We Talk

വിദ്വേഷ ട്വീറ്റുകൾ വർദ്ധിക്കുന്നെന്ന് ഗവേഷകർ; ഗവേഷകരെ ഭീഷണിപ്പെടുത്തി ഇലോൺ മസ്ക്

സാൻഫ്രാൻസിസ്കോ: ദിവസങ്ങൾക്ക് മുൻപാണ് ഇലോൺ മസ്ക് ട്വിറ്റർ റീബ്രാൻഡിംഗ് നടത്തിയത്. അതിനുപിന്നാലെയാണ് ട്വിറ്ററില്‍ വിദ്വേഷ ട്വീറ്റുകൾ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുമായി ​ഗവേഷകർ രംഗത്തു വന്നിരിക്കുന്നത് .
റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെ എക്സ് ഉടമ ഇലോൺ മസ്‌ക് ഗവേഷകരെ ഭീഷണിപ്പെടുത്തി ​. നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ചാണ് മസ്കിൻ്റെ ഭീഷണി. ഇത്തരം ഇടപെടലുകൾ ട്വിറ്ററിന്റെ വളർച്ച തടയാനുള്ള ആസൂത്രിത നീക്കമാണെന്നാണ് വാദം. ട്വിറ്ററിലെയും ഫേസ്ബുക്കിലെയും ടിക് ടോക്കിലെയും വിദ്വേഷ ഉള്ളടക്കങ്ങൾ സംബന്ധിച്ച് തുടർച്ചയായി റിപ്പോർട്ടുകൾ പുറത്തുവിടുന്ന സെന്റർ ഫോർ കൗണ്ടറിംഗ് ഡിജിറ്റൽ ഹേറ്റ് എന്ന സംഘടനയാണ് മസ്കിനെ പ്രകോപിപ്പിച്ചത്.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ വിവിധ വിഷയങ്ങളിൽ രൂക്ഷവിമർശനം യുഎസ് ആസ്ഥാനമായ സംഘടന ഉന്നയിച്ചിരുന്നു. മുൻപ് എൽജിബിടിക്യൂ കമ്മ്യൂണിറ്റിക്ക് എതിരെയുള്ളതും കാലാവസ്ഥാ വിവരങ്ങൾ തെറ്റായി നൽകിയതുമായ ട്വീറ്റുകളെ വിമർശിച്ചും ഇവർ രം​ഗത്തെത്തിയിരുന്നു. വെരിഫൈഡ് ഉപഭോക്താക്കളിൽ നിന്ന് പോലും ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ട്വിറ്റർ ശ്രമിക്കുന്നില്ല എന്നും സംഘടന ആരോപിച്ചിരുന്നു.

എക്സിന്റെ പ്രശസ്തിക്ക് ഹാനി വരുത്താനാണ് സംഘടന ശ്രമിക്കുന്നതെന്നാണ് എക്സ് അഭിഭാഷകൻ ആരോപിക്കുന്നത്. ഫെയ്സ്ബുക്ക്, ടിക് ടോക്ക് പ്ളാറ്റ്ഫോമുകളെക്കുറിച്ചും സംഘടന റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ടെങ്കിലും എക്സിനെ ആക്രമിക്കാൻ എതിരാളികൾ പണം നൽകിയതായും ആരോപിക്കുന്നു. ഇതാദ്യമായല്ല ഇലോൺ മസ്ക് വിമർശകർക്കെതിരെ തിരിയുന്നത്. ട്വിറ്റർ ഏറ്റെടുത്ത ഉടൻ തന്നെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മസ്ക് പൂട്ടിയിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് ഇലോൺ മസ്ക് ട്വിറ്റർ റീബ്രാൻഡിംഗ് നടത്തിയത്. 1990കളുടെ അവസാനത്തിലാണ് ടെസ്ല മേധാവി കൂടിയായ മസ്കിന് എക്സിനോ‌ട് ആകർഷണം തോന്നുന്നത്. ഓൺലൈൻ ബാങ്കിങ് സേവന പ്ലാറ്റ്ഫോമായ X.com ഡൊമെയ്ൻ 2017 ൽ മസ്ക് വാങ്ങുകയുണ്ടായി. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പരമ്പരാഗത ലോ​ഗോയായ നീലക്കിളിയെ മാറ്റി ‘എക്സ്’ ലോഗോയാക്കിയത്. ട്വീറ്റുകൾ റീട്വീറ്റുകൾ എന്ന പദങ്ങളിലും മാറ്റം വരുത്തുമെന്ന വാർത്തകളും കഴി‍ഞ്ഞ ദിസവം പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *