സംശയമില്ല. അവരുടെ ശരീരഭാഷയിൽ തന്നെ ആ ധാര്‍ഷ്ട്യം വ്യക്തമാണ്.കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമന്ത്രിയാണ് അവര്‍ എന്നുകൂടി കൂട്ടിവായിക്കുമ്പോഴേ ആ ധാര്‍ഷ്ട്്യത്തിന്റ ആഴം വ്യക്തമാകു. ആ കുട്ടിയെ കാണാതായതുമുതല്‍ പിറ്റേന്നു കുട്ടിയെ പിച്ചിച്ചീന്തിയെറിഞ്ഞ നിലയില്‍ കണ്ടെത്തുന്നത് വരെ കേരള മനസ്സാക്ഷി അതിനു പിന്നാലെയായിരുന്നു. അങ്ങനെയൊരു സംഭവത്തെക്കുറിച്ചാണ് മന്ത്രി ഇത്ര ലാഘവത്തോടെ സംസാരിക്കുന്നത്.
മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോഴോ സംസ്‌കാരസമയത്തോ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയിരുന്നില്ല എന്നത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.ആശുപത്രിയില്‍ മൃതദേഹം ഏറ്റുവാങ്ങുമ്പോള്‍ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നില്ല .ആ കുട്ടി പഠിച്ച സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോഴുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍പോലും പോലീസ് എത്തിയിരുന്നില്ലെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് നിരുത്തരവാദപരമായ രീതിയില്‍ മന്ത്രിയുടെ പ്രസ്്താവന. സംഭവം വിവാദമായതിനെ തുടർന്ന് കുട്ടിയുടെ വീട്ടിൽ മന്ത്രി വീണ ജോർജും കളക്ടർ എൻ എസ്കെ ഉമേഷും രാത്രിയോടെ എത്തിയിരുന്നു. കൊലപാതകത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും സ്്ത്രീസുരക്ഷയെക്കുറിച്ച് കൂടുതല്‍ പ്രചാരണം നടത്തേണ്ട സമയമാണിതെന്നും ഒരു പ്രസ്താവന കൂടി മന്ത്രി ആർ ബിന്ദു നടത്തിയിട്ടുണ്ട്. അതൊന്നും മനസ്സിലാക്കാതെയാണോ ഇത്രയും കാലം അവര്‍ മന്ത്രിയായിരുന്നത് എന്നതാണ് ചോദ്യം. ദിനം പ്രതി കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇത്രനാളും മന്ത്രി കണ്ടിരുന്നില്ലെന്നാണ് പുതിയൊരു വെളിപാടായി അവര്‍ അവതരിപ്പിച്ചതില്‍ നിന്ന് മനസ്സിലാകുന്നത്.എന്നാല്‍ മന്ത്രി മനസ്സിലാക്കേണ്ട കാര്യം അത്രയൊന്നും സുരക്ഷിതമല്ല നമ്മുടെ നാട് എന്നതാണ് .
കഴിഞ്ഞ ്അഞ്ചു വര്‍ഷത്തിനുള്ളില്‍ 146 കുട്ടികളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 4,253 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യതിരിക്കുന്നത്. 2023 ല്‍ അത് 5315 ആയി. പോക്‌സോ കേസുകളില്‍ ശിക്ഷ കൂട്ടുമ്പോഴും കേസുകള്‍ വര്‍ധിച്ചു വരുന്നു എന്നത് കാണാതെ പോകരുത്.ഈ വര്‍ഷം മെയ് വരെ 691 കേസുകളാണ് നടന്നിരിക്കുന്നത്.ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 ല്‍ പോക്സോ കേസുകളിൽ നാലാം സ്ഥാനത്താണ് കേരളം. ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും എല്ലാം നിലവിലുണ്ടെങ്കിലും കേസുകള്‍ കൂടിവരുന്നു. പിണറായി മന്ത്രിസഭയില്‍ വിവാദങ്ങളുണ്ടാക്കുന്നതില്‍ മന്ത്രി ആര്‍ ബിന്ദു ഒട്ടും പിന്നിലല്ല.പക്ഷെ അതെല്ലാം രാഷ്ട്രീയവും ഭരണപരവുമാണ്. പക്ഷേ അവയൊക്കെ പറയാൻ മന്ത്രി നിർബന്ധിക്കപ്പെട്ടതാണെന്ന് ആര്‍ക്കും മനസ്സിലാകും. കാരണം മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും തടവറയിലാണ് ഇവരുൾപ്പെടുന്ന മന്ത്രിമാരൊക്കെയെന്ന് കേരളത്തില്‍ അരിയാഹാരം കഴിക്കുന്ന ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല. അതിനുദാഹരണമാണ് കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തില്‍ നിയമവിരുദ്ധമായി അവര്‍ ചെയ്ത കാര്യം. ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികള്‍ തടയാന്‍ മന്ത്രിമാര്‍ക്കാവില്ല.പക്ഷെ അത്തരം സംഭവങ്ങള്‍ ദിനംപ്രതി നടക്കുന്നു എന്നത് മനസ്സിലാക്കാനും അതിനനനുസരിച്ച് പെരുമാറാനും അതിനെ സത്യസന്ധമായി കൈകാര്യം ചെയ്യാനും മന്ത്രിമാർ പഠിച്ചേ മതിയാകു. എറണാകുളത്തുള്ള മന്ത്രി പോകും എന്ന് വിചാരിച്ചു എന്ന തരത്തിലുള്ള ബാലിശമായ വാദം അവരുടെ സ്ഥാനത്തിനും ഉത്തരവാദി്ത്വത്തിനും ചേര്‍ന്നതല്ല. ഔചിത്യപൂര്‍വ്വം പെരുമാറേണ്ട സന്ദര്‍ഭത്തില്‍ അതില്ലാതെ ധാർഷ്ഠ്യത്തോടെ പെരുമാറുന്നത് അവസാനിപ്പിക്കുക തന്നെ വേണം.