‘രഞ്ജിത്ത് കേരളം കണ്ട മാന്യനായ ചലച്ചിത്ര ഇതിഹാസം’; വിനയന്റെ പുരസ്കാര നിർണയ വിവാദം തള്ളി മന്ത്രി സജി ചെറിയാൻ
ആലപ്പുഴ : അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്ന സംവിധായകൻ വിനയന്റെ ആരോപണം തളളി മന്ത്രി സജി ചെറിയാൻ രംഗത്ത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം പുനഃപരിശോധിക്കില്ല . ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. രഞ്ജിത്തിന് ഇതിൽ റോൾ ഉണ്ടായിരുന്നില്ല. അവാർഡുകൾ നൽകിയത് അർഹരായവർക്കാണ്. ഇതിൽ അന്വേഷണത്തിന്റെ ആവശ്യമില്ല. നമ്മുടെ നാട്ടിൽ ആരെല്ലാം എന്തെല്ലാം ആരോപണം ഉന്നയിക്കുന്നു. തെളിവുണ്ടെങ്കിൽ നിയമ നടപടിയുമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു.
രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. സാംസ്കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടത്. നിഷ്പക്ഷമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് സജി ചെറിയാൻ പറഞ്ഞു.
അതേസമയം സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തെ ചൊല്ലി വിവാദം ശക്തമാകുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് സംവിധായകൻ വിനയൻ. കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്ന് വിനയൻ അറിയിച്ചു. സംസ്ഥന ചലച്ചിത്ര അവാർഡിൽ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ഒഴിവാക്കാൻ രഞ്ജിത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം സംവിധായകൻ വിനയൻ പുറത്തുവിട്ടു. ഇക്കാര്യത്തിൽ രഞ്ജിത് മറുപടി പറയണമെന്ന് വിനയൻ ആവശ്യപ്പെട്ടു.ധാർമ്മികത ഉണ്ടങ്കിൽ രഞ്ജിത് സ്ഥാനം രാജിവയ്ക്കണമെന്നും വിനയൻ ആവശ്യപ്പെട്ടു.