We Talk

ആരാണ് ഗ്രോ വാസു; എന്തിനാണ് ഈ മനുഷ്യനെ 94ാം വയസിലും പിണറായി പൊലീസ് ഭയക്കുന്നത്?

മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ട ഒരു മനുഷ്യൻ 94ാം വയസ്സില്‍ ജയിലില്‍ അടക്കപ്പെട്ടിരിക്കയാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും കാരാഗൃഹത്തില്‍ കഴിഞ്ഞയാള്‍. ഗ്രോ വാസു എന്ന് അറിയപ്പെടുന്ന, അയിനൂര്‍ വാസുവിനു മുന്നിൽ  നമ്മുടെ നീതിയും നിയമവും സത്യത്തില്‍ തലതാഴ്ത്തി നിൽക്കുകയാണ്. . മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഒന്ന് മൂളിയതിന്റെപേരില്‍ കേസെടുക്കുന്ന   പൊലീസിനു  കിട്ടിയ മുഖമുടച്ചുള്ള അടിയാണ്, വാസുവേട്ടന്റെ ഈ ജയില്‍ വാസം.

ഭരണകൂടത്തിന്റെ ഒത്താശയോടെ  പൗരന് നേരെ പോലീസ് നടത്തുന്ന  സ്ഥിരം ‘കലാപരിപാടി’ പൊളിച്ചടുക്കുകയാണ്  അദ്ദേഹം ചെയ്തത്. ഇല്ലാത്ത കേസുണ്ടാക്കി തലയിലിടുക.  കോടതി നടപടികള്‍ക്കു സമയവും പണവും ഇല്ലാത്തതിനാല്‍ പലരും കുറ്റം ഏറ്റ് കോടതിയില്‍ ജാമ്യത്തുക നൽകി  തടി ഊരും. പക്ഷേ വാസുവേട്ടന്‍ അത് ചെയ്തില്ല. ഈ 94ാം വയസ്സിലും പുതിയൊരു  സമരമുഖം തുറന്നിരിക്കയാണ് അദ്ദേഹം.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള അതിഗുരുതരമായ ചില ചോദ്യങ്ങളും അദ്ദേഹത്തിന്റെ ജയില്‍വാസം ഉയര്‍ത്തുന്നു. 2016ലെ  പഴയ കേസാണ് പൊലീസ്  ഗ്രോ വാസുവിനെതിരെ പൊക്കിയെടുത്തത്. നിലമ്പൂര്‍ കരുളായി വനമേഖലയിൽ  മാവോവാദികളെ പോലീസ് വെടിവെച്ചു കൊന്നത്  കേരളത്തെ ഞെട്ടിച്ച സംഭവം ആയിരുന്നു. .അത്  വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന്  വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കുപ്പുസ്വാമി എന്ന ദേവരാജന്‍, ചെന്നൈ സ്വദേശിനി അജിത പരമേശന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗ്രോ വാസു അടക്കമുള്ളവര്‍ മോര്‍ച്ചറിയ്ക്ക് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്.

ഇതാണ് സംഘം ചേരുകയും മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന കേസാക്കി പൊലീസ് മാറ്റിയത്. ഇത്തരം സന്ദർഭങ്ങളിൽ  പൊലീസ് സാധാരണ എടുക്കാറുള്ള സ്ഥിരം കള്ളക്കേസ്.  സമന്‍സ് അയച്ചിട്ടു  ഹാജരാകാത്തതിനാലാണ് കോടതി നല്‍കിയ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രോ വാസുവിനെ ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റുള്ളവർ ജാമ്യം എടുത്തപ്പോൾ വാസുവേട്ടൻ അതിനു തയ്യാറായില്ല. അതോടെ അദ്ദേഹം പിടികിട്ടാപ്പുള്ളിയുടെ പട്ടികയിലായി. 

കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗ്രോ വാസുവിന് കോടതി സ്വന്തം ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. കാരണം  കുറ്റം സമ്മതിച്ചതായി  ഒപ്പിട്ട് കൊടുക്കണം. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ജനാധിപത്യപരമായ പ്രതിഷേധമാണ് നടത്തിയതെന്നുമാണ് അദ്ദേഹം അന്നും ഇന്നും പറയുന്നത്. അതോടെ പൊലീസും കോടതിയും ശരിക്കും വെട്ടിലായി.

മെഡിക്കല്‍ കോളേജ് പോലീസ്ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവും അഭിഭാഷകരും സുഹൃത്തുക്കളും ഗ്രോ വാസുവിനെ കോടതിക്ക് പുറത്തു അനുനയിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമെത്തി പറഞ്ഞുനോക്കി. പക്ഷേ തെറ്റ് ചെയ്യാത്തതിനാൽ  പിഴയടയ്ക്കാനോ സ്വന്തം ജാമ്യത്തില്‍ പോകാനോ ഗ്രോ വാസു വിസമ്മതിച്ചു. തുടര്‍ന്ന് കോഴിക്കോട് സബ് ജയിലിലേക്ക് അയച്ചു. രണ്ട് ആഴ്ചത്തേയ്ക്കാണ് ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നവർ പ്രൊമോഷൻ വാങ്ങി  പുറത്ത്് കഴിയുമ്പോഴാണ് അതിനെതിരെ പ്രതികരിച്ചയാള്‍ അകാത്താവുന്നത്.  ഇത്തരം കള്ളക്കേസുകള്‍ എടുക്കുന്ന പൊലീസിങ്ങിനെതിരെയും, അതിന് ചൂട്ടുപിടിക്കുന്ന  ജുഡീഷ്യല്‍ സിസ്റ്റത്തിനെതിരെയും  വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. . പ്രതിഷേധം എന്നത് ജനാധിപത്യ വ്യവസ്ഥയിൽ ഏത് പൗരന്റെയും ഭരണഘടനാപരമായ അവകാശമാണ്.  പ്രതിഷേധിച്ചതിന് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ  ജയിലില്‍ പോകാന്‍ തീരുമാനമെടുത്തതിലുടെ പൊലീസിന്റെ ചെകിട്ടത്തൊരടിയാണ്  വാസുവേട്ടന്‍ കൊടുത്തത്.

പോരാട്ടം തന്നെ ജീവിതം

വാസുവേട്ടനെ അറിയുന്നവര്‍ക്കെല്ലാം ആ നിലപാട് മനസ്സിലാകും. അതില്‍ യാതൊരു അത്ഭുതവുമില്ല.  വംശനാശം വന്ന നിസ്വാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ  അവസാനത്തെ കണ്ണികളില്‍ ഒരാളാണ് ഇദ്ദേഹം. നക്‌സല്‍ പ്രസ്ഥാനത്തിലുടെയാണ് അയിനൂർ വാസു  രാഷ്ട്രീയത്തില്‍ സജീവമാവുന്നത്.  കുന്നിക്കല്‍ നാരായണനും, നക്‌സല്‍ വര്‍ഗീസും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ച് നിരവധി ഓപ്പറേഷനുകളില്‍ ഭാഗമായ ആൾ. . അതിന്റെ  പേരില്‍ കുറേ   വര്‍ഷം ജയിലിലുമായി.

അടിയന്തരാവസ്ഥ കാലത്ത് അതിക്രുരമായ മര്‍ദനമാണ് അദ്ദേഹം അനുഭവിച്ചത്. . . മീശയിലെ ഓരോ രോമങ്ങളും പൊലീസ് പിഴുതെടുത്ത  ‘മീശ പറഞ്ഞാലും വാസു പറയില്ല’ എന്ന് തറപ്പിച്ചു പറഞ്ഞ  വാസുവേട്ടൻ  ഇന്നും കൊമ്പന്‍ മീശ താഴ്ത്താതെ  നടക്കുന്നു.  അന്നത്തെ നക്‌സലുകളില്‍ ഒരു വിഭാഗം സായിബാബാ ഭക്തരും പാസ്റ്റര്‍മാരും  സിപിഎം നേതാക്കളും കച്ചവടക്കാരുമായുമൊക്കെ മാറിയിട്ടും വാസുവേട്ടനു മാത്രം മാറ്റമില്ല. 

