മമ്മൂട്ടിയെയും ലാലിനെയും മുട്ടുകുത്തിച്ച വിനയന്‍ ചലച്ചിത്ര അക്കാദമിയുമായി കൊമ്പുകോര്‍ക്കുമ്പോള്‍
ഒരു ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍നിന്നാണ്, സത്യത്തില്‍ കേരള ചലച്ചിത്ര അക്കാദമി തന്നെ ഉണ്ടാവുന്നത്. 1998ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ ജയരാജിന്റെ ‘ദേശാടന’ത്തെ തഴഞ്ഞത് വന്‍ വിവാദമാവുകയും, ഇത് കോടതിയില്‍ വരെ എത്തുകയും ചെയ്തതോടെയാണ്, അതുവരെയുള്ള രീതി മാറ്റണം എന്ന് തോന്നിയത്. സംസ്ഥാന സര്‍ക്കാറിന്റെ പിആര്‍ഡി അവാര്‍ഡ് നല്‍കുന്ന രീതി മാറ്റി പകരം ചലച്ചിത്ര അക്കാദമി എന്ന വിശാലമായ ആശയം ഉടലെടുത്തത് അങ്ങനെയാണ്. ഇതോടെ ഒരു പരിധിവരെ ചലച്ചിത്ര അവാര്‍ഡുകള്‍ സുതാര്യമാവുകയും ചെയ്തു.
പക്ഷേ , ഇപ്പോഴിതാ ചലച്ചിത്ര അക്കാദമി ചെയര്‍മാര്‍ രഞ്ജിത്ത് ബാലകൃഷ്ണന്റെ പേരില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. സംവിധായകന്‍ വിനയനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ഒഴിവാക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. ഇതിന് തെളിവായി ജൂറി അംഗവും കലാ സംവിധായകനുമായ നേമം പുഷ്പരാജിന്റെ ഓഡിയോയും അദ്ദേഹം പുറത്തുവിട്ടു. ഇതോടെ കൈയോടെ പിടിക്കപ്പെട്ട അവസ്ഥയിലാണ് രഞ്ജിത്ത്.
തന്നെ സിനിമയില്‍നിന്ന് വിലക്കിയതിനെതിരെ കേസ് കൊടുത്ത് മമ്മൂട്ടിയും മോഹന്‍ലാലും അടങ്ങുന്ന താരസംഘടനയായ അമ്മയില്‍നിന്ന് വന്‍ തുക കോമ്പന്‍സേഷന്‍ കിട്ടാന്‍ വിധി വാങ്ങിയ ആളാണ് വിനയന്‍. ഒറ്റക്ക് നിന്നു ഈ താരസംഘടനയെ മുട്ടുകുത്തിച്ച തന്റേടി.. വിനയന്‍ ഇപ്പോള്‍ രഞ്ജിത്തിന്റെ പക്ഷപാതിത്വങ്ങള്‍ക്കെതിരെയാണ് പുതിയ പോരാട്ടമുഖം തുറന്നിരിക്കുന്നത്.

തെളിവ് പുറത്തുവിട്ട് വിനയന്‍
സിനിമാ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന് കഴിഞ്ഞ ദിവസമാണ് വിനയന്‍ ആരോപിച്ചത്. ഇതിനു ശേഷമാണ് തെളിവായുള്ള ഓഡിയോ അദ്ദേഹം പുറത്തുവിടുന്നത്. ഇതില്‍ ജൂറി അംഗമായ നേമം പുഷ്പരാജ് ഒരു മാധ്യമ പ്രവര്‍ത്തകനോട് കാര്യങ്ങള്‍ പറയുന്നതാണ് ഓഡിയോയില്‍ ഉള്ളത്. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ രഞ്ജിത് ഇടപെട്ടുവെന്നും അദ്ദേഹത്തിന്് സ്ഥാനത്തു തുടരാന്‍ അര്‍ഹത ഇല്ലെന്നും പുഷ്പരാജ് ഓഡിയോയില്‍ പറയുന്നുണ്ട്.

