We Talk

 ചാരം മൂടിയ കനലുകള്‍ ജയരാജന്‍ ഊതി  കത്തിക്കരുത്‌

നിയമസഭാ സ്‌പീക്കർ എ എൻ ഷംസീറിന്റെ വിവാദ പ്രസംഗവും  യുവമോർച്ചയുടെ ഭാഗത്തു നിന്നുയർന്ന ഭീഷണിയും അതേറ്റു പിടിച്ചു കണ്ണൂരിൽ വീണ്ടും ചെന്താരകം ആകാനുള്ള പി ജയരാജന്റെ നീക്കവും പൊടുന്നനെ സംസ്ഥാനത്തെ സാമൂഹിക-  രാഷ്ട്രീയ  അന്തരീക്ഷത്തിൽ  അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. തെരുവിൽ കൊലവിളി പ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ വർഗീയ പ്രചാരണങ്ങളും കൊടുമ്പിരിക്കൊള്ളുന്നു. ഇതിനിടയിൽ പി ജയരാജന്റെ പോലീസ് സംരക്ഷണം വർധിപ്പിച്ചതാണ് സർക്കാർ ഭാഗത്തു നിന്നുണ്ടായ ഏക നടപടി. 

ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രസംഗം ആയിരുന്നില്ല സ്പീക്കർ ഷംസീറിന്റേതെന്നു പൊതുവിൽ ആക്ഷേപമുണ്ട്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പരിപാടിയിൽ സംസാരിക്കവെ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു എന്നാണ് ഷംസീറിനെതിരെ ഉയർന്ന ആരോപണം. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് പകരം മിത്തുകൾ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ ഷംസീർ അതിനു ഉദാഹരണമായി പരാമർശിച്ചത് പുഷ്പക വിമാനവും ഗണപതിയുമാണ്. ഗണപതിയുടെ മുഖത്തെ പ്ലാസ്റ്റിക് സർജറിയുമായി താരതമ്യപ്പെടുത്തി  ഷംസീർ അവഹേളിച്ചുവെന്നാണ് സംഘപരിവാറിന്റെ പ്രധാന ആരോപണം. ഷംസീറിന്റെ തലശ്ശേരിയിലെ എം എൽ എ ഓഫിസിലേക്കു നടത്തിയ പ്രതിഷേധ  പ്രകടനം ഉൽഘാടനം ചെയ്ത  യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ,  ജോസഫ് മാഷിന്റെ കൈ വെട്ടിയ അനുഭവം ഓർമിപ്പിച്ചത് ഭീഷണിയുടെ സ്വരത്തിലായിരുന്നു. ഷംസീറിനെതിരെ കൈ നീണ്ടാൽ  യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലാണെന്ന പി ജയരാജന്റെ തിരിച്ചടി പ്രസംഗം എരിതീയിൽ എണ്ണയൊഴിക്കുന്നതായി. പി ജയരാജന്റേതു പ്രാസം ഒപ്പിച്ചുള്ള പ്രസംഗമാണെന്നു എൽ ഡി എഫ് കൺവീനർ ഇ  പി ജയരാജന്റെ  ന്യായീകരണവും പിറകെ വന്നു.. ഒരു തിരുവോണ ദിനത്തിൽ ജയരാജന് നേരെ നടന്ന ആക്രമണം ഓർമിപ്പിച്ചു ഫേസ്‌ബുക്കിൽ പൂക്കളം ഇട്ടു  ബിജെപിയുടെ സന്ദീപ് വാര്യർ മുറിവിൽ ഉപ്പു തേക്കാനുള്ള   ശ്രമവും  നടത്തി. .ചുരുക്കത്തിൽ ഒരു തീപ്പൊരി കണ്ടാൽ  അതു കെടുത്താൻ ശ്രമിക്കാതെ ഊതിക്കത്തിക്കാനുള്ള ശ്രമമാണ് ഇവരിൽ നിന്നെല്ലാം  ഉണ്ടായത്. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് സിപിഎം മാറ്റി മൂലയ്ക്കിരുത്തിയ പി ജയരാജനും പാർട്ടി വക്താവ് സ്ഥാനത്തു നിന്ന്  ബിജെപി ഒഴിവാക്കിയ  സന്ദീപ് വാര്യരും കിട്ടിയ അവസരം മുതലാക്കി എന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. . ഇതേസമയം, പ്രകോപനപരമായ  നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാന അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് വ്യക്തമാക്കിയതോടെ  ജയരാജന്റെ  മോർച്ചറി പ്രസംഗത്തെ പാർട്ടി തള്ളുന്നു എന്ന് വ്യക്തമായി.  

മതത്തെയും ദൈവത്തെയും വിശ്വാസത്തെയുമെല്ലാം പൂർണമായി നിഷേധിക്കുന്ന ശുദ്ധ  മാർക്സിസ്റ്റാണ് ഷംസീർ എങ്കിൽ അദ്ദേഹത്തിന്റെ യുക്തിപൂർവ നിലപാടായി കുന്നത്തുനാട്ടിലെ പ്രസംഗത്തെ കാണാമായിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകളിൽ   കാണുന്നത് അദ്ദേഹത്തിന്റെ വ്യത്യസ്ത സമീപനവും ഭിന്ന മുഖവുമാണ്.  സംഘപരിവാർ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നതാണെന്നു ആരോപിക്കാമെങ്കിലും  ഈ വിഡിയോകളിൽ  ഷംസീറിന്റെ ഇരട്ടത്താപ്പ് പ്രകടമാണ്. പുഷ്പക വിമാനവും ഗണപതിയും മിത്താണെന്നു പറയുന്ന ഷംസീറിനു   മലക്കുകളുടെയും മാലാഖാമാരുടെയും കാര്യം പറയുമ്പോൾ വ്യത്യസ്ത നിലപാടാണ്. അതിനാൽ, ഷംസീറിന്റേത് ശുദ്ധ  മതേതര നിലപാടായി ഉയർത്തിക്കാട്ടാൻ സിപിഎമ്മിനും പ്രയാസമാണ്. 

സിപിഎമ്മിൽ പാർശ്വവൽക്കരിക്കപ്പെട്ട നേതാവായ പി ജയരാജന്റെ മോർച്ചറി പ്രസംഗം കണ്ണൂരിലെ പി ജെ  ആർമിക്കാരിൽ വലിയ തോതിലാണ് ആവേശം  ഉണർത്തിയത്. .അതിന്റെ ആരവം സോഷ്യൽ മീഡിയയിൽ കാണാം.  സിപിഎം- ആർ എസ് എസ് സംഘർഷവും വെട്ടും കുത്തും കൊലയും പതിവായിരുന്ന കണ്ണൂരിൽ ഇതിനൊക്കെ ഒരു പരിധി വരെ ശമനം വന്നത് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ജയരാജനെ മാറ്റിയ  ശേഷമാണ് . 

വളരെ ആസൂത്രിതമായാണ് സിപിഎം ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി ഒതുക്കി മൂലക്കാക്കിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു കണ്ണൂരിലെ  സംഘർഷത്തിനും കൊലപാതക രാഷ്ട്രീയത്തിനും അറുതി വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആർ എസ് എസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഇക്കാര്യം അവർ രണ്ടുപേരും സ്ഥിരീകരിച്ചതാണ്.  സിപിഎമ്മിന്റെയും ആർ എസ് എസിന്റെയും  കേന്ദ്ര നേതൃത്വത്തിന്റെ കൂടി താല്പര്യത്തിലാണ്‌  ചർച്ച നടന്നത്. . കണ്ണൂരിൽ സംഘർഷം മൂർച്ഛിച്ച സന്ദർഭത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ അത് ബാധിക്കുമെന്ന തിരിച്ചറിവും  കേരളത്തിന് പുറത്തു പോയപ്പോൾ  മുഖ്യമന്ത്രിക്ക് അവിടെ  പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടായതുമാണ് സമാധാന ചർച്ചക്ക് സിപിഎമ്മിനേയും സർക്കാരിനെയും അന്ന്  പ്രേരിപ്പിച്ചത്. സന്യാസി വര്യനായ ശ്രീ എമ്മിനെ ഈ ചർച്ചക്ക് മധ്യസ്ഥനായി നിയോഗിച്ചത്  ആർ എസ് എസ് കേന്ദ്ര നേതൃത്വം ആണ്. പിണറായിയും കോടിയേരിയും അത് അംഗീകരിക്കുകയും ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും ചെയ്തു.   പി ജയരാജനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാതെ   അവിടെ സമാധാനം സ്ഥാപിക്കാൻ കഴിയില്ല എന്ന ഉറച്ച  നിലപാടിലായിരുന്നു ആർ എസ് എസ്.  ഒറ്റയടിക്ക് അത് നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും വൈകാതെ ചെയ്യാമെന്ന് പിണറായിയും കോടിയേരിയും ഉറപ്പു കൊടുത്തു. . തുടർന്ന് സമർത്ഥമായി അവർ അത് നടപ്പിലാക്കുകയും ചെയ്തു.

 2019 ലെ പാര്ലമെന്റ് തെരഞ്ഞടുപ്പ് വന്നപ്പോൾ  വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ  സിപിഎം സംസ്ഥാന നേതൃത്വം പി ജയരാജനെയാണ് നിർദേശിച്ചത്. ജയരാജന്  താല്പര്യകുറവ് ഉണ്ടായിരുന്നെങ്കിലും പാർട്ടി നിർദേശം അദ്ദേഹം ശിരസ്സാ വഹിച്ചു. മത്സരത്തിന്റെ മുന്നോടിയായി അദ്ദേഹത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് താത്കാലികമായി മാറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം വി ജയരാജന് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകി. ലോക്സഭാ  തെരഞ്ഞെടുപ്പിൽ കെ മുരളീധരനോട് 80000 ൽ പരം വോട്ടുകൾക്കാണ്  ജയരാജൻ തോറ്റത്.  . ജയരാജന് പുറമെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന്  മാറിനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ വി എൻ വാസവൻ അടക്കമുള്ളവർക്ക്  സ്ഥാനം തിരിച്ചു കൊടുത്തെങ്കിലും ജയരാജന് കിട്ടിയില്ല. എം വി ജയരാജന് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പൂർണ ചുമതല  നൽകുകയാണ് ചെയ്തത്.

വി എസ് – പിണറായി വിഭാഗീയതയുടെ കാലത്തു പിണറായി പക്ഷത്തു അടിയുറച്ചു നിന്ന പി ജയരാജനെതിരെ വ്യക്തിപൂജാ  ആരോപണങ്ങൾ ഉയരുകയും അതിന്മേൽ  പാർട്ടി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പി ജെ ആർമി എന്ന ഫേസ്‌ബുക്ക് പേജിലൂടെയും സംഗീത  ആൽബങ്ങളിലൂടെയും ജയരാജനെ ഉയർത്തിക്കാട്ടുന്ന  നീക്കങ്ങൾ പാർട്ടിയിൽ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി.  ഒരു ഘട്ടത്തിൽ അദ്ദേഹത്തെ  പാർട്ടിക്കുള്ളിൽ താക്കീതു ചെയ്യുകയുണ്ടായി. വ്യക്തിപൂജ വിഷയത്തിൽ ജയരാജനെ പാർട്ടി കമ്മിറ്റി കുറ്റവിമുക്തൻ ആക്കിയെങ്കിലും പദവികളൊന്നും തിരിച്ചു കൊടുത്തില്ല. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം രൂപീകരിച്ച പുതിയ പാർട്ടി സെക്രട്ടേറിയറ്റിൽ ജയരാജന് സ്ഥാനം ലഭിച്ചില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി പദത്തിലിരുന്നു  സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടം ലഭിക്കാതെ പോയ  ആദ്യത്തെ ആൾ പി ജയരാജനാണ്. ഒരു സാന്ത്വനം എന്ന നിലയിൽ മുഖ്യമന്ത്രി അദ്ദേഹത്തിന് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകിയത്‌ മാത്രമാണ് മിച്ചം.

വിവാദ പ്രസ്താവനകളിലൂടെ തന്റെ സാന്നിധ്യം അറിയിക്കാൻ  പി ജയരാജൻ ബോധപൂർവം നടത്തിയ ശ്രമമായാണ് മോർച്ചറി പ്രസംഗം വിലയിരുത്തപ്പെടുന്നത്. ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാരിയരും സമാന സ്വഭാവമുള്ള  കാർഡാണ് കളിച്ചത്.  ഏതു അവസരവും മുതലാക്കാൻ സംഘപരിവാർ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കെ , ഉത്തരവാദിത്ത ബോധമുള്ള സമീപനമല്ല പി ജയരാജന്റെ ഭാഗത്തു നിന്നുണ്ടായത്. ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴത്തെ കണ്ണൂരും ഇന്നത്തെ കണ്ണൂരും തമ്മിൽ വലിയ അന്തരമുണ്ട്. കണ്ണിന് കണ്ണും പല്ലിനു പല്ലും എന്ന രീതി മാറി അക്രമ പ്രവർത്തനങ്ങൾക്ക് വലിയ അളവിൽ കടിഞ്ഞാണിടാൻ കഴിഞ്ഞു. കണ്ണു തുറന്നു നോക്കിയാൽ ഇത് ജയരാജന് കാണാൻ കഴിയും. സിപിഎം കുടുംബങ്ങളിലും ആർ എസ് എസ്  കുടുംബങ്ങളിലും അമ്മമാരുടെയും ഭാര്യമാരുടെയും മക്കളുടെയും തേങ്ങലുകൾ ഇപ്പോൾ ഉയരാറില്ല. കണ്ണൂർ രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രസക്തി വീണ്ടെടുക്കാൻ ചാരം മൂടിക്കിടക്കുന്ന കനലുകൾ ജയരാജൻ ഊതിക്കത്തിക്കരുത് .  

Leave a Reply

Your email address will not be published. Required fields are marked *