നക്‌സൽ കേസുകളിലെ ജയില്‍വാസത്തിനുശേഷം മനുഷ്യവകാശ പ്രവര്‍ത്തകനായാണ് വാസു  അറിയപ്പെട്ടത് . ദലിതുകൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം പ്രവർത്തിച്ചു.   ദേശീയ മനുഷ്യവകാശ ഏകോപന സമിതിയുടെ  കേരള സംസഥാന അദ്ധ്യക്ഷനായിരുന്നു.  കേരളം കണ്ട ഏറ്റവും ശക്തമായ ജനകീയ സമരങ്ങളിലൊന്നായ ചാലിയാര്‍ സമരം  അദ്ദേഹത്തിന്റെ പൊതു ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിലൊന്നാണ്. . . മാവുര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട  ‘ഗ്രോ’ എന്ന സംഘടന രാഷ്ട്രീയപ്പാര്‍ടികളുമായി ബന്ധപ്പെട്ട ഇതര തൊഴിലാളി സംഘടനകളെ അപേക്ഷിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിച്ച ഒന്നായിരുന്നു. . മാവൂര്‍ സമരത്തെത്തുടര്‍ന്ന് ഗ്രോ വാര്‍ത്താപ്രാധാന്യം നേടിയതോടെ  അതിന്റെ നേതാവായ എ. വാസു  ഗ്രോ വാസുവായി . ഗ്രോ പിന്നീട് ഇല്ലാതായെങ്കിലും എ .വാസു അന്ന് മുതൽ അറിയപ്പെടുന്നത് അങ്ങിനെയാണ്.

കുട നിര്‍മിച്ച് ഉപജീവനം

സംസ്ഥാനത്തെ  വിവിധങ്ങളായ ഭൂസമരങ്ങളില്‍, ദലിത് അവകാശ പ്രശ്നങ്ങളിൽ, , മനുഷ്യാവകാശ സമരങ്ങളിലെല്ലാം  ആ കൊമ്പന്‍ മീശക്കാരനെ കേരളം കണ്ടു. മുത്തങ്ങയില്‍ ക്രൂരമായ പൊലീസ് മര്‍ദനമേറ്റ് ശരീരമാസകലം നീരുവെച്ച്, മുഖം വീര്‍ത്ത് അനങ്ങാനാകാതെ കോഴിക്കോട്ടെ ജയിലിലെത്തിയതിന്റെ രണ്ടാം നാള്‍ തന്നെ കാണാനെത്തിയ ആദ്യ അതിഥിയെക്കുറിച്ച് സി.കെ. ജാനു തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഒരു കുപ്പി കുഴമ്പുമായി പുതിയറ ജയിലിലെത്തിയ വാസുവേട്ടനെക്കുറിച്ച്.

സഹപോരാളിയായിരുന്ന നക്‌സൽ വര്‍ഗീസിനെ, പൊലീസ് ഏകപക്ഷീയമായി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന സി ആർ പി എഫ് കോൺസ്റ്റബിൾ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ വർഷങ്ങൾക്കു ശേഷം  ലോകം അറിയുന്നത്  വാസുവേട്ടനിലൂടെയാണ്. അതിലെ പ്രതികളായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അദ്ദേഹത്തിന്  കഴിഞ്ഞു.  കോഴിക്കോട്ടെ കോംട്രസ്റ്റ് തൊഴിലാളികളുടെ അടക്കം നിരവധി  വിഷയങ്ങളില്‍ അദ്ദേഹം ഇടപെട്ടു. ഒരു കാലിച്ചായപോലും ആരില്‍ നിന്നും വാങ്ങികുടിക്കാത്ത  പൊതു പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയായ വാസുവേട്ടൻ  94ാം വയസ്സിലും പൊറ്റമ്മലിലെ ഒറ്റമുറിയിൽ താമസിച്ചു കുട നിര്‍മിച്ച് ഉപജീവനം കണ്ടെത്തുന്ന തൊഴിലാളിയാണ് . 

മാവോയിസ്റ്റുകൾ ആണെന്ന ഒറ്റക്കാരണത്താൽ വെടിവെച്ചു കൊന്നു വ്യാജ ഏറ്റുമുട്ടൽ കഥയുണ്ടാക്കിയ പോലീസിന്റെ മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തിയോട് പ്രതിഷേധിച്ചു എന്ന ഒറ്റക്കാരണമാണ്  വാസുവേട്ടനെ ജയിലിൽ എത്തിച്ചത്. മോവോയിസ്റ്റ് വേട്ട കേരളത്തിൽ  ഒറ്റപ്പെട്ട സംഭവമല്ല. കൃത്യമായ രാഷ്ട്രീയ വിഷയമാണത് .  പിണറായി ഭരണത്തിൽ  പൊലീസിന് കിട്ടിയ  അമിത അധികാരങ്ങള്‍ കുറച്ചൊന്നുമല്ല. . ഈ ജീവിത സായന്തനത്തിലും  അത്തരം അനീതികളോട് വാസുവേട്ടൻ കലഹിച്ച് കൊണ്ടിരിക്കയാണ്. ശരിക്കും വെയിലാറാത്ത ഒരു സായാഹ്‌നം.!

Leave a Reply

Your email address will not be published. Required fields are marked *