ജൂറി മെമ്പറുടെ വെളിപ്പെടുത്തലിന് ശേഷം നിയമപരമായോ ധാര്‍മ്മികമായോ ആ പദവിയിലിരിക്കാന്‍ രഞ്ജിത്തിന് അവകാശമുണ്ടോയെന്നും, സാംസ്‌കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ എന്നും വിനയന്‍ ശബ്ദരേഖ പങ്കുവെച്ച് കുറിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് നിരന്തരം ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്‌കാരിക വകുപ്പ് മന്ത്രിയെ അറിയിക്കാൻ മന്തിയുടെ പി എസിനെ വിളിച്ചു എന്നതടക്കം ആരോപണങ്ങളും വിനയന്‍ ഫേസ്ബുക്കിൽ നിരത്തിയിട്ടുണ്ട്.
‘എന്തിനാണ് സുഹൃത്തേ.. രഞ്ജിത്തേ , നിങ്ങളിത്ര തരം താണ തരികിടകള്‍ക്ക് പോണതെന്നു ” ചോദിച്ച വിനയന്‍, സാസ്‌കാരിക മന്ത്രി സജി ചെറിയാനും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ടെന്നു വ്യക്തമാക്കി. .ചലച്ചിത്ര അക്കാദമി ചെയര്‍മാന് ജൂറി തീരുമാനത്തില്‍ ഇടപെടാന്‍ നിയമപരമായി അവകാശമില്ല. പക്ഷേ കഴിഞ്ഞ തവണത്തെ അവാര്‍ഡ് നിര്‍ണയത്തിലും രഞ്ജിത്ത് ഇടപെട്ടതായി പരാതി ഉയര്‍ന്നിരുന്നു. അല്‍പ്പത്തമേ നിന്റെ പേരോ രഞ്ജിത്ത് , എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
ഐഎഫ്എഫ്‌കെയില്‍ കൂക്കിവിളി
രഞ്്ജിത്ത് ചെയര്‍മാനായശേഷം, നിരവധി പ്രശ്‌നങ്ങളാണ് ചലച്ചിത്ര അക്കാദമിയില്‍ ഉണ്ടായത്.. കഴിഞ്ഞ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ രാത്രി കൂളിങ്ങ്ഗ്ലാസ് വെച്ച് എത്തിയ ചലച്ചിത്ര അക്കാദമി ചെയര്‍മാനെയും, അയാള്‍ക്കെതിരെ കൂവുന്ന ജനത്തെയുമാണ് കണ്ടത്. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി ടീമിന്റെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാന്‍ കാണികളെ പ്രേരിപ്പിച്ചത്. നേരത്തെ റിസര്‍വ് ചെയ്തവര്‍ക്ക് സീറ്റ് കിട്ടാതെ തീയേറ്ററില്‍ മറ്റുള്ളവരെ കയറ്റിയതായി ഡെലിഗേറ്റുകള്‍ ആരോപിച്ചിരുന്നു. ബഹളമുണ്ടാക്കിയതിനെ തുടർന്ന് മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇതിനെതിരേ ഫെസ്റ്റിവല്‍ ഓഫീസിനു മുന്നില്‍ ഉള്‍പ്പെടെ പ്രേക്ഷകര്‍ പ്രതിഷേധിച്ചു . സംഭവത്തില്‍ ചര്‍ച്ച നടത്താനോ റിസര്‍വേഷന്‍ പോരായ്മകള്‍ പരിഹരിക്കാനോ ചെയര്‍മാന്‍ തയ്യാറായില്ലെന്ന ആരോപണവും ഡെലിഗേറ്റുകള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സമാപന സമ്മേളനത്തിലും രഞ്ജിത്തിനെതിരേ കൂവലുയര്‍ന്നത്.

സിനിമക്കു സീറ്റ് ലഭിക്കാത്തതാണ് തനിക്ക് നേരെ ഉയര്‍ന്ന കൂവലിന്റെ കാരണമെന്ന് പറഞ്ഞ രഞ്ജിത്ത് ആ സിനിമ തീയറ്ററില്‍ വരുമ്പോള്‍ എത്ര പേര്‍ കാണുമെന്ന് നോക്കാമെന്നും പറഞ്ഞു. തന്നെ സ്വാഗതം ചെയ്തതാണോ കളിയാക്കിയതാണോ എന്ന് ചോദിച്ച് കൊണ്ടാണ് രഞ്ജിത്ത് പ്രസംഗം ആരംഭിച്ചത്. ” ഞാൻ സംസാരിക്കുമ്പോള്‍ ഒരു വിഭാഗം കൂവാന്‍ പദ്ധതിയിട്ടിട്ടുണ്ട് എന്ന് സുഹൃത്തായ മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. കൂവിത്തെളിയുന്നത് നല്ല കാര്യമാണ് എന്നാണ് മറുപടി പറഞ്ഞത്. എന്നെ കൂവിത്തോല്‍പിക്കാനാവില്ല. 1977 ല്‍ എസ്എഫ്ഐയിലൂടെ തുടങ്ങിയതാണ് ജീവിതം. അതു കൊണ്ട് കൂവി പരാജയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട ” ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിറ്റേന്ന് ന്യുസ് 18 ചാനലിന് കൊടുത്ത അഭിമുഖത്തില്‍ തന്നെ കൂവിയവരെ നായ്ക്കളോടാണ് രഞ്ജിത്ത് ഉമിച്ചത്. ”കൂവി വിളിച്ചതിനെ വലുതാക്കേണ്ട. ആരോ എന്തോ ബഹളമുണ്ടാക്കി. അതില്‍ വലിയ കാര്യമില്ല. വയനാട്ടില്‍ എനിക്കൊരു വീടുണ്ട്. വീട് നോക്കുന്ന ബാലകൃഷ്ണന്‍ , നാടന്‍ നായ്ക്കളെ പോറ്റാറുണ്ട്. അവര്‍ എന്നെ കാണുമ്പോള്‍ കുരയ്ക്കാറുണ്ട്. ഞാന്‍ വീടിന്റെ ഉടമസ്ഥന്‍ ആണെന്ന യാഥാര്‍ത്ഥ്യം അറിയാതെയാണത്. എനിക്കതിനോട് ചിരിയാണ് തോന്നുന്നത്. ഈ അപശബ്ദങ്ങളെയും അത്രയേ കാണുന്നുള്ളൂ. ചില ശബ്ദങ്ങള്‍ ഉണ്ടാകും. നായ മനപ്പൂര്‍വ്വം എന്നെ ടാര്‍ജറ്റ് ചെയ്ത് കുരക്കുന്നതല്ല. വല്ലപ്പോഴും എത്തുന്ന ആള്‍ എന്ന നിലയില്‍ എന്നോട് പരിചയമില്ലായ്മ ഉണ്ടാകാം. അതുകൊണ്ട് ഞാന്‍ ആ നായയെ തല്ലി പുറത്താക്കാന്‍ ശ്രമിക്കില്ല”- രഞ്ജിത്തിന്റെ ഈ പ്രതികരണവും വലിയ വിവാദമായി.
നടി ആക്രമിക്കപ്പെട്ട കേസുണ്ടായപ്പോൾ ദീലീപിനെ ജയിലില്‍ പോയി കണ്ട രഞ്ജിത്ത് പിന്നീട് നടിക്കൊപ്പമാണെന്ന് പറഞ്ഞതും വിവാദമായി. രഞ്ജിത്ത് കോഴിക്കോട്ട് നിന്നു നിയമസഭാ സീറ്റില്‍ മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. . ദേവാസൂരവും, നന്ദനവും പോലുള്ള ചിത്രങ്ങളിലുടെ സംഘപരിവാര്‍ അനുഭാവിയെന്നും പ്രചാരം ഉണ്ടായി. രഞ്ജിത്ത് ഒരു കാലത്ത് ഇടതു നിരൂപകരാല്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനുശേഷമാണ് ഇടതുപക്ഷത്തിന്റെ നോമിനിയായി അക്കാദമി ചെയര്‍മാന്‍ ആവുന്നത